Monday, December 23, 2024
C S Suraj / അവലോകനം / August 30, 2022

എന്താണ് ബലാത്സംഗം?

ഒരു വ്യക്തിയുടെ സമ്മതമില്ലാതെ, അയാളുമായി ലൈംഗീക സമ്പര്‍ക്കത്തില്‍ (Sexual intercourse) ഏര്‍പ്പെടുന്നതാണ് ബലാത്സംഗമെന്ന് ഏറ്റവും ലളിതമായി നമുക്ക് പറയാം.ലൈംഗീക അതിക്രമങ്ങളും ബലാത്സംഗത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. ബലം പ്രയോഗിച്ചോ മറ്റോ, ഒരു വ്യക്തിയെ കീഴ്‌പ്പെടുത്തി അയാളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുക, തെറ്റിദ്ധരിപ്പിച്ചു കൊണ്ടോ, ഭീഷണിപ്പെടുത്തി കൊണ്ടോ, പേടിപ്പിച്ചു കൊണ്ടോ, ലൈംഗീക ബന്ധത്തിലേര്‍പ്പെടുക, ബോധപൂര്‍വ്വമായി സമ്മതം നല്‍കാന്‍ കഴിയാത്ത മാനസികസ്ഥിതിയുള്ളവരെ, പ്രായപൂര്‍ത്തിയാവത്ത കുട്ടികളെ, ലൈംഗീകമായി ചൂഷണം ചെയ്യുക തുടങ്ങിയവയെല്ലാം തന്നെ ബലാത്സംഗമാണ്.

advertise

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (National Crime Records Bureau- ‘Crime in India' – 2019) റിപ്പോര്‍ട്ട് പ്രകാരം, ഓരോ 16 മിനിറ്റിലും, ഓരോ സ്ത്രീകള്‍ ഇന്ത്യയില്‍ ബലാത്സംഗത്തിനിരയാക്കപ്പെടുന്നുണ്ട്. അതായത്, ഞാനിത് എഴുതുമ്പോഴും, നിങ്ങളിത് വായിക്കുമ്പോഴും, ഇന്ത്യയുടെ ഏതെങ്കിലും കോണുകളില്‍ വെച്ച്, നിരവധി സ്ത്രീകള്‍ അതിക്രൂരമായ ലൈംഗീക പീഡനങ്ങള്‍ക്കിരകളായി കിടന്നു പിടയുന്നുണ്ടെന്ന് സാരം!ഭൂരിപക്ഷം വരുന്ന പുരുഷന്മാര്‍ ഇപ്പോഴും കരുതുന്നത്, പീഡിപ്പിക്കപ്പെടുമ്പോള്‍, അതിനിരയാക്കപ്പെടുന്ന സ്ത്രീകളും അത് വളരെയധികം ആസ്വദിക്കുന്നുണ്ടെന്നാണ്! ഇത്തരമൊരു വിഡ്ഢിത്തം ആലോചിച്ചു കൂട്ടാന്‍ പാകത്തിന് പോണ്‍ വീഡിയോകളും, ലൈംഗീകതയെ കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന മറ്റു തെറ്റിദ്ധാരണകളും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. സമ്മതമോ, ഇഷ്ട്ടമോയില്ലാതെ ഇത്തരത്തില്‍ അരങ്ങേറുന്ന ലൈംഗീക അഭിനിവേശങ്ങള്‍, അതിന്റെയിരകള്‍ക്ക് സമ്മാനിക്കുന്നത് ശാരീരികവും, മാനസികവുമായുള്ള നരക തുല്യ വേദനയാണെന്ന് ഇപ്പോഴും നമ്മള്‍ മനസ്സിലാക്കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ഒരു വ്യക്തിയുടെ ശരീരത്തിന് മുകളില്‍ മറ്റൊരാള്‍, അയാളുടെ സമ്മതമോ, ഇഷ്ട്ടമോ ഇല്ലാതെ നടത്തുന്ന കേവലമൊരു കടന്നു കയറ്റം മാത്രമല്ല ബലാത്സംഗം.ബലാത്സംഗത്തിനിരയാക്കപ്പെടുന്നവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ മാത്രമല്ലയുണ്ടാവുക. മാനസികമായി കൂടി പരിക്കേല്‍ക്കുന്ന ഒന്നാണ് ബലാത്സംഗം. കാരണം, ബലാത്സംഗമെന്നത് ഒരാളുടെ ശരീരത്തിലേക്കുള്ളൊരു കടന്നു കയറ്റമെന്നതിലുപരി, അത് അയാളുടെ വ്യക്തിത്വത്തിലേക്കും, അഭിമാനത്തിലേക്കും കൂടിയുള്ള കടന്നു കയറ്റമാണ്. ബലാത്സംഗം മൂലം ശാരീരികമായിയുണ്ടാവുന്ന മുറിവുകള്‍ ഉണങ്ങിയാലും, മാനസികമായിയുണ്ടാവുന്ന ഇത്തരം മുറിവുകള്‍ ആയിരമിരട്ടി നീറ്റലോട് കൂടി അവശേഷിക്കുകയാണ് ചെയ്യുക. ഇത്തരം മാനസിക മുറിവുകള്‍ ഇരകളില്‍ തീര്‍ക്കുന്ന ആഘാതം വളരെ വലുതാണ്. പലപ്പോഴുമത് മരണ തുല്യമായൊരു ജീവിതത്തിലേക്കോ, മരണത്തിലേക്കോ വരെ അവരെ നയിച്ചേക്കാം. അത്രത്തോളം നിഷ്ഠൂരമായൊരു ക്രൂരകൃത്യമാണ് ബലാത്സംഗം.

advertise

പെട്ടെന്ന് തോന്നുന്ന ലൈംഗീക ചോദനകളാണ് ബലാത്സംഗങ്ങള്‍ക്ക് പുറകിലുള്ളതെന്ന തെറ്റിദ്ധാരണയും നമുക്കിടയിലുണ്ട്. പീഡനം നടന്നുവെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അത് നടന്ന സമയവും, അപ്പോള്‍ സ്ത്രീ ധരിച്ചിരുന്ന വസ്ത്രവുമെല്ലാം അളന്നു തിട്ടപ്പെടുത്തി ബലാത്സംഗങ്ങളെ ന്യായീകരിക്കുന്നവരെല്ലാം ഒരുപരിധി വരെ ഈ കൂട്ടത്തില്‍ വരുന്നവരാണ്! (ഈ ആധുനികതയിൽ പോലും നീതിപീഠങ്ങൾ വരെ ഇപ്പറഞ്ഞ കൂട്ടത്തിൽ ഉൾപ്പെടുന്നു എന്നുള്ളതാണ് ഏറെ വേദനാജനകം) ഒരു ജനതക്ക് മുകളിലുള്ള തങ്ങളുടെ അധികാരം തെളിയിക്കാന്‍, ഒരു ജനത ഒന്നടങ്കം തന്നെ തങ്ങളുടെ കീഴിലാണെന്ന് വരുത്തി തീര്‍ക്കാന്‍, സ്ത്രീകള്‍ കേവലം രണ്ടാംകിട പൗരന്മാര്‍ മാത്രമാണെന്ന് ചിത്രീകരിക്കാന്‍, അങ്ങനെ നിരവധി കാര്യങ്ങളെ മുന്‍നിര്‍ത്തി കൊണ്ട് കൂടിയിവിടെ ബലാത്സംഗങ്ങള്‍ അരങ്ങേറുന്നുണ്ട്. ലൈംഗീക ന്യൂനപക്ഷങ്ങളും, സ്ത്രീകളും, കുട്ടികളും, വായോധികരും, പുരുഷന്മാരുമെല്ലാം ബലാത്സംഗത്തിനിരയാക്കപ്പെടാറുണ്ട്.

ഇതിലേറ്റവും കൂടുതല്‍ നടക്കുന്നതും, കൂടുതലായി പുറത്തറിയപ്പെടുന്നതും, സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങളാണ്. ഒരു പരിചയവുമില്ലാത്ത, വ്യക്തികള്‍ നടത്തുന്ന ഇത്തരം പീഡനങ്ങള്‍ വളരെ ചെറിയൊരു ശതമാനം മാത്രാമാണെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. പരിചയമുള്ളവരില്‍ നിന്നോ, കുടുംബാംഗങ്ങളില്‍ നിന്നോ മറ്റുമാണ് കൂടുതലും ലൈംഗീക പീഡനങ്ങള്‍ നടക്കുന്നതെന്നും ഈ പഠനങ്ങള്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇവയിലധികവും റിപ്പോര്‍ട്ട് ചെയ്യാറുമില്ലെന്നതാണ് വാസ്തവം. പുറം ലോകമറിയാതെ, എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ, അതി-ഭീകര ബലാത്സംഗങ്ങള്‍ പുരുഷ ജയിലുകളില്‍ നടക്കുന്നുണ്ടെന്ന്, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (Human Rights Watch) സംഘടന നടത്തിയ പഠനങ്ങള്‍ പറയുന്നുണ്ട്. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നീട് അമേരിക്കയില്‍ Prison Rape Elimination Act (PREA) നിലവില്‍ വരുന്നത്.

ഇന്നും വലിയ രീതിയില്‍ ഇന്ത്യ നേരിടുന്നൊരു സാമൂഹിക വിപത്താണ് ബലാത്സംഗങ്ങള്‍. പ്രത്യേകിച്ചും സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗീക അതിക്രമങ്ങള്‍. സ്ത്രീകളെല്ലാം തന്നെ, പുരുഷന്റെ കീഴില്‍ മാത്രം വരുന്ന, അല്ലെങ്കില്‍ വരേണ്ട ഒരു വിഭാഗം മാത്രമാണെന്ന് ധരിച്ചു വെച്ചിരിക്കുന്ന, അതിനായി അഹോരാത്രം പണിയെടുക്കുന്ന ജനതയാണ് നമ്മളിലധികവുമുള്ളത്. ഇവിടെയിന്നും നിലനില്‍ക്കുന്ന ഇത്തരം പാട്രിയാര്‍ക്കല്‍ ചിന്തകള്‍, ഇത്തരം അക്രമങ്ങള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്.
പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്തവരില്‍ തുടങ്ങി, അങ്ങ്… നീതിപീഠങ്ങളുടെ തലപ്പത്തിരിക്കുന്നവരില്‍ പോലും ഇത്തരം ചിന്താഗതികള്‍ പ്രകടമാണ്. അതുകൊണ്ടാണ്, ബലാത്സംഗ പ്രതികളോട്, ‘നീ അവളെ വിവാഹം കഴിക്കുമോ?’ പോലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന ജഡ്ജിമാരെയും, ബലാത്സംഗങ്ങള്‍ അരങ്ങേറുമ്പോള്‍, ഇരയുടെ വസ്ത്രത്തിന്റെ നീളവും, സ്വഭാവവും, നടക്കാനിറങ്ങിയ സമയവുമെല്ലാം കണക്കു കൂട്ടിയെടുത്ത് കൊണ്ട്, വീണ്ടുമാ ഇരകളെ ആക്രാന്തത്തോടെ ഭക്ഷിക്കാന്‍ ശ്രമിക്കുന്ന നരഭോജികളേയും നമുക്ക് കാണേണ്ടി വരുന്നത്.

advertise

പൂര്‍ണ്ണ സമ്മതത്തോടും, അറിവോടും കൂടി തന്റെ ശരീരം മറ്റുള്ളവര്‍ക്ക് പങ്കിടുന്നവരെ പോലും, ആ പേരും പറഞ്ഞ് പീഢിപ്പിക്കാൻ ആര്‍ക്കും അധികാരമില്ലെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. സ്ത്രീകളുള്‍പ്പെടെയുള്ളവരാരും ആരുടേയും കൃഷിയിടങ്ങളോ, കളിപ്പാട്ടങ്ങളോയല്ലയെന്ന് മനസ്സിലാക്കുന്നതോടൊപ്പം തന്നെ, ആരുടേയും സ്വകാര്യതയിലേക്ക്, വ്യക്തി സ്വാതന്ത്ര്യത്തിലേക്ക്, ശരീരത്തിലേക്ക്, കടന്നു കയറാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമില്ലെന്ന് കൂടി മനസ്സിലാക്കിയെങ്കില്‍ മാത്രമേ ഇത്തരം നിഷ്ഠൂരമായ ക്രൂരകൃത്യങ്ങള്‍ക്കൊരു അറുതി വരുത്താന്‍ കഴിയുകയുള്ളൂ..!

profile

C S Suraj

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.