Monday, December 23, 2024

ഡാർവിനിസം വന്ന വഴി!

ലണ്ടനിലെ ഷ്രൂസ്ബറി എന്ന പട്ടണത്തിൽ, 1809 ഫെബ്രുവരി 12 നാണ് ചാൾസ് ഡാർവിൻ ജനിക്കുന്നത്. അച്ഛൻ റോബർട്ട് ഡാർവിൻ ഒരു ഡോക്ടറായിരുന്നു. താല്പര്യമൊന്നുമില്ലെങ്കിലും ഇദ്ദേഹത്തിന്റെ നിർബന്ധപ്രകാരം ഡാർവിൻ എഡിൻബർഗ് സർവ്വകലാശാലയിൽ വൈദ്യശാസ്ത്രം പഠിക്കാൻ ചേർന്നു. പ്രകൃതിപഠനത്തിലാണ് ഡാർവിന് താല്പര്യമെന്നറിഞ്ഞിട്ടും, മകനെയൊരു ഡോക്ടറാക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു അച്ഛൻ. എന്തായാലും ആ ശ്രമം പരാജയപ്പെട്ടു. അന്ന് നിലനിന്നിരുന്ന ശാസ്ത്രക്രിയാ രീതികൾ ആ ശ്രമം പരാജയപ്പെടുത്തിയെന്ന് പറയുന്നതാവും കൂടുതൽ ശരി. അനസ്തേഷ്യ കണ്ടു പിടിക്കപ്പെട്ടിട്ടില്ലാത്ത കാലമാണതെന്ന് കൂടി മനസ്സിലാക്കണം. അങ്ങനെ, ഇത്തരം രക്തച്ചൊരിച്ചിലുകൾ കണ്ടു നിൽക്കാൻ വയ്യാതെ ഡാർവിൻ തന്റെ വൈദ്യപഠനം ഉപേക്ഷിച്ചു. പിന്നീട് നിയമം പഠിക്കാനൊരു ശ്രമം നടത്തി. അതും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെയവസാനം കേബ്രിഡ്ജിൽ നിന്നും ദൈവശാസ്ത്ര ബിരുദവുമായാണ് ഡാർവിൻ പുറത്തു വരുന്നത്.

advertise

ഈ സമയത്താണ് ഒരു അപ്രതീക്ഷിത ക്ഷണം ഡാർവിന് ലഭിക്കുന്നത്. ഏതെങ്കിലും പള്ളിയിലെ പാതിരിയായി മാറേണ്ടിയിരുന്ന ഡാർവിന്റെ ജീവിതം മാറ്റി മറിച്ചതും ആ ക്ഷണം തന്നെയായിരുന്നു!നാവികസേനയുടെ പര്യവേക്ഷണ കപ്പലായ എച്ച് എം എസ് ബീഗിളിൽ ലോകം ചുറ്റാനുള്ള ക്ഷണമായിരുന്നു അത്. വാസ്തവത്തിൽ, കപ്പലിന്റെ ക്യാപ്റ്റനായിരുന്ന ഫ്രിറ്റ്സ്റോയിക്ക് കമ്പനി കൊടുക്കുകയെന്നതായിരുന്നു ഡാർവിന്റെ പ്രധാന ചുമതല. ഇതിന് ഡാർവിനെ തന്നെ തിരഞ്ഞെടുത്തതിൽ മറ്റു ചില കാരണങ്ങൾ കൂടിയുണ്ടായിരുന്നു. തീരസർവ്വേയായിരുന്നു ഫ്രിറ്റ്സ്റോയിയുടെ പ്രധാന ദൗത്യം. അതിനോടൊപ്പം തന്നെ മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു ഫ്രിറ്റ്സ്റോയിക്ക്. ബൈബിളിലെ ഉല്പത്തി സിദ്ധാന്തത്തിന് തെളിവ് കണ്ടെത്തുക! പ്രകൃതിപഠനങ്ങളിൽ താല്പര്യമുള്ളയാളായതു കൊണ്ടും, മതം പഠിച്ചയാളായതു കൊണ്ടും, തന്റെയീ ദൗത്യങ്ങൾക്ക് ഡാർവിൻ വളരെ ഉപകാരപ്രദമായിരിക്കുമെന്ന് ഫ്രിറ്റ്സ്റോയി കരുതി. ഈ തോന്നൽ താളം തെറ്റാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല. മതതത്ത്വങ്ങളോട് പൊതുവെ വലിയ താല്പര്യമുള്ളയാളായിരുന്നില്ല ഡാർവിൻ. ഇത് ഫ്രിറ്റ്സ്റോയിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കാൻ പോന്ന ഒന്നായിരുന്നു. ഇതേ ചൊല്ലി നിരവധി വഴക്കുകൾ തങ്ങൾ തമ്മിലുണ്ടായിട്ടുണ്ടെന്ന് ഡാർവിൻ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

