Monday, December 23, 2024
C S Suraj / ചരിത്രപഥം / September 05, 2022

മിഖൈല്‍ ഗോര്‍ബച്ചേവ്

സോവിയറ്റ് യൂണിയനെന്ന ചുവപ്പൻ സാമ്രാജ്യത്തിന്റെ അവസാനത്തെ തലവൻ!

നിലവിലെ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയിൽ 1931 ൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച ഗോർബച്ചേവ് മോസ്കോ സ്റ്റേറ്റ് സർവകലാശാലയിലെ തന്റെ നിയമപഠന വേളയിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാവുന്നത്. പിന്നീട് 1971 ൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി അംഗമായും, 1985 ൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും, തുടർന്ന് 1990 മുതൽ സോവിയറ്റ് യൂണിയൻ തകരുന്ന 1991 വരെ സോവിയറ്റ് യൂണിയന്റെ എട്ടാമത്തേതും അവസാനത്തേതുമായ പ്രസിഡന്റുമായി പ്രവർത്തിക്കുകയും ചെയ്തു. ഇതിനിടയിൽ 1990-ൽ, ഗോര്‍ബച്ചേവിന് സമാധാനത്തിനുള്ള നോബേൽ പുരസ്കാരം നൽകി ലോകം അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.അത് പക്ഷെയൊരിക്കലും കമ്മ്യൂണിസ്റ്റായി ജീവിച്ചതിനോ, സോവിയന്റ് യൂണിയന്റെ പ്രസിഡന്റായി പ്രവർത്തിച്ചതിനോ ആയിരുന്നില്ലെന്ന് മാത്രം!

"മനപ്പൂർവ്വം സോവിയറ്റ് യൂണിയനെ അതിന്റെ പതനത്തിലേക്ക് നയിച്ചത് ഗോര്‍ബച്ചേവാണ് - അദ്ദേഹമൊരു വർഗ്ഗ വഞ്ചകനാണ്!"

ഇപ്പോഴത്തെ റഷ്യൻ അധിനിവേശ ഉക്രൈനിലെ റഷ്യയുടെ ഒഫീഷ്യലായ വ്ളാഡിമിർ റോഗോവിന്റെ വാക്കുകളാണിത്. ഇന്നും പല റഷ്യക്കാരുടേയും മനസ്സിലുള്ളതും, പലരും പറയാതെ പറയുന്നതും ഇത് തന്നെയാണ്! ശരിയാണ്! സോവിയറ്റ് യൂണിയന്റെ പതനത്തിന് വഴി വെച്ച ഒരാൾ തന്നെയായിരുന്നു ഗോര്‍ബച്ചേവ്. അതിന് അദ്ദേഹത്തെ പഴിക്കുന്നതിന് പകരം നന്ദി പറയുകയാണ് ചെയ്യേണ്ടത്. അത് തന്നെയാണിന്നിപ്പോൾ ഈ ലോകം ചെയ്തു കൊണ്ടിരിക്കുന്നതും! ലോകത്തെ തന്നെ രണ്ടായി വിഭജിച്ചു കൊണ്ട്, ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരധികാര പോരാട്ട വടംവലി, ശീതയുദ്ധമെന്ന പേരിൽ നടന്നു കൊണ്ടിരുന്ന സമയത്താണ് ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയന്റെ തലവനായി അധികാരത്തിലേറുന്നത്. തന്റെ മുൻഗാമികൾ ചെയ്തത് പോലെ അധികാരത്തിനായി തുടർന്നും രൂക്ഷമായ യുദ്ധങ്ങൾ ഈ സമയത്ത് ഗോര്‍ബച്ചേവിന് ചെയ്യാമായിരുന്നു. എന്നാൽ ലോകത്തെയാകമാനം ഞെട്ടിച്ചു കൊണ്ട് ഈ അധികാര വടം വലിക്ക് ഒരന്ത്യമിടാനാണ് അദ്ദേഹം ശ്രമിക്കുകയുണ്ടായത്. പിന്നീട് ശീതയുദ്ധം കൂടുതൽ രക്തച്ചൊരിച്ചിലുകളില്ലാതെ സമാധാനപരമായി അവസാനിക്കാൻ കാരണവും അദ്ദേഹത്തിന്റെ ഈ ശ്രമങ്ങളാണ്.

