Monday, December 23, 2024
C S Suraj / അവലോകനം / July 03, 2023

എന്താണ് ഏകീകൃത സിവിൽ കോഡ് ?

ഇന്ത്യയിലെ പ്രധാന മതങ്ങൾക്ക് അനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം ബാധകമാകുന്ന രീതിയിലാണ് നിലവിൽ വിവാഹം, വിവാഹ മോചനം, പാരമ്പര്യ സ്വത്ത്, ദത്തെടുക്കൽ.. തുടങ്ങിയ സിവിൽ കാര്യങ്ങളിൽ നിയമം നിലനിൽക്കുന്നത്. ഇവയെ വ്യക്തി നിയമങ്ങൾ എന്ന് വിളിക്കുന്നു. ഈ വ്യക്തി നിയമങ്ങളെ നീക്കം ചെയ്ത് എല്ലാ ഇന്ത്യക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിലായിരിക്കണം രാജ്യത്തെ സിവിൽ നിയമങ്ങൾ എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന ഒന്നാണ് ഏകീകൃത സിവിൽ കോഡ്.

എന്തു മാറ്റമാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുക?

  1. നിലവിൽ മതാടിസ്ഥാനത്തിൽ നിലനിൽക്കുന്ന വ്യക്തി നിയമങ്ങളെ നീക്കം ചെയ്ത് സിവിൽ നിയമങ്ങൾ ഏകീകരിക്കപ്പെടും.
  2. പണ്ടുകാലങ്ങളിലെ അപരിഷ്കൃത ചിന്താഗതികളുടെയും മത നിയമങ്ങളുടെയും അടിസ്ഥാനത്തിൽ നിലനിൽക്കുന്ന ഒന്നായതിനാൽ വ്യക്തി നിയമങ്ങളിൽ ലിംഗ വിവേചനങ്ങൾ പോലുള്ളവ കാണാൻ കഴിയും. UCC സിവിൽ കാര്യങ്ങളിലെ ഇത്തരം വിവേചനങ്ങൾ നിർമാർജനം ചെയ്യും.
  3. മത വ്യത്യാസമില്ലാതെ എല്ലാവർക്കും സിവിൽ കാര്യങ്ങളിൽ കൂടി ഒരേ നിയമങ്ങൾ ബാധകമാകും. എല്ലാവർക്കും നിയമത്തിനു മുന്നിൽ തുല്യ പരിഗണന എന്ന തത്വത്തെ ഇത് ഉയർത്തി പിടിക്കും.
  4. വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ള സങ്കീർണമായ നിയമങ്ങളെ കോഡ് ലളിതമാക്കും. ഇത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് കുറച്ചുകൂടി കാര്യക്ഷമത പകരും.
  5. സിവിൽ നിയമങ്ങൾക്ക് മുകളിലുള്ള മതങ്ങളുടെ സ്വാധീനം UCC ഇല്ലാതാക്കും. ഇത് മതങ്ങൾക്ക് സ്റ്റേറ്റിന്റെ കാര്യത്തിൽ യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്ന് പ്രസ്താവിക്കുന്ന ഭരണഘടനയിലെ മതേതരത്വമെന്ന ആശയത്തെ നടപ്പിൽ വരുത്തുവാൻ സഹായിക്കും.

advt

Click here for more info

മതസ്വാതന്ത്ര്യത്തെയും ആചാരാനുഷ്ഠാനങ്ങളെയും കോഡ് ബാധിക്കുമോ?
ഒരിക്കലുമില്ല! മതസ്വാതന്ത്ര്യത്തെയോ ആചാരാനുഷ്ഠാനങ്ങളെയോ ഇല്ലാതാക്കുന്ന ഒന്നല്ല UCC. തുടർന്നും ഇഷ്ടമുള്ള രീതിയിൽ വിവാഹം, മരണം പോലുള്ള "ചടങ്ങുകൾ" നടത്താൻ മതവിശ്വാസികൾക്ക് കഴിയും.


ആദിവാസികളെയോ മറ്റ് സ്പെഷ്യൽ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സമൂഹങ്ങളെയോ കോഡ് മോശമായി ബാധിക്കുമോ?
നിരവധിയായ ആചാരാനുഷ്ഠാനങ്ങളും, പ്രത്യേകമായ ജീവിത രീതിയും കൊണ്ടു നടക്കുന്ന ഒരുപാട് സമൂഹങ്ങൾ ഇന്ത്യയിലുണ്ട്. ഇത്തരത്തിലുള്ള ജീവിതരീതികൾക്ക് തടസ്സം നിൽക്കുന്നതോ, എല്ലാ സംസ്കാരങ്ങളെയും ഒന്നിച്ച് ഏകോപിപ്പിക്കുന്നതോ ആയ ഒന്നല്ല UCC. ഇത്തരം സംസ്കാരങ്ങൾ എങ്ങനെയാണോ ഇന്നുവരെ സംരക്ഷിക്കപ്പെട്ടത് അത് അതുപോലെ തന്നെ നിലനിൽക്കും.


മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന ഒന്നാണോ UCC?
ഒരിക്കലുമല്ല! പ്രധാനപ്പെട്ട എല്ലാ മതങ്ങൾക്കും ഇന്ത്യയിൽ വ്യക്തി നിയമങ്ങളുണ്ട്. മുസ്ലിങ്ങളുടെ വ്യക്തിനിയമം മാത്രം എടുത്തു കളഞ്ഞ് മറ്റുള്ളവ നിലനിർത്തുന്നതോ, മറ്റു മതങ്ങളുടെ വ്യക്തി നിയമങ്ങളിലേക്ക് മുസ്ലീങ്ങളോട് മാറാൻ പറയുന്നതോ ആയ ഒരാശയമല്ല UCC. മുസ്ലീങ്ങളുടേത് മാത്രമല്ല എല്ലാ വ്യക്തി നിയമങ്ങളും UCC നീക്കം ചെയ്യും.