1831 ഡിസംബർ മാസം ലണ്ടനിൽ നിന്നും ഒരു കൂട്ടം യുവത്വത്തെ വഹിച്ചു കൊണ്ട് ബീഗിൾ യാത്ര പുറപ്പെട്ടു. യുവത്വത്തിന്റെ ഒരു കൂട്ടമായിരുന്നു അതെന്ന് പറയാൻ കാരണമുണ്ട്. യാത്ര തുടങ്ങുമ്പോൾ ഇരുപത്തിരണ്ടായിരുന്നു ഡാർവിന്റെ പ്രായം. ക്യാപ്റ്റൻ ഫ്രിറ്റ്സ്റോയിക്ക് ഇരുപത്തിമൂന്നും. ബീഗിളിലെ മറ്റു യാത്രക്കാരുടെ പ്രായവും ഏകദേശമിതുപോലെയൊക്കെ തന്നെയായിരുന്നു. പിന്നീട് 5 വർഷങ്ങൾക്ക് ശേഷം 1836 ലാണ് ബീഗിളിന്റെ ഈ യാത്ര അവസാനിച്ച് ഡാർവിൻ തിരിച്ചു നാട്ടിലെത്തുന്നത്. ലോകത്തെയൊന്നടങ്കം പിടിച്ചു കുലുക്കാൻ പോന്ന നിരീക്ഷണങ്ങൾ നടത്തി കൊണ്ടുള്ള മടങ്ങി വരവായിരുന്നുവതെന്ന് പറഞ്ഞാലും തെറ്റില്ല!

ഈ യാത്രക്കിടയിൽ വെച്ച് ഡാർവിൻ കണ്ടെത്തിയതാണ് പരിണാമ സിദ്ധാന്തമെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. അതങ്ങനെയല്ല. ഡാർവിന്റെ യാത്ര തുടങ്ങുന്നതിനും എത്രയോ മുൻപ് തന്നെ പരിണാമമെന്ന ആശയം ഇവിടെയുണ്ടായിരുന്നു. ഡാർവിന്റെ മുത്തച്ഛൻ ഇറാസ്മസ്, “ദ ടെംപിൾ ഓഫ് ദ നേച്ചർ ഓർ ദ ഒറിജിൻ ഓഫ് സൊസൈറ്റി” എന്ന പേരിൽ പരിണാമമെന്ന ആശയത്തെ മുൻനിർത്തി കൊണ്ട്, കവിതകൾ തന്നെയെഴുതിയിട്ടുണ്ട്.

advertise

ബീഗിൾ യാത്ര കഴിഞ്ഞപ്പോൾ പോലും പരിണാമ സിദ്ധാന്തത്തോട് വലിയ താല്പര്യമൊന്നും ഡാർവിന് തോന്നിയിരുന്നില്ല. തോമസ് മാൽത്തസ് എഴുതിയ “എസ്സേ ഓൺ ദ പ്രിൻസിപ്പൽ ഓഫ് പോപ്പുലേഷൻ” എന്ന പുസ്തകമാണ് ഡാർവിനെ പിന്നീട് ഈ ആശയത്തിലേക്ക് വഴി തിരിച്ചു വിടുന്നത്. ജനസംഖ്യാ നിരക്ക് അതിവേഗം വർദ്ധിക്കുമെന്നും എന്നാൽ, ഭക്ഷണമുൾപ്പടെയുള്ളവ അതിനനുസരിച്ചു പെരുകില്ലെന്നുമായിരുന്നു മാൽത്തസ് തന്റെ കൃതിയിലൂടെ പറയാൻ ശ്രമിച്ചത്. 1800 ൽ ബ്രിട്ടനിൽ “Census Act” കൊണ്ടു വന്നതിന്റെ പുറകിലും ഇതേ പുസ്തകം തന്നെയായിരുന്നു.