advertise

കിഴക്കൻ യൂറോപ്പിലും, അതിലുപരി ആഗോളാടിസ്ഥാനത്തിലുമുള്ള സോവിയറ്റ് യൂണിയന്റെ സ്വാധീനവും, സൈനികപരമായും മറ്റും നേടിയെടുത്തിട്ടുള്ള മേൽക്കോയ്മയും അവസാനിപ്പിക്കാനും ഗോര്‍ബച്ചേവ് ശ്രമിക്കുകയുണ്ടായി. പൗരന്മാർക്കും മാധ്യമങ്ങൾക്കും കൂടുതൽ സ്വാതന്ത്ര്യം ഗോര്‍ബച്ചേവ് അനുവദിച്ച് നൽകി. ഇതിന്റെയെല്ലാം തൽഫലമായി കൂടിയാണ് പിന്നീട് സോവിയറ്റ് യൂണിയന്റെ വിവിധ പ്രവിശ്യകളിൽ വിഘടന വാദം തലപൊക്കുന്നത്. തന്റെ പട്ടാളത്തെ ഉപയോഗിച്ച് ഇതിനെയെല്ലാം അടിച്ചമർത്താമായിരുന്ന ഗോര്‍ബച്ചേവ് സമാധാനം പാലിച്ചു കൊണ്ട് ഇവിടെയും വ്യത്യസ്തനായി. ജന്മ ശത്രുവായി കണക്കാക്കിയിരുന്ന അമേരിക്കയുമായി ആയുധ നിയന്ത്രണമുൾപ്പെടെയുള്ള കരാറുകളിൽ ഗോര്‍ബച്ചേവ് ഒപ്പ് വെച്ചു. രാജ്യത്തെ ശോഷിപ്പിച്ച് കൊണ്ടിരുന്ന സാമ്പത്തിക നയങ്ങളിൽ പുതിയ മാറ്റങ്ങൾ അദ്ദേഹം കൊണ്ടു വന്നു. സ്റ്റാലിനിസ്റ്റ് തത്വങ്ങളിൽ നിന്നും കുറച്ചുകൂടി ജനാധിപത്യ തത്വങ്ങളിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്തിരുന്നു ഗോര്‍ബച്ചേവ്. അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയൻ നടത്തിപ്പോന്നിരുന്ന ക്രൂരതയ്ക്ക് വിരാമമിട്ടതിന് പുറകിലും ഗോര്‍ബച്ചേവിന്റെ കൈകളുണ്ട്. കിഴക്കൻ യൂറോപ്പിൽ ഉയർന്നു കൊണ്ടിരുന്ന കമ്യൂണിസ്റ്റ് വിരുദ്ധ വികാരങ്ങളെ അടിച്ചമർത്താൻ ഗോര്‍ബച്ചേവ് ശ്രമിച്ചതുമില്ല. ഇതിന്റെയെല്ലാം ഫലമായിട്ട് കൂടിയാണ് 1991 ൽ സോവിയറ്റ് യൂണിയൻ നിലം പൊത്തുന്നത്.

മൊത്തത്തിൽ പറയുകയാണെങ്കിൽ, ലോകത്തെ തന്നെ വലിയൊരു ഭൂതത്തിന്റെ കൈയ്യിൽ നിന്നും രക്ഷിച്ചയാളാണ് ഗോര്‍ബച്ചേവ്. പ്രത്യേകിച്ചും യൂറോപ്പിനെ! അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന്, റഷ്യയിൽ നിന്നും ഉയരുന്നതിനേക്കാളും പതിന്മടങ്ങ് ആദരാഞ്ജലികളും നന്ദി പ്രവാഹങ്ങളും യൂറോപ്പിൽ നിന്നും ലോകത്തിന്റെ മറ്റ് വിവിധ കോണുകളിൽ നിന്നും ഉയരുന്നതിന് കാരണവും ഇതു തന്നെ!

ഗോർബച്ചേവിനെ കുറിച്ച് "സാപ്പിയൻ"സിൽ യുവാൽ നോവ ഹരാരി എഴുതിയ വാക്കുകൾ നോക്കാം ഇനി..

