Monday, December 23, 2024

മതനിന്ദ കുറ്റമോ! അതോ അവകാശമോ?

ജനാധിപത്യ മൂല്യങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വളരെയധികം ഊന്നല്‍ കൊടുക്കുന്ന ഒരു ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന. വിമര്‍ശനങ്ങളെ അതേ അര്‍ത്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളുന്നുമുണ്ട്. പോരാത്തതിന് സെക്കുലറും! അത്തരമൊരു രാജ്യത്തിന് ഇന്നും എങ്ങനെയാണ് മതനിന്ദയെ കുറ്റകരമായി കാണാനാവുക ?. കണക്കുകള്‍ പ്രകാരം ഏതാണ്ട് എഴുപതിലധികം ലോക രാജ്യങ്ങള്‍ മതനിന്ദയെ കുറ്റമായി പ്രഖ്യാപിച്ചിട്ടുള്ളവയാണ്. നമ്മുടെ രാജ്യമായ ഇന്ത്യയും ഇക്കൂട്ടത്തില്‍പ്പെടുന്ന ഒരു രാജ്യമാണ്. മതനിന്ദയ്ക്ക് ഇന്ത്യയില്‍ പരമാവധി നല്‍കുന്നത് തടവു ശിക്ഷയാണെങ്കില്‍ ഇതേ കുറ്റം ചുമത്തി വധശിക്ഷ വരെ നല്‍കുന്ന രാജ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.

advertise

ഹ്യൂമനിസ്റ്റ്‌സ് ഇന്റര്‍നാഷണലിന്റെ 2019 തിലെ ‘ഫ്രീഡം ഓഫ് തോട്ട് റിപ്പോര്‍ട്ട്’ പ്രകാരം മേല്പറഞ്ഞ രാജ്യങ്ങളിലെ ഏതാണ്ട് ആറോളം രാജ്യങ്ങള്‍ ഇപ്പോഴും മതനിന്ദയ്ക്ക് വധശിക്ഷ നല്‍കുന്നവയാണ്. നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനും ഇറാനുമൊക്കെ ഇതിലുള്‍പ്പെടും. മതനിന്ദ മാത്രമല്ല, സ്വയമൊരാള്‍ മതം വിടുന്നത് പോലും കുറ്റമായി കാണുന്ന രാജ്യങ്ങളും ഈ ലോകത്തുണ്ട്. ഇവയില്‍ ഏതാണ്ട് പന്ത്രണ്ടോളം രാജ്യങ്ങള്‍ നിരീശ്വരവാദം പ്രകടിപ്പിക്കുന്നതിന് വധശിക്ഷ വരെ നല്‍കുന്നവയുമാണ്! മതനിന്ദയും, അത് നടത്തിയവരെ ശിക്ഷിക്കുന്നതുമൊക്കെ മതങ്ങള്‍ക്ക് കൃത്യമായൊരു ചട്ടക്കൂടും ആധിപത്യവുമൊക്കെ ലഭിക്കുന്ന സമയം മുതല്‍ക്ക് തന്നെ സമൂഹത്തില്‍ നിലനിന്നിരുന്ന ഒന്നാണ്. മതങ്ങളുടെ സ്വഭാവം വച്ച് നോക്കുമ്പോള്‍ ഇതിലിത്ര അത്ഭുതപ്പെടാനോ ചിന്തിക്കാനോ ആയി യാതൊന്നുമില്ല. എന്നാലത് എപ്പോഴായിരുന്നു, എന്തിനായിരുന്നു ആധുനിക രാജ്യങ്ങളുടെ ഭാഗമാവാന്‍ കൂടി തുടങ്ങിയത് എന്ന കാര്യത്തില്‍ മാത്രമേ നമുക്ക് തല പുകയ്‌ക്കേണ്ടതായിട്ടുള്ളൂ.