ഇതിൽ നിന്നും ജീവിതമൊരു പോരാട്ടമാണെന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നുണ്ട് ഡാർവിൻ. അതിജീവനത്തിനായുള്ള ഈ പോരാട്ടത്തിൽ ചില ജീവിവർഗ്ഗങ്ങൾ വിജയിക്കുന്നതും പരാജയപ്പെടുന്നതും പ്രകൃതിനിർദ്ധാരണം (Natural Selection) എന്ന പ്രക്രിയ വഴിയാണെന്നും അദ്ദേഹം കണ്ടെത്തി. അതിജീവനത്തിനായുള്ള ഈ പോരാട്ടത്തിൽ, നൈസർഗികമായി മുൻകൈയുള്ളവ അഭിവൃദ്ധിപ്പെടുമെന്നും, അവ പിന്നീട് ഈ സ്വാഭാവഗുണം അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്തു കൊണ്ട് ആ ജീവിവർഗ്ഗം മുന്നോട്ടു പോവുമെന്നും ഡാർവിൻ മനസ്സിലാക്കി. ഇത് തന്നെയാണ്‌ ഏറ്റവും ലളിതമായി പറഞ്ഞാൽ ഡാർവിന്റെ പരിണാമസിദ്ധാന്തം.

പിന്നീടുള്ള തന്റെ ജീവിതം ഈ ആശയത്തിന് വേണ്ടി തന്നെ മാറ്റി വെക്കുകയായിരുന്നു ഡാർവിൻ. അതിന്റെ പരിണിതഫലമായാണ് 1859 ൽ “ഓൺ ദ ഒറിജിൻ ഓഫ് സ്പീഷീസ്” എന്ന കൃതി പുറത്തിറങ്ങുന്നത്. 1859 ലാണ് ഡാർവിന്റെ ഈ കൃതി പുറത്തിറങ്ങുന്നതെങ്കിലും, അതിന്റെ രൂപരേഖ അദ്ദേഹം തയ്യാറാക്കുന്നത് അതിനുമെത്രയോ വർഷങ്ങൾ മുൻപാണ്. കൃത്യമായി പറഞ്ഞാൽ 1844 ൽ. 1836 ൽ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡാർവിന് 1844 ൽ മാത്രമാണ് തന്റെ നിരീക്ഷണങ്ങളെ ക്രോഡീകരിച്ച് ഒരു ആശയമെന്ന രൂപത്തിലേക്ക് മാറ്റിയെടുക്കാൻ കഴിഞ്ഞത്. ഇതിന് പ്രധാനമായും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിൽ വന്നു പോയ ചെറിയ ചില പാകപിഴകളായിരുന്നു കാരണം. അങ്ങനെ ഇത്തരം പാകപ്പിഴകളെല്ലാം തിരുത്തി ഇവയെയൊന്ന് ക്രമീകരിക്കാൻ വർഷങ്ങൾ തന്നെ വേണ്ടി വന്നു ഡാർവിന്.

ഇതിനെല്ലാമൊടുവിൽ തന്റെ ആശയത്തെ ഒരു പുസ്തക രൂപത്തിലാക്കിയതിനു ശേഷം അധികമാരും ചെയ്യാൻ സാധ്യതയില്ലാത്ത ഒന്നാണ് ഡാർവിൻ ചെയ്തത്. ഈ കുറിപ്പുകളെല്ലാം മാറ്റി വെച്ച് മറ്റു പല കാര്യങ്ങളിലും മുഴുകി! 1858 ൽ, ദൂരെനിന്നെങ്ങോ ഒരു കത്തും അതിനൊപ്പമൊരു പ്രബന്ധവും ഡാർവിന്റെ കയ്യിലെത്തി ചേർന്നില്ലായിരുന്നുവെങ്കിൽ, ഒരുപക്ഷേ ഡാർവിന്റെ മേശവലിപ്പിലിരുന്ന് മരണം വരിക്കാനാകുമായിരുന്നു ഈ പുസ്തകത്തിന്റെ വിധി! ആൾഫ്രഡ് റസ്സൽ വാലസ് എന്ന പ്രകൃതിശാസ്ത്രജ്ഞന്റേതായിരുന്നു ആ കത്തും, പ്രബന്ധവും. ഡാർവിനെഴുതി പുറം ലോകം കാണാതെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കൃതിയിലെ ആശയങ്ങളോട് വളരെയധികം സാമ്യമുണ്ടായിരുന്നു വാലസിന്റെ ആ പ്രബന്ധത്തിന്. പ്രകൃതിനിർദ്ധാരണമെന്ന ആശയം പോലുമുണ്ടായിരുന്നു വാലസിന്റെ ആ പ്രബന്ധത്തിൽ. എന്നാൽ തന്റെ സിദ്ധാന്തത്തിന്, വർഷങ്ങളോളമായി ഡാർവിൻ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സിദ്ധാന്തവുമായി സാമ്യമുള്ള കാര്യം വാലസിനറിയില്ലായിരുന്നു.