"ബാൾക്കനിലും (Balkans), കോക്കസസിലും (Caucasus) മധ്യേഷ്യയിലും വംശീയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടും, 1989 ലെ സോവിയറ്റ് പതനം അതിനേക്കാൾ സമാധാനപരമായിരുന്നു. അത്രയും ശക്തമായ ഒരു സാമ്രാജ്യം അത്ര വേഗത്തിലും അത്ര ശാന്തമായും അതിനു മുൻപ് അപ്രത്യക്ഷമായിട്ടില്ല. 1989 വരെ നിലനിന്ന സോവിയറ്റ് സാമ്രാജ്യം അഫ്ഗാനിസ്ഥാനിലേതൊഴിച്ച് സൈനിക പരാജയങ്ങളോ ബാഹ്യമായ അക്രമണമോ ലഹളകളോ മാർട്ടിൻ ലൂഥർ കിംഗ് നയിച്ചത് പോലെയുള്ള നിയമലംഘന പ്രചാരണങ്ങളോ യാതൊന്നും നേരിട്ടിട്ടില്ല. സോവിയറ്റുകൾക്ക് അപ്പോഴും ദശലക്ഷകണക്കിന് സൈനികരും പതിനായിരക്കണക്കിന് ടാങ്കുകളും വിമാനങ്ങളും മനുഷ്യരാശിയെ ആകമാനം അനേകം തവണ തുടച്ചു നീക്കുന്നതിനുള്ള ആണവായുധങ്ങൾ സ്വന്തമായുണ്ടായിരുന്നു. ചുവപ്പ് സൈന്യവും വാഴ്സാ സഖ്യത്തിലെ മറ്റു സൈന്യങ്ങളും (Warsaw Pact Army) വിശ്വസ്തതയോടും വിധേയത്വത്തോടും നിലകൊണ്ടു. അവസാന സോവിയറ്റ് ഭരണാധികാരിയായ മിഖായേൽ ഗോർബച്ചേവ് ഉത്തരവ് നൽകിയിരുന്നെങ്കിൽ അധീനരാക്കപ്പെട്ട പൊതുജനങ്ങളുടെ മേൽ ചുവപ്പ് സൈന്യം നിറയൊഴിച്ചേനെ.എങ്കിലും സോവിയറ്റ് വരേണ്യവർഗ്ഗം, പൂർവ്വ യൂറോപ്പിലെ മിക്ക കമ്യൂണിസ്റ്റ് ഭരണങ്ങളും ആ സൈനിക ശക്തിയുടെ ചെറിയ ഒരംശം പോലും ഉപയോഗപ്പെടുത്തേണ്ട എന്ന തീരുമാനമെടുത്തു. കമ്മ്യൂണിസം പാപ്പരായിരിക്കുന്നുവെന്ന് അതിന്റെ നേതാക്കൾ കണ്ടെത്തിയപ്പോൾ, അവർ ബലപ്രയോഗം ത്യജിക്കുകയും തങ്ങളുടെ പരാജയം സമ്മതിക്കുകയും തങ്ങളുടെ പെട്ടിയും പ്രമാണവും എടുത്തു വീട്ടിലേക്കു പോവുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധകാലത്ത് കീഴടക്കിയ സോവിയറ്റ് വിജയ പ്രദേശങ്ങൾ മാത്രമല്ല, ബാൾട്ടിക്കിലും ഉക്രൈനിലും കാക്കസസിലും മധ്യേഷ്യയിലും സാർ ചക്രവർത്തിമാർ കീഴടക്കിയ പ്രദേശങ്ങളും ഒരു ബലപ്രയോഗവും കൂടാതെ ഗോർബച്ചേവും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും വിട്ടുകൊടുത്തു. സെർബിയയിലെ ഭരണാധികാരികൾ ചെയ്തതു പോലെയോ, അതല്ലെങ്കിൽ അൾജീരിയയിൽ ഫ്രഞ്ചുകാർ ചെയ്തതു പോലെയോ ഗോർബച്ചേവ് പെരുമാറിയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നുവെന്ന് ഉൾക്കിടിലത്തോടു കൂടി മാത്രമേ ചിന്തിക്കാൻ കഴിയുകയുള്ളൂ."

Yuval Noah Harari
(Sapiens - A Brief History of Human Kind, chapter - A Permanent Revolution, Page - 413 to 414)

ഇത്രയൊക്കെയാണെങ്കിലും, ലോകത്തുള്ള സർവ്വ ജനാധിപത്യ സമൂഹങ്ങളും അദ്ദേഹത്തെ അംഗീകരിക്കുമ്പോഴും അഭിനന്ദിക്കുമ്പോഴും, മരിച്ചു പോയിട്ടില്ലായിരുന്നുവെങ്കിൽ തല്ലി കൊല്ലാമായിരുന്നുവെന്ന് പറഞ്ഞ് നടക്കുന്നവരാണ് നമ്മുടെ നാട്ടിലെ 'സോവിയറ്റ് സിംഹങ്ങൾ'! ഒരുപക്ഷേ അവർക്കിതുവരെയായിട്ടും സ്വാതന്ത്ര്യത്തിന്റെയോ ജനാധിപത്യത്തിന്റെയോ സുഗന്ധമെന്താണെന്ന് മനസ്സിലായി കാണില്ല "ചരിത്രത്തിന്റെ തന്നെ ഗതി മാറ്റിമറിച്ച വ്യക്തിയായിരുന്നു ഗോര്‍ബച്ചേവ്" എന്നാണ് യുഎൻ ചീഫ് അന്റോണിയോ ഗുട്ടെറസ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പറഞ്ഞത്.

advertise

Click on the image

അതെ! ചരിത്രത്തിന്റെ തന്നെ ഗതി മാറ്റിമറിച്ചയാൾ! സമാധാനത്തിന്റെ വക്താവും, ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഫാസിസ്റ്റ് പോരാളിയും ഗോര്‍ബച്ചേവ് തന്നെ! ഒരു പക്ഷേ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, കമ്മ്യൂണിസമെന്ന ഫാസിസം, ആ ഫാസിസത്തിന