BJP യാണോ യൂണിഫോം സിവിൽ കോഡെന്ന ആശയം കൊണ്ടു വന്നത്?
അല്ല! ഇന്ത്യൻ ഭരണഘടന മുന്നോട്ടു വെക്കുന്ന ഒരാശയമാണ് UCC. ഭരണഘടനയിലെ നിർദ്ദേശകതത്വങ്ങളിലെ നാൽപ്പത്തി നാലാം അനുച്ഛേദമനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. ബി ആർ അംബേദ്കർ, ജവഹർലാൽ നെഹ്റു തുടങ്ങിയ രാഷ്ട്ര ശില്പികൾ ഈ ആശയത്തെ പിന്തുണച്ചവരായിരുന്നു. Sarla Mudgal v. Union of India, Mohd. Ahmed khan v. Shah Bano Begum തുടങ്ങിയ നിരവധി കേസുകളിലൂടെ ഇന്ത്യൻ കോടതികൾ UCC യെ പിന്തുണയ്ക്കുകയും അത് നടപ്പിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്.


BJP എന്തെങ്കിലും നേട്ടം കണ്ടുകൊണ്ടാവില്ലേ UCC നടപ്പിലാക്കാൻ ശ്രമിക്കുന്നത്?
ആയിരിക്കാം. അല്ലാതിരിക്കാൻ BJP ഒരു നോൺ പ്രോഫിറ്റ് ചാരിറ്റി ഏജൻസിയൊന്നുമല്ല. മറിച്ച് അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ്. അവർക്ക് അവരുടേതായ ഉദ്ദേശങ്ങളും കാരണങ്ങളും ഇതിന് പുറകിൽ ഉണ്ടായേക്കാം.


എന്നിട്ടും നിങ്ങൾ എന്തിനാണ് ഇതിനെ പിന്തുണയ്ക്കുന്നത്?
BJP ക്ക് എന്തെങ്കിലും ഉദ്ദേശങ്ങൾ ഉണ്ടെങ്കിൽ തന്നെ ഇതെങ്ങനെയാണ് UCC എന്ന ആശയത്തെ മോശമാക്കുന്നത്?! UCC എന്ന ആശയം അടിസ്ഥാനപരമായി കുഴപ്പമൊന്നുമില്ലാത്ത സ്ഥിതിക്ക് അത് ആര് നടപ്പിലാക്കിയാലും എന്ത് തെറ്റാണുള്ളത്?! ഇതിന്റെ കരട് തയ്യാറാക്കുകയോ നടപ്പിൽ വരുത്തുകയോ ചെയ്താൽ മാത്രമല്ലേ ഇതിനകത്ത് ഉപദ്രവകരമായ ഭാഗങ്ങൾ ഉണ്ടോ ഇല്ലയോ എന്നറിയാൻ കഴിയുകയുള്ളൂ?! കോഡ് കൊണ്ടുവന്നതിനു ശേഷം അതിൽ ഉപദ്രവകരമായ ഭാഗങ്ങളുണ്ടെങ്കിൽ ആ ഭാഗങ്ങളെ മാത്രം എതിർത്താൽ പോരെ?! എന്തിനാണ് UCC എന്ന ആശയത്തെ മുഴുവൻ എതിർക്കുന്നത്? കരടെങ്കിലും വന്നതിനുശേഷം മാത്രമല്ലേ മറ്റു ചർച്ചകൾക്ക് പ്രസക്തിയുള്ളൂ?!


നിയമം നല്ലതാണെങ്കിലും അത് അടിച്ചേൽപ്പിക്കുന്നത് തെറ്റല്ലേ?
ആരാണ് അതിന് UCC അടിച്ചേൽപ്പിക്കുന്നത്?! തീർത്തും നിയമപരമായി തന്നെ പോകുന്ന ഒരു നടപടിക്രമത്തെ അടിച്ചേൽപ്പിക്കൽ എന്ന് പറയാനാവില്ല. ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട ബോഡികൾ തന്നെയാണ് യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കാനായി ആവശ്യപ്പെടുന്നത്. ഇതിനുമുന്നും നിരവധി കമ്മീഷനുകളും കോടതികളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് ലോ കമ്മീഷൻ ഈ വിഷയത്തിലേക്ക് ഇന്ത്യയിലെ ജനങ്ങളുടെയും മത സംഘടനകളുടെയും അഭിപ്രായങ്ങൾ ആരാഞ്ഞ് കൊണ്ട് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ആർക്ക് വേണമെങ്കിലും തങ്ങളുടെ അഭിപ്രായം ഇതുവഴി രേഖപ്പെടുത്താം. ഇതിനെല്ലാം ശേഷമായിരിക്കും UCC നടപ്പിൽ വരുക. മൗലിക അവകാശങ്ങളെ ലംഘിക്കുന്ന എന്തെങ്കിലും ആ കോഡിലുണ്ടെങ്കിൽ അപ്പോഴും അത് റദ്ദ് ചെയ്യാനുള്ള അവകാശം നമുക്കുണ്ട്.


Profile
C S Suraj

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.