ഡാർവിൻ തളർന്നു പോയൊരു നിമിഷം കൂടിയായിരുന്നുവത്. തന്റെ പുസ്തകമിനി പ്രസിദ്ധീകരിച്ചാൽ അത് വാലസിനോട്‌ കാണിക്കുന്ന ക്രൂരതയാവും. പ്രസിദ്ധീകരിക്കാതെയിരുന്നാൽ തന്റെയിത്രയും നാളത്തെ അദ്ധ്വാനം പാഴായി പോവുകയും ചെയ്യും. ഇതിനൊരു പരിഹാരമെന്നോണമാണ്, രണ്ടു പേരുടേയും പ്രബന്ധങ്ങളുടെ സംഗ്രഹം ഒരുമിച്ച്, ഒരേ സ്ഥലത്ത് വെച്ച് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. അങ്ങനെ, 1858 ജൂലയ് ഒന്നിന് ലിനീയൻ സൊസൈറ്റിയുടെ യോഗത്തിൽ വെച്ച് ഡാർവിന്റേയും വാലസിന്റേയും സിദ്ധാന്തങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടു. നിർഭാഗ്യമെന്നല്ലാതെന്തു പറയാൻ, എടുത്തു പറയത്തക്ക രീതിയിൽ വലിയ കോളിളക്കമൊന്നും ഈ പ്രബന്ധങ്ങൾ ലോകത്ത് സൃഷ്ടിച്ചില്ല!

ഈ പ്രബന്ധത്തിന്റെ പരിഷ്ക്കരിച്ച രൂപമെന്നോണമാണ്, ഡാർവിൻ 1859 ൽ “ഓൺ ദ ഒറിജിൻ ഓഫ് സ്പീഷീസ്” എന്ന കൃതി പ്രസിദ്ധീകരിക്കുന്നത്. ഈ നിമിഷങ്ങളത്രയും തീർത്തും അസന്തുഷ്ടവാനായിരുന്നു ഡാർവിൻ. നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കുമൊടുവിൽ പരിണാമസിദ്ധാന്തമാണ് ശരിയെന്ന് മനസ്സിലായെങ്കിലും അത് പൂർണ്ണമായും അംഗീകരിക്കാനോ, ഉൾകൊള്ളാനോ ഡാർവിന് പോലും താല്പര്യമില്ലായിരുന്നുവെന്നതാണ് യാഥാർഥ്യം. ദൈവത്തിന്റെ സൃഷ്ട്ടിയാണിവിടെയുള്ളതെല്ലാം എന്ന് വിശ്വസിക്കുന്ന ഒരു ലോകത്ത് ഈ സിദ്ധാന്തമുണ്ടാക്കാനിടയുള്ള പ്രശ്നങ്ങളെ പറ്റിയും ബോധവാനായിരുന്നു ഡാർവിൻ. ഇവയൊന്നും തന്നെ ഡാർവിന് സന്തോഷം പകരുന്നവയായിരുന്നില്ല!

പുസ്തകം വൻ വിജയമായിരുന്നു. അതോടൊപ്പം തന്നെ വിമർശനങ്ങൾക്കും യാതൊരു കുറവുമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും പുരോഹിത വർഗ്ഗത്തിൽ നിന്ന്! 1860 ൽ ഒരു യോഗത്തിൽ വെച്ച് പരിണാമസിദ്ധാന്തത്തെ ആക്ഷേപിച്ചു കൊണ്ട്, അന്നത്തെ ഓക്സ്ഫഡ് ബിഷപ്പ് സാമുവൽ വിൽബർഫോഴ്‌സ് “മുത്തച്ഛന്റെ താവഴിയിലാണോ, മുത്തശ്ശിയുടെ താവഴിയിലാണോ താങ്കൾ കുരങ്ങിന്റെ ബന്ധുവാണെന്നവകാശപ്പെടുന്നത്?” എന്നായിരുന്നു ജീവശാസ്ത്രജ്ഞനായ ഹക്സിലിയോട് ചോദിച്ചത്.

അന്നും ഇന്നും പരിണാമസിദ്ധാന്തത്തെ ആക്ഷേപിക്കാനുപയോഗിക്കുന്ന ഒരു കാര്യമാണിത്. വാസ്തവത്തിൽ, കുരങ്ങനിൽ നിന്നും പരിണമിച്ചുണ്ടായതാണ് മനുഷ്യനെന്ന് ഡാർവിനെവിടേയും പറഞ്ഞിട്ടില്ല. പരിണാമസിദ്ധാന്തവും അങ്ങനെയൊന്ന് പ്രഖ്യാപിക്കുന്നില്ല. എന്നിട്ടും അങ്ങനെയൊന്ന് ഉയർത്തി പിടിച്ചു കൊണ്ടാണ്, പരിണാമ വിരോധികൾ പരിണാമസിദ്ധാന്തത്തെ ആക്ഷേപിക്കാൻ വരുന്നത്. കഷ്ടമെന്നല്ലാതെയെന്തു പറയാൻ! ഇത്തരത്തിൽ ആക്ഷേപങ്ങളും, വിമർശനങ്ങളും ഡാർവിനിസത്തെ വിടാതെ പിന്തുടർന്നു പോന്നു. ഇതിനേകദേശമൊരു ശമനം വരാൻ 1865 വരെയെങ്കിലും കാത്തിരിക്കേണ്ടി വന്നു. അന്നാണ് ഗ്രിഗർ മെൻഡൽ തന്റെ പരീക്ഷണ ഫലം ലോകത്തോട് വിളിച്ചു പറയുന്നത്. ഡാർവിന്റെ സിദ്ധാന്തം തീർത്തു വെച്ച ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അതിലുണ്ടായിരുന്നു.

ഡാർവിന്റെ പരിണാമ സിദ്ധാന്തമാണെങ്കിലും, മെൻഡലിന്റെ പരീക്ഷണമാണെങ്കിലും ലോകമംഗീകരിക്കുന്നത് അവരത് അവതരിപ്പിച്ചു കഴിഞ്ഞതിനും എത്രയോ വർഷങ്ങൾ കഴിഞ്ഞാണ്. അതിന് ഡാർവിന്റേയും, മെൻഡലിന്റേയും സിദ്ധാന്തങ്ങൾ ഒരുമിച്ച് ചേർത്തു കൊണ്ട് “മോഡേൺ സിന്തസിസ്” എന്ന പുതിയൊരു സിദ്ധാന്തം കൂടി വരേണ്ടി വന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത സൃഷ്ടിവാദസിദ്ധാന്തത്തിന്റെ അടിവേര് പിഴുതെറിഞ്ഞ ഒന്നായിരുന്നു, തെളിവുകളുടെ പിൻബലത്തോടു കൂടി വന്ന പരിണാമസിദ്ധാന്തം. അതിൽ തന്നെ ഡാർവിനും, ഡാർവിന്റെ സിദ്ധാന്തങ്ങളും വഹിച്ച പങ്ക് വളരെ വലുതായിരുന്നു.നമ്മളെങ്ങനെയിവിടം വരെയെത്തിയെന്ന ചോദ്യത്തിന് വസ്തുനിഷ്ഠമായൊരു ഉത്തരം നൽകാൻ ശേഷിയുള്ള എന്തെങ്കിലുമിവിടെയുണ്ടെങ്കിൽ, അത് പരിണാമസിദ്ധാന്തം മാത്രമാണെന്ന യാഥാർഥ്യം കൂടി മനസ്സിലാക്കുമ്പോഴാണ് നമുക്ക് നമ്മുടെ പുരോഗതിയിലേക്കുള്ള യാത്ര സുഗമമാക്കാൻ കഴിയുക. അല്ലാത്തപക്ഷം, പുരോഗതിയെന്നത് നമ്മുക്കെന്നുമൊരു സ്വപ്നം മാത്രമാക്കി അവശേഷിപ്പിക്കേണ്ടി വരും!

profile

C S Suraj

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.