Monday, December 23, 2024

ദൈവമായിരിക്കുക..

ട്ടോ.... പെട്ടെന്നൊരു പൊട്ടിത്തെറി.. ഈ ഭൂലോകത്തിൻ്റെ ഉല്പത്തിക്ക് കാരണമായ മഹത്തായ ബിഗ് ബാങ് അല്ലേ അത്... എന്നിലെ ദൈവം തലപൊക്കി നോക്കി, കുറെ കാലം മുന്നേ ഉണ്ടാക്കിയ ഒരു പഴഞ്ചൻ പദ്ധതി ആയിരുന്നു വിശ്വ വിഖ്യാതമായ ഈ പൊട്ടിത്തെറി, ഉം... അങ്ങനെ പ്രപഞ്ചത്തിലെ ആദ്യ ജീവനുടലെടുക്കുന്നതും കണ്ട് വെറുതെ നിന്നപ്പോഴാണ് മനസ്സിൽ ഒരു കുസൃതി തോന്നിയത്.! അങ്ങനെ ഇപ്പോ സമാധാനം വേണ്ട.. സ്പർദ്ധ ഉണ്ടക്കിയാലല്ലെ എനിക്ക് വല്ല രസവും ഉണ്ടാവൂ... കോടാനുകോടി വർഷങ്ങൾ എടുത്ത് ആദ്യത്തെ ജീവനായ മൈക്രോബ്സ് വളർച്ചപ്രാപിച്ച് ജലജീവികളും, പിന്നീട് സസ്യലതാധികളും അവയിൽ നിന്ന് ഉരുത്തിരിഞ്ഞു വേറെ പലതും, വിട്ട് മാറി കുരങ്ങുകളും അവ പെറ്റു പെരുകി ഒരു ശാഖ സാപിയൻസാകുന്നതും നോക്കി വെറുതെ സമയം കൊന്നു. യുഗങ്ങൾ പിന്നിട്ട് പാൻജിയ പാന്തലാസയിൽ നിന്ന് വിണ്ടു കീറി ഏഴു ഭൂകണ്ഡ തുണ്ടുകളായി മാറി.. കൂടെ സാപിയൻസ് പരിണമിച്ച് ഇന്നത്തെ ഹോമോസാപിയൻസ് ആയി... എൻ്റെ കഴിവുകൾ ഓർത്ത് ഞാൻ അഹങ്കരിച്ചു. ഭൂമി, അതായിരുന്നു എൻ്റെ ലക്ഷ്യം... സെക്സ്റ്റിലിയൻ അഥവാ 200 ബില്യൺ ട്രില്യൺ നക്ഷത്ര സമുച്ചങ്ങളിൽ നിന്ന് ഇത്തിരി കുഞ്ഞനായ സൂര്യൻ്റെ സംരക്ഷണ വലയത്തിൽ കിടന്നു കറങ്ങുന്ന ഒരു ധ്യൂമം... ഹാ, ഇവിടെ... ഇവിടെ മാത്രം കലഹം ഉണ്ടാക്കാം... അങ്ങനെ ചിന്തിച്ചപ്പോഴാണ് ഒരു ആശയം നുരഞ്ഞു പൊന്തിയത്, മതം. എന്നാ പിന്നെ മനുഷ്യൻ മാത്രം എന്നെ ആരാധിക്കട്ടെ.. (അവർക്ക് മാത്രമാണല്ലോ തലച്ചോറിന് വിവേചനവും ചിന്താശേഷിയും ഉളളത്) ഞാൻ ആണല്ലോ ദൈവം, ഞാൻ അടിപൊളി ആണെന്ന് എപ്പോഴും എപ്പോഴും എല്ലാവരും പറയട്ടെ.. എന്നാലല്ലേ ഒരു ആവേശം കിട്ടൂ...

Advertise

Click here for more info

മനുഷ്യൻ ഗോത്രമായി താമസിക്കുന്ന കാലം, ആഘോഷിച്ചു മുടിച്ച് എന്നെ ആരാധിക്കാൻ അവർ മറന്നു പോകുന്നുണ്ടോ..? എനിക്ക് ആധിയായി... ഇങ്ങനെ പോയാൽ എൻ്റെ അന്തസ്സും ആഭിജാത്യവും ഇടിഞ്ഞു പൊളിഞ്ഞു തലകീഴായി വീഴും, ഉള്ളതിൽ മാനസികരോഗമുള്ള, അല്ലെങ്കിൽ സ്കീസോഫ്രീനിയ ബാധിച്ച ഒരു കൂട്ടം ആളുകളെ തിരഞ്ഞെടുത്തു., പ്രവാചകന്മാർ എന്ന പേരും ചാർത്തി കൊടുത്തു.. ഹുഹുഹു... ഞാൻ കുലുങ്ങി കുലുങ്ങി ചിരിച്ചു. ഇത്രക്ക് അല്പയായ എന്നെ ആരാധിക്കാൻ വേണ്ടി ഞാൻ തന്നെ ശട്ടം കെട്ടി ഇറക്കി വിട്ട കോമാളികൾ. ഞാൻ പുരുഷനോ സ്ത്രീയോ എന്ന് പറഞ്ഞില്ല... എനിക്ക് എന്നിൽ എല്ലാ ജൻഡറും ഇരുന്നോട്ടെ..  അവന്മാർ പണി തുടങ്ങി, ആദ്യം തന്നെ മനുഷ്യൻ ആസ്വദിച്ച് വന്നിരുന്ന ലഹരി, രതി,ആഡംബരം ഇത്ത്യാധി സുഖങ്ങളോക്കെ വിലക്കി. ദിവസത്തിൻ്റെ പല ചീന്തുകളിൽ എന്നെ ആരാധിക്കാൻ നിർബന്ധിതരാക്കി. വിമുഖത കാണിക്കുന്നവരെ ഒക്കെയും കൊന്നു മുടിക്കാൻ ഉത്തരവിറക്കി.. ചിന്താ ശേഷി കുറവുള്ള പമ്പരവിഡ്ഢികളെ മരണാനന്തരം ലഭിക്കാൻ പോകുന്ന സുഖസൗകര്യങ്ങൾ പറഞ്ഞ് കൊതിപ്പിച്ചും, നിരസിച്ചാൽ കിട്ടിയേക്കാവുന്ന കൊടും ക്രൂരതകളെ പറഞ്ഞു ഭീതിതരാക്കിയും എന്നെ ആരാധിക്കാത്തവർക്ക് എതിരെ യുദ്ധം ചെയ്യുന്ന കൂലി തല്ലുകാരാക്കി മാറ്റിയുമൊക്കെ.., ഒരു പ്രത്യേകതരം  ഉന്മാദം അനുഭവിച്ചുവന്നു.. യുദ്ധത്തിൽ മരിച്ചു വീഴുന്നതും വികലാംഗർ ആവുന്നതുമായ ആയിരക്കണക്കിന് സാധു മനുഷ്യരുടെ ചുടു ചോരയുടെ രൂക്ഷഗന്ധം എന്നെ കൂടുതൽ ഉന്മാദി ആക്കി.. യുദ്ധ കാഹളങ്ങളുടെ ധ്വനി എൻ്റെ ചേവികളെ കോൾമയിർ കൊള്ളിച്ചു. വിധവകളുടെയും ബലാത്സംഗത്തിന് ഇരയാവുന്നവരുടെയും അനാഥ കുഞ്ഞുങ്ങളുടെയും ദീന രോദനം എന്നെ ഒട്ടും കുലുക്കിയില്ല, കാരണം ഞാൻ ദൈവമാകുന്നു., എൻ്റെ പ്രീതിപാത്രമാകണമെങ്കിൽ പരീക്ഷണങ്ങളെ അതിജീവിച്ചേ മതിയാവൂ., സ്വർഗ്ഗം ഞാൻ പടുത്തുയത്തിയത് അങ്ങനെ എളുപ്പത്തിൽ നേടാനല്ലല്ലോ. കൊള്ളയും കൊലയും നടത്തി എൻ്റെ പേർ ഏതു വിധേനയും ഭൂമിയിൽ ഞാൻ സ്ഥാപിച്ചെടുത്തൂ. അതിനു വേണ്ടി ഇറങ്ങി തിരിക്കുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തു അവരെ സജ്ജരാക്കി. ഇത് കൊണ്ടൊന്നും ഞാൻ സംതൃപ്ത്തനായില്ലാ., രണ്ടോ അതിലധികമോ മനുഷ്യർ ആനന്ദിക്കാൻ വിനിയോഗിക്കുന്ന ഒന്നും എനിക്ക് സഹിക്കില്ലായിരുന്നു. അങ്ങനെ ഇപ്പോ ഞാൻ അനുഭവിക്കാത്ത ഒന്നും തന്നെ ഇവരും അനുഭവിക്കേണ്ട. മദ്യവും, മയക്കുമരുന്നും, മനുഷ്യൻ്റെ ബോധം മറക്കുന്ന എല്ലാം ഞാൻ നിരോധിച്ചു. എന്നെ ആരാധിക്കേണ്ട സമയം ഒരാളും അബോധാവസ്ഥയിൽ കഴിയേണ്ടെന്ന് ഞാൻ ആജ്ഞാപിച്ചൂ.. മറ്റു ജീവജാലങ്ങൾക്കു പറഞ്ഞിട്ടുള്ള ഇണ ചേരൽ പ്രക്രിയ പ്രകൃതി വിരോധ രീതിയിലാക്കി അതായത് മനുഷ്യർ പൊതുവെ 'ബഹുസ്വരതർ' ആണ്. ആ രീതി മാറ്റി ഒരാണും പെണ്ണും വിവാഹബന്ധത്തിൽ മാത്രമേ ഇണ ചേരാവൂ എന്ന് നിബന്ധന കർശനമാക്കി, അതല്ലാത്ത എല്ലാം പാപമാക്കി.. ലൈംഗിക തൊഴിൽ ചെയ്യുന്ന ആളുകളെ പ്രത്യേകിച്ച് സ്ത്രീകളെ വേശ്യകളാക്കി അപകീർത്തി പെടുത്തി, മനുഷ്യർ മതിമറന്ന് വികാരം പങ്കു വെക്കുന്നതിനെ ഞാൻ 'വ്യഭിചാരം' എന്ന് മുദ്രകുത്തി. സ്വവർഗ്ഗാനുരാഗികളെ നികൃഷ്ട ജീവികളാക്കി., കോടാനുകോടി മനുഷ്യർ പട്ടിണി കിടന്ന് ചാവുന്നത് കണ്ടിട്ടും ഞാൻ കണ്ണ് തുറന്നില്ല, എന്നാലും ഏതെങ്കിലും ഒരു സ്ത്രീ ഭംഗിയായി ഒരുങ്ങി നടന്നാൽ അവളെ ശപിക്കാൻ മാത്രം ഞാൻ ആർത്തിപൂണ്ടു.

Advertise
Click here for more info

വല്ലാത്തൊരു തരം ഉന്മാദം ആണ് മറ്റുള്ളവരുടെ വേദനയോ, നിസ്സഹായതയോ കാണാൻ... അയ്യോ, പറഞ്ഞു വന്നപ്പോഴാണ് ഓർത്തത് ഈ 'ഉന്മാദം' എങ്ങനെ ഇരിക്കും? കള്ളുകുടിച്ച് സ്വയം മറന്നൊരു മൂളി പാട്ടും പാടി കവലയിലൂടെ ആടി നടക്കുന്ന സുഖം എങ്ങനെയിരിക്കും..? കഞ്ചാവ് വലിച്ച് 8D ൽ ട്രാക്ക് ഇട്ട് ട്രിപ്പ് ചെയ്യുന്നത് എങ്ങനെ ആവും...? മറ്റു ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് പെലഞ്ഞു നടക്കുന്നത് എങ്ങനെ ഇരിക്കും....? ഒരു സൈ പാർട്ടി ആസ്വദിക്കുന്നത് എങ്ങനെ ആവും? ഇനി ഇതൊക്കെ പോട്ടെ, വയറു നിറയെ ഭക്ഷണം കഴിച്ചു നീട്ടി ഒരു ഏമ്പക്കം വിടാനോ അധോവായൂ വിടാനോ എനിക്ക് കഴിവില്ല, കൂർക്കം വലിച്ച് കിടന്നുറങ്ങുന്ന സുഖം എന്താണെന്ന് എനിക്ക് അറിയില്ല. മഴ നനഞ്ഞ് ചൂളം വിളിച്ചു ബൈക്കിൽ പോകാൻ എനിക്ക് കഴിയില്ല, കാറോടിച്ച് ഒരു ലോങ്ങ് ഡ്രൈവ് ആസ്വദിക്കാന് ഇന്നേവരെ കഴിഞ്ഞിട്ടില്ല. കട്ടനും പഴംപൊരിയും തിന്ന് ചങ്കിൻ്റെ കൂടെ സിഗരറ്റ് ഷേയർ ചെയ്ത് വലിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനോ, സങ്കടം വരുമ്പോൾ ആർത്ത് കരയാനോ എനിക്ക് പറ്റാറില്ല... നല്ല മഴയുള്ള ദിവസങ്ങളിൽ പുതപ്പിനുള്ളിൽ കിടന്ന് സ്വയംഭോഗം ചെയ്യുന്നത് അനുഭവിച്ചിട്ടില്ല, പങ്കാളിയുമായി ചേർന്ന് നല്ലൊരു രതി മൂർച്ച ആസ്വദിച്ചിട്ടില്ല... മൂത്രമൊഴിക്കുമ്പോൾ കിട്ടുന്ന ചെറുചൂടുള്ള സുഖം എന്താണെന്ന് അറിയില്ല, വിസ്സർജ്ജിക്കുന്ന തൃപ്തി ഉണ്ടായിട്ടില്ല, എന്തിന് ഏറെ പറയുന്നു, ഋതുക്കളെയോ കാറ്റിനെയോ പുണരാൻ കഴിഞ്ഞിട്ടില്ല. എല്ലാം പോട്ടെ, ബന്ധങ്ങളുടെ ഊഷ്മളത എന്തെന്ന് അറിയില്ല, അവസാനം അന്ത്യ ശ്വാസം വലിച്ച് നിത്യസുഷുപ്തി പുൽകാൻ എനിക്ക് കഴിയില്ല, ഇത്രയൊക്കെ ക്രൂരത ചെയ്തിട്ടും, കഴിവില്ലായ്മ ഉണ്ടായിട്ടും അവർ എന്നെ കരുണാമയനേ, കാരുണ്യവാനെ എന്ന് അഭിസംബോധന ചെയ്തു, ഭയഭക്തി ബഹുമാനത്തിൽ പൊതിഞ്ഞു. എന്നാലും എനിക്ക് തോന്നി, എന്തൊരു കോമാളി ആണ് ഞാൻ, സ്വയം വലിയവനെന്ന് ചമഞ്ഞ് നടക്കുന്ന വെറും പമ്പര വിഡ്ഢി. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി... പക്ഷേ, സാധുക്കളായ ഈ മനുഷ്യർ ഉള്ളിടത്തോളം പത്രാസ്സ് കാണിച്ച് ഇങ്ങനെ ജീവിച്ച് പോകാം.. യുക്തിചിന്തകരെന്ന് സ്വയം അവകാശപ്പെടുന്ന കുറച്ച് ആളുകൾ ഉണ്ട്, ശാസ്ത്രത്തിൻ്റെ, തെളിവുകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്തു സംസാരിക്കുന്നവർ. ആ ജന്തുക്കൾ, അവരുടെ തത്വശാസ്ത്രം പറഞ്ഞു ജനങ്ങളെ ബോധവൽക്കരിച്ച് ശാസ്ത്രബോധവും മാനവികതയുമുള്ള ഒരു പുരോഗമന സമൂഹം ഉടലെടുക്കുന്നത് വരെ ബാക്കി മണ്ടന്മാരായ ജനങ്ങളെ കബളിപ്പിച്ച് ജീവിക്കാം.

click
അതുവരെയും, ഞാൻ മഹാനാവുന്നൂ, കരുണാമയയും കാരുണ്യവതിയുമായ എൻ്റെ തിരുനാമത്തിൽ കാര്യങ്ങൾ നീങ്ങട്ടെ...

മി(ദൈവം)

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.