Monday, December 23, 2024
C S Suraj / ചരിത്രപഥം / September 03, 2022

ഭഗത് സിംഗിന് വിശ്വാസികളോട് ചോദിക്കാനുള്ളത്!

ലാലാ ലജ്പത് റായിടെ മരണവുമായി ബന്ധപ്പെട്ടു കൊണ്ട് നടന്ന, സോണ്ടേഴ്സ് (Saunders) കൊലപാതക കേസിലെ വിചാരണ തടവുകാരനായി 1930 ൽ, ലാഹോർ ജയിലിൽ കഴിയുന്ന സമയത്താണ് "ഞാൻ എന്തുകൊണ്ട് നിരീശ്വരവാദിയായി?" എന്ന ലേഖനം ഭഗത് സിംഗ് എഴുതുന്നത്. ഒക്ടോബർ 4 ന് ജയിൽ നടന്നൊരു സംഭവമായിരുന്നു ഈ ലേഖനമെഴുതാൻ ഭഗത് സിംഗിനെ പ്രേരിപ്പിച്ചത്.

advertise

അതിങ്ങനെയാണ്..
ഖദർ പാർട്ടി അംഗമായിരുന്ന ബാബാ രൺധീർ സിംഗ് 1930-31 കാലയളവിൽ ലാഹോർ ജയിലിൽ തടവുകാരനായുണ്ടായിരുന്നു. അദ്ദേഹമൊരു അടിയുറച്ച ഈശ്വര വിശ്വാസിയായിരുന്നു. ഭഗത് സിംഗിന് ഈശ്വര വിശ്വാസമില്ലെന്നറിഞ്ഞ രൺധീർ സിംഗ്, ഭഗത് സിംഗുമായി ഒരു കൂടിക്കാഴ്ച്ച സംഘടിപ്പിച്ച്, ദൈവമുണ്ടെന്ന് ഭഗത് സിംഗിനെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയും ഈ ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് രോഷം കൊണ്ട രൺധീർ സിംഗ്, ഭഗത് സിംഗിനെ "നിങ്ങൾ ഇപ്പോൾ പ്രശസ്തി നേടിയതു കാരണം ഉദ്ധതനായിരിക്കുകയാണ്. നിങ്ങൾക്ക് അഹംഭാവം വർധിച്ചിരിക്കുകയാണ്. ആ അഹംഭാവം നിങ്ങൾക്കും ദൈവത്തിനും ഇടയ്ക്ക് ഒരു കറുത്ത തിരശീലയായി കിടക്കുകയാണ്" എന്ന് പറഞ്ഞ് ശകാരിക്കുകയുണ്ടായി.

ഇതിനു മറുപടിയായിട്ടാണ് 'എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി?' എന്ന ലേഖനം ഭഗത് സിംഗ് എഴുതുന്നത്. അഹങ്കാരമാണ് ഈശ്വര വിശ്വാസമില്ലായ്മ്മയുടെ അടിസ്ഥാനമെന്ന വാദത്തിലെ പൊള്ളത്തരങ്ങളെ തുറന്ന് കാണിക്കുന്നതിനോടൊപ്പം തന്നെ വിശ്വാസികളോടായി ഒട്ടനവധി ചോദ്യങ്ങൾ കൂടി ചോദിക്കുന്നുണ്ട് ഭഗത് സിംഗ് ഈ ലേഖനത്തിൽ. വിശ്വാസികളോടായി ഭഗത് സിംഗ് ചോദിച്ച ചോദ്യങ്ങളത്രയും ലളിതമായിരുന്നു. ദൈവത്തിന്റെയും മതങ്ങളുടെയും ആണി കല്ലിളക്കാൻ അവ തന്നെ ധാരാളവുമായിരുന്നു!

1. സർവ്വശക്തനും സർവ്വവ്യാപിയും സപ്രഭാവനും സർവ്വജ്ഞനും ആയ ഒരു ദൈവമാണ് ഭൂമിയെ അല്ലെങ്കിൽ ലോകത്തെ സൃഷ്ടിച്ചത് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ എന്തിനാണ് അദ്ദേഹം അതിനെ സൃഷ്ടിച്ചത് എന്ന് ദയവായി എന്നെ മനസ്സിലാക്കി തരാമോ ?

2. ദയവായി ഇതെല്ലാം അദ്ദേഹത്തിന്റെ നിയമമാണ് എന്ന് മാത്രം പറയാതിരിക്കുക. ഏതെങ്കിലും നിയമത്തിന് വിധേയനാണെങ്കിൽ അദ്ദേഹം സപ്രഭാവനല്ലല്ലോ?! അദ്ദേഹവും നമ്മെ പോലെ ഒരടിമയായിരിക്കണമല്ലോ?!

3. ഇതെല്ലാം അദ്ദേഹത്തിന്റെ ആനന്ദാനുഭൂതിയാണെന്ന് പറയാതിരിക്കുക. നീറോ ചക്രവർത്തി ഒരു റോമാ നഗരത്തെ മാത്രമേ തീവെച്ച് നശിപ്പിച്ചുള്ളു. അദ്ദേഹം വധിച്ചവരുടെ എണ്ണം പരിമിതമാണ്. അദ്ദേഹം വളരെ കുറച്ച് ദുരന്തങ്ങളെ സൃഷ്ടിച്ചുള്ളൂ. ഇതെല്ലാം അദ്ദേഹത്തിന്റെ തികഞ്ഞ ആനന്ദത്തിനു വേണ്ടിയായിരുന്നു. എന്നിട്ട്, ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം എവിടെയാണ്?!

4. ഒരു ചെങ്കിസ്ഖാൻ തന്റെ സുഖജീവിതം ഭദ്രമാക്കാൻ വേണ്ടി ആയിരക്കണക്കിനാളുകളെ കൊല ചെയ്തു. ആ പേര് തന്നെ നമ്മിൽ അങ്ങേയറ്റം വെറുപ്പ് ഉണ്ടാക്കുന്നു. അപ്പോൾ പിന്നെ നിങ്ങളുടെ നീറോ ആയ സർവ്വശക്തനെ, ആ ചിരഞ്ജീവിയെ എങ്ങനെയാണ് ന്യായീകരിക്കുക?!

5. ദിവസംതോറും മണിക്കൂറുതോറും നിമിഷംതോറും എണ്ണിയാലൊടുങ്ങാത്ത ദുരന്തങ്ങൾ സൃഷ്ടിക്കുകയും, ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആളല്ലേ അദ്ദേഹം?! ഓരോ നിമിഷത്തിലേയും പ്രവർത്തിയിൽ ചെങ്കിസ്ഖാനെ കടത്തിവെട്ടി കൊണ്ടിരിക്കുകയല്ലേ?! ഒരു യഥാർത്ഥ നരകമായ ഈ ലോകം സൃഷ്ടിച്ചതെന്തിനാണ്?! സൃഷ്ടിക്കാതിരിക്കാനും കഴിവുള്ള ആളായിരിക്കേ, അദ്ദേഹം എന്തിനാണ് മനുഷ്യനെ സൃഷ്ടിച്ചത്?!

6. നിരപരാധികളായ പീഡിതർക്ക് പിന്നീട് വരദാനം നടത്താനും തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാനുമായിരുന്നോ?! നിങ്ങളുടെ ദേഹത്ത് ബോധപൂർവ്വം പരിക്കേൽപ്പിക്കാൻ ധൈര്യപ്പെടുകയും പിന്നീട് നിങ്ങളുടെ പരിക്കുകളിന്മേൽ വളരെ മൃദുലവും ആശ്വാസകരമായ മരുന്നു പുരട്ടിതരികയും ചെയ്യുന്ന ഒരു മനുഷ്യനെ നിങ്ങൾ എത്രത്തോളം ന്യായീകരിക്കും?! അതു കൊണ്ടാണ് ഞാൻ ചോദിക്കുന്നത്, സുബോധമുള്ള പരമാത്മാവ് എന്തിനാണ് ഈ ലോകത്തെ സൃഷ്ടിക്കുകയും അതിൽ മനുഷ്യനെ സൃഷ്ടിച്ചു വസിപ്പിക്കുകയും ചെയ്യുന്നതെന്ന്‌?! ഉല്ലാസം തേടിയാണോ ഇത് ചെയ്തത്? അപ്പോൾ അദ്ദേഹവും നീറോയും തമ്മിൽ എന്താണ് വ്യത്യാസം?!

7. നിങ്ങൾ - മുഹമ്മദീയരും ക്രിസ്ത്യാനികളും ഉത്തരം പറയാൻ വേണ്ടി ഞാൻ ചോദിക്കുകയാണ്. മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് നിങ്ങൾക്ക് എന്ത് മറുപടിയാണ് പറയാനുള്ളത്? നിങ്ങൾ മുൻജന്മം എന്ന സങ്കൽപത്തിൽ വിശ്വസിക്കുന്നവരല്ലല്ലോ?! ഹിന്ദുക്കളാണെങ്കിൽ മറ്റൊരു വാദവുമായി പിന്നെയും ശങ്കിച്ചു നിൽക്കും!

8. സർവ്വശക്തൻ തന്റെ അരുൾപ്പാടിലൂടെ ഈ ലോകം സൃഷ്ടിക്കാൻ വേണ്ടി ആറു ദിവസം അധ്വാനിച്ചത് എന്തുകൊണ്ടാണ്?! സൃഷ്ടിക്കു ശേഷം ഓരോ ദിവസവും "സർവ്വം മംഗളം" എന്ന് അരുളി ചെയ്യാൻ വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നത് എന്തിനാണ്?! ഇന്ന് നിങ്ങൾ അദ്ദേഹത്തെ ഒന്ന് വിളിച്ചു വരുത്തി മുൻകാല ചരിത്രം കാണിച്ചു കൊടുക്കുകയും നിലവിലുള്ള പരിതസ്ഥിതികളെ കുറിച്ച് പഠിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുമോ? അത് കഴിഞ്ഞാൽ പിന്നെയും "സർവ്വം മംഗളം" എന്ന് പറയാൻ പറ്റുമോ എന്ന് നമുക്ക് നോക്കാം.

9. ഹിന്ദുക്കൾ പറയുന്നത് ഇപ്പോൾ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നവരെല്ലാം മുൻജന്മത്തിൽ പാപികളായിരുന്നുവെന്നല്ലേ?! നിങ്ങൾ പറയുന്നത് ഇപ്പോൾ മർദ്ദകരായിരിക്കുന്നവരെല്ലാം മുൻജന്മത്തിൽ ദിവ്യന്മാരായിരുന്നുവെന്നല്ലേ?! ഏറ്റവും പ്രശസ്തരായ നിയമശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ തെറ്റു ചെയ്തവർക്കെതിരെ ശിക്ഷ ചുമത്തുന്നത് മൂന്നോ നാലോ ഉദ്ദേശങ്ങൾക്കു വേണ്ടിയായാൽ മാത്രമേ നീതീകരിക്കാനാവുകയുള്ളൂ. ആ ഉദ്ദേശങ്ങൾ ഇവയാണ് ; പകരം വീട്ടൽ, ദുർഗുണപരിഹാരം, ശിക്ഷ കിട്ടുമെന്ന ഭയം ഉളവാക്കി തടയുക. "പകരം വീട്ടൽ" എന്ന തത്വത്തെ പുരോഗമനവാദികളായ ചിന്തകരെല്ലാം ഇപ്പോൾ അപലപിക്കുന്നുണ്ട്. അത് പോലെ "ഭയപ്പെടുത്തി തടയുക" എന്ന തത്വത്തിന്റെ കാര്യത്തിലും സ്ഥിതി അതു തന്നെയാണ്. "ദുർഗുണപരിഹാരം" എന്ന തത്വം മാത്രമാണ് മനുഷ്യപുരോഗതിക്ക് അത്യന്താപേക്ഷിതവും ഒഴിച്ചുകൂടാനാവാത്തതുമായി അംഗീകരിക്കപ്പെടുന്നത്. അത് കുറ്റവാളിയെ ഏറ്റവും പ്രാപ്തനും സമാധാനപ്രേമിയും ആയ ഒരു പൗരനാക്കി സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ്. മനുഷ്യർ കുറ്റവാളികളാണെന്ന് കരുതിയാൽ പോലും അവരുടെ മേൽ ദൈവം ചുമത്തുന്ന ശിക്ഷയുടെ സ്വഭാവമെന്താണ്?

advertise

അവരെ അടുത്ത ജന്മത്തിൽ ഒരു പശുവോ പൂച്ചയോ വൃക്ഷമോ ചെടിയോ ജന്തുവോ ആയി തിരിച്ചയക്കാനാണ് ദൈവം നിശ്ചയിച്ചിരിക്കുന്നതെന്ന് നിങ്ങൾ പറഞ്ഞേക്കാം. ഈ ശിക്ഷകൾ മനുഷ്യനിൽ ദുർഗുണപരിഹാരമായ എന്തു ഫലമാണുളവാക്കുന്നത്?! മുൻജന്മത്തിൽ കഴുതയായി ജനിച്ചത് അതിനുമുൻപ് പാപം ചെയ്തതിന്റെ ഫലമായിട്ടാണെന്ന് പറഞ്ഞു കൊണ്ട് എത്ര പേർ നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ട്?! ഈ ലോകത്ത് ഏറ്റവും വലിയ പാപം ദരിദ്രരായി കഴിയുക എന്നതാണെന്ന് നിങ്ങൾക്കറിയാമോ?! ദാരിദ്രം പാപമാണ്, അതൊരു ശിക്ഷയാണ്. കുറ്റങ്ങളെ കുറിച്ചുള്ള ശാസ്ത്രത്തിൽ പണ്ഡിതനായ ഒരാളോ നിയമശാസ്ത്ര പണ്ഡിതനോ നിയമ നിർമ്മാതാവോ ഇനിയും കൂടുതൽ ശിക്ഷ കിട്ടാൻ മനുഷ്യനെ നിർബന്ധിക്കുന്ന തരത്തിലുള്ള ശിക്ഷാനടപടികൾ നിർദ്ദേശിച്ചാൽ നിങ്ങളത് എത്രത്തോളം മാനിക്കും? നിങ്ങളുടെ ദൈവം ഇതൊന്നും ചിന്തിച്ചിരുന്നില്ലേ?!

10. ഏതെങ്കിലുമൊരാൾ പാപമോ കുറ്റകൃത്യമോ ചെയ്യാൻ മുതിരുമ്പോൾ നിങ്ങളുടെ സർവശക്തനായ ദൈവം അയാളെ അതിൽ നിന്ന് തടയാത്തത് എന്തു കൊണ്ടാണ്? അദ്ദേഹത്തിന് വളരെ എളുപ്പമത് ചെയ്യാമല്ലോ?!

11. യുദ്ധകുതുകികളായ ഭരണാധികാരികളെ അദ്ദേഹം കൊല്ലാത്തതെന്തു കൊണ്ടാണ്? അല്ലെങ്കിൽ അവരുടെ യുദ്ധഭ്രാന്തെങ്കിലും നശിപ്പിക്കാത്തത് എന്തുകൊണ്ടാണ്? അങ്ങനെയായിരുന്നെങ്കിൽ മഹായുദ്ധത്തിന്റെ വിപത്ത് മനുഷ്യരാശിയുടെ തലയിലേക്കെറിയപ്പെട്ടത് ഒഴിവാക്കാമായിരുന്നില്ലേ?!

12. ബ്രിട്ടീഷ് ജനതയുടെ മനസ്സിൽ ഇന്ത്യയുടെ മോചനത്തിന് അനുകൂലമായ വികാരം അദ്ദേഹത്തിന് ജനിപ്പിക്കാമായിരുന്നില്ലേ?! ഒരു രാഷ്ട്രത്തിനെ മറ്റൊരു രാഷ്ട്രം നിഷ്ഠൂരമായി ചൂഷണം ചെയ്യുന്ന പാപകൃത്യമാണ് ബ്രിട്ടീഷുകാർ ചെയ്യുന്നത്. അപ്പോൾ ദൈവം എവിടെപ്പോയി?! അദ്ദേഹം എന്തു ചെയ്യുന്നു? മനുഷ്യരാശി അനുഭവിക്കുന്ന ദുരിതങ്ങളെല്ലാം കണ്ട് അദ്ദേഹം ആഹ്ലാദിച്ചു കഴിയുകയാണോ?!

ഇത്തരം നിരവധി ചോദ്യങ്ങളുടെയൊരു സമാഹാരമാണ് ഭഗത് സിംഗിന്റെ "എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി?" എന്ന ലേഖനം. ചോദ്യങ്ങളെല്ലാം സരളമാണ്. ഉത്തരങ്ങളെല്ലാം ദൈവത്തിന്റെയും മതങ്ങളുടെയും അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നതും!

വിശ്വാസികളോടുള്ള ചോദ്യങ്ങൾ മാത്രമല്ല, ലോകത്തിന്റെയും മനുഷ്യന്റെയും ഉല്പത്തിയെ ചാൾസ് ഡാർവിൻ മുന്നോട്ടു വെച്ച പരിണാമസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ചെറുതായി വിവരിക്കുകയും, ഒരു ശിശു ജനിക്കുമ്പോൾ തന്നെ അന്ധനും മുടന്തനുമൊക്കെയായി പോകുന്നത് മുജ്ജന്മത്തിലെ പാപകർമ്മങ്ങൾ കൊണ്ടല്ലേ എന്ന ചോദ്യത്തിന് ശാസ്ത്രീയമായ ഉത്തരം നൽകുകയും, "ദൈവം ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് മനുഷ്യൻ അദ്ദേഹത്തിൽ വിശ്വാസം അർപ്പിക്കാൻ തുടങ്ങുന്നത്?" എന്ന വിശ്വാസികളുടെ എക്കാലത്തെയും ചോദ്യത്തിന് "അവർ ഭൂതങ്ങളെ കുറിച്ചും പ്രേതങ്ങളെ കുറിച്ചും മറ്റും വിശ്വസിച്ചു തുടങ്ങിയത് എങ്ങനെയാണോ അതുപോലെ തന്നെ" എന്ന് വ്യക്തവും ഹ്രസ്വവുമായ ഉത്തരമുൾപ്പെടെ നൽകുകയും ചെയ്യുന്നതാണ്, സാങ്കേതികവിദ്യ ഇത്രകണ്ട് വികസിച്ചിട്ടില്ലാത്ത, വിവരങ്ങൾ പരിമിതമായ അളവിൽ മാത്രം ലഭ്യമായിരുന്ന ഒരു കാലഘട്ടത്തിൽ, കേവലം തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ഇന്ത്യയിലെ ഒരു ചെറുപ്പക്കാരൻ എഴുതിയ "എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി?" എന്ന ലേഖനം.

ഇതുതന്നെയാണ് ഭഗത് സിംഗിനെ ഭഗത് സിംഗ് ആക്കുന്നതും, ചരിത്രത്തിലെ തന്നെ ഏറ്റവും ശോഭയുള്ള യുവത്വമായി നിലനിർത്തുന്നതും! ഭഗത് സിംഗ് കൊല്ലപ്പെട്ടിട്ട് ഏതാണ്ടൊരു നൂറ്റാണ്ടിനോടടുത്തായി. എന്നിട്ടിന്ന് വരെയായിട്ടും അദ്ദേഹം ചോദിച്ചു പോയ ചോദ്യങ്ങൾ മൃത്യുവിലേക്കാണ്ട് പോവുകയോ, ഏതെങ്കിലുമൊരു വിശ്വാസിക്ക് വസ്തുതകളുടെ അടിസ്ഥാനത്തിൽ ഇവയ്ക്കെല്ലാം ഉത്തരങ്ങൾ നൽകാനാവുകയോ കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇത്തരം ചോദ്യങ്ങൾ തന്നെ ആയിരക്കണക്കിന് നിരീശ്വരവാദികളെ ഇന്നും സൃഷ്ടിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു! അതങ്ങനെയാണ്, വസ്തുതകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ചോദ്യങ്ങൾക്ക് മരണമുണ്ടാവുകയില്ല. വസ്തുതകൾ കൊണ്ടല്ലാതെ നിലനിൽക്കുന്നവയെ അവ നിരന്തരം നിലം പരിശാക്കി കൊണ്ടിരിക്കുകയും ചെയ്യും!

profile

C S Suraj

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.