ആധുനിക രാജ്യങ്ങളുടെ ആവിര്‍ഭാവ പ്രക്രിയയില്‍ ഏറ്റവും പ്രധാനപ്പെട്ടൊരു ഏടാണ് രാജ്യവും മതവും വിഭിന്നമാണെന്ന ആശയത്തിന്റെ കടന്നു വരവ്. ഇതിന് മുന്‍പ് വരെ ഇന്ന് നമ്മള്‍ കാണുന്ന സെക്കുലര്‍ രാജ്യങ്ങളിലുള്‍പ്പെടെ പള്ളിയും പട്ടക്കാരും തന്നെയാണ് രാജ്യത്തിന്റെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. മതം തന്നെയാണ് രാജ്യം, മത സ്ഥാപനങ്ങള്‍ തന്നെയാണ് രാജ്യം ഭരിക്കേണ്ടത് എന്ന പൊതുബോധമായിരുന്നു അന്നുണ്ടായിരുന്നത്. ഇക്കാലഘട്ടത്തില്‍ മതത്തിനെതിരെ ഉയരുന്ന എന്തും, രാജ്യത്തിനെതിരെ കൂടി ഉയരുന്ന ഒന്നായിട്ടായിരുന്നു കരുതിയിരുന്നത്. അങ്ങനെയാണ് മതനിന്ദയെന്നുള്ളത് രാജ്യത്തിനെതിരെയുള്ള, രാജ്യം കൂടി ഇടപെടേണ്ടതായിട്ടുള്ള ഒന്നായി മാറുന്നത്. മതനിന്ദയെ നിയമപരമായി തന്നെ കുറ്റകരമാക്കാന്‍ വേണ്ടി മുന്‍കൈ എടുത്തവരാണ്, സ്റ്റേറ്റിന്റെ കാര്യങ്ങളില്‍ വളരെ വലിയ സ്വാധീനമുണ്ടായിരുന്ന ക്രിസ്ത്യന്‍ സമൂഹങ്ങള്‍. ഇതിന്റെ പ്രതിഫലനം ക്രിസ്തീയ ഭൂരിപക്ഷമുള്ള ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളിലും, ഇവരുടെ കീഴിലുണ്ടായിരുന്ന ഇന്ത്യ പോലുള്ള കോളനി രാജ്യങ്ങളിലും നിയമങ്ങളുടെ രൂപത്തില്‍ പ്രതിഫലിക്കുകയുണ്ടായി. 1860 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ പീനല്‍ കോഡില്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ നമുക്ക് ഇപ്പോഴും കാണാന്‍ കഴിയും. ബ്രിട്ടന്‍ ഇതെല്ലാം എന്നേ എടുത്തു കളഞ്ഞു എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ കോമഡി!.

advertise

മതനിന്ദയോട് ഇസ്ലാം പോലുള്ള മതങ്ങളുടെയും, അവരുടെ രാജ്യങ്ങളുടെയും നിലപാടുകള്‍ എന്താണെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ! നിര്‍വചിക്കാന്‍ വളരെയധികം പ്രയാസമുള്ള ഒന്നാണ് മതനിന്ദ. മതനിന്ദയ്ക്ക് കൃത്യമായൊരു അതിര്‍ വരമ്പൊട്ട് ഇല്ലതാനും!, ഒരു മതവിശ്വാസിക്ക് തങ്ങളെ അപമാനിച്ചുവെന്ന് തോന്നുന്നതെല്ലാം മതനിന്ദയാണ്. അതിനി അവന്റെ തന്നെ പുസ്തകത്തില്‍ നിന്നും എടുത്തു പറഞ്ഞതായാലും ശരി, മതത്തിനെതിരെ കേവലമൊരു വിമര്‍ശനമുന്നയിച്ചതായാലും ശരി! മതവിശ്വാസിക്ക് നിന്ദയായി തോന്നിയാല്‍ അതെല്ലാം മതനിന്ദ തന്നെ!.

ജനാധിപത്യ സ്വഭാവവും, അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെയാണ് ഒരാധുനിക സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. ഒന്നും വിമര്‍ശനാതീതമല്ല അവിടെ. എന്നാല്‍ മതനിന്ദ കുറ്റകരമാക്കുന്നതിലൂടെ പറയുന്നതെന്താ? മതത്തെ മാത്രം വിമര്‍ശിക്കരുതെന്ന്! അത്തരമൊരു നിയമം എങ്ങനെയാണൊരു ആധുനിക സമൂഹത്തിന് വഴി വെക്കുക?! ജനാധിപത്യ മൂല്യങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വളരെയധികം ഊന്നല്‍ കൊടുക്കുന്ന ഒരു ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന. വിമര്‍ശനങ്ങളെ അതേ അര്‍ത്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളുന്നുമുണ്ട്. പോരാത്തതിന് സെക്കുലറും! അത്തരമൊരു രാജ്യത്തിന് ഇന്നും എങ്ങനെയാണ് മതനിന്ദയെ കുറ്റകരമായി കാണാനാവുക?.

മതനിന്ദ മതത്തിന്റെ പ്രശ്‌നമാണ്, മതവിശ്വാസിയുടെ പ്രശ്‌നമാണ്. അതെങ്ങനെയാണ് മതത്തെ രാജ്യത്തിന്റെ കാര്യങ്ങളില്‍ നിന്നും വെട്ടിമാറ്റിയ ഒരു സെക്കുലര്‍ രാജ്യത്ത് കുറ്റകരമാവുക? രാജ്യത്തിനെതിരെയുള്ള കടന്നാക്രമണമായി പരിഗണിക്കാനാവുക?. അതല്ല, ഇന്ത്യ പോലെ മതത്തില്‍ ആറാടി നില്‍ക്കുന്നൊരു രാജ്യത്ത് മതനിന്ദയൊക്കെ അനുവദിച്ചു കൊടുത്താല്‍ ഇവിടെ ചോര പുഴയൊഴുകും, അതുകൊണ്ടാണത് നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പറഞ്ഞാല്‍, സത്യത്തില്‍ നിങ്ങളും ഇതിലൂടെ മതനിന്ദ നടത്തുകയല്ലേ ചെയ്യുന്നത്? മതനിന്ദ അനുവദിച്ചാല്‍ ചോര പുഴ ഒഴുകും പോലും! അപ്പോള്‍ അത്രത്തോളം വന്യവും ക്രൂരവുമാണീ മതങ്ങളെന്നും മതവിശ്വാസവുമെന്നര്‍ത്ഥം! ഇതിനേക്കാള്‍ വലിയ മതനിന്ദ മറ്റൊന്നുണ്ടോ?!

വര്‍ത്തമാന കാലഘട്ടത്തില്‍ മതനിന്ദ ഒരിക്കലും നിരീശ്വരവാദികള്‍ക്കോ സ്വതന്ത്ര ചിന്തകര്‍ക്കോ എതിരെയുള്ളൊരു ആയുധമല്ല. മതനിന്ദ എടുത്ത് കളഞ്ഞാല്‍ മതങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടാകാന്‍ പോകുന്നത് ഇപ്പറഞ്ഞ നിരീശ്വരവാദികളില്‍ നിന്നോ സ്വതന്ത്ര ചിന്തകരില്‍ നിന്നോ ആയിരിക്കില്ല താനും. "എനിക്ക് എന്റെ മതം, നിനക്ക് നിന്റെ മതം" എന്നൊക്കെ പറഞ്ഞ് മറ്റുള്ളവര്‍ക്കു മുന്നില്‍ കെട്ടിപ്പിടിച്ചും വാരി പുണര്‍ന്നും നടക്കുന്ന ആളുകളുടെയും അവരുടെ മതങ്ങളുടെയും തനി നിറമായിരിക്കും അപ്പോള്‍ പുറത്ത് വരുക. ഇതൊക്കെ മനസ്സിലാക്കി കൊണ്ട് തന്നെയാണ്, കാര്യമായ വിമര്‍ശനങ്ങളോ, എന്തിന് ചെറിയൊരു ആക്ഷേപഹാസ്യമോ കേള്‍ക്കുമ്പോഴേക്കും വ്രണപ്പെടുന്ന മതങ്ങള്‍ ഇത്ര കണ്ട് മതനിന്ദയെ എതിര്‍ക്കുന്നത്. അതിന് സ്റ്റേറ്റ് കൂടി കൂട്ടു നില്‍ക്കുന്നതാണ് ഏറ്റവും വലിയ ക്രൂരത!

advertise

ഹേറ്റ് സ്പീച്ചും, വര്‍ഗീയതയും, മത വിമര്‍ശനവുമൊക്കെ ഒന്നാണ് എന്ന് വിചാരിച്ചു വെച്ചു കൊണ്ട് മതനിന്ദയെ എതിര്‍ക്കുന്ന ചില നിഷ്‌കളങ്കരുണ്ട്. ഇതൊക്കെ തമ്മില്‍ വ്യത്യാസമുണ്ടെന്ന കാര്യവും, ഇവയ്ക്കൊക്കെ വ്യത്യസ്ത നിയമങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്ന കാര്യവും ഇക്കൂട്ടരെ ഓര്‍മിപ്പിക്കുന്നു.വിമര്‍ശിക്കേണ്ടവയെ വിമര്‍ശിക്കാനുള്ള എല്ലാ വിധ അവകാശവും നമുക്കുണ്ട്. മുന്നില്‍ നില്‍ക്കുന്നത് മതമായത് കൊണ്ട് മാത്രം യാതൊരു വിധ ഇളവും ഇക്കാര്യത്തില്‍ കൊടുക്കേണ്ടതില്ല. കൊടുക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ തന്നെ പോയി പണി നോക്കാന്‍ പറയാന്‍ മടിക്കുകയും വേണ്ട. മത വിമര്‍ശനങ്ങള്‍ മതനിന്ദയാണെന്നും ആ മതനിന്ദ ആരുമിവിടെ നടത്തരുതെന്നും കല്‍പ്പിച്ചാല്‍, ആരുടെയും ഔദാര്യമൊന്നുമല്ല വിമര്‍ശിക്കുവാനുള്ള സ്വാതന്ത്ര്യം അത്, പൗരന്മാരുടെ അവകാശം തന്നെയാണെന്ന് പറയാനും മടിക്കേണ്ട!മത വിമര്‍ശനം ഇനിയും തുടരും. മതനിന്ദയെന്ന ഓമനപ്പേരില്‍ അതറിയപ്പെടുകയും ചെയ്യും. ശരിയാണ്, നിന്ദിക്കുക തന്നെയാണ് ചെയ്യുന്നത്. അല്ലെങ്കിലും നിന്ദിക്കാതിരിക്കാന്‍ മാത്രം യോഗ്യതയുള്ള ഒന്നല്ലല്ലോ ഈ മതങ്ങള്‍!

profile

C S Suraj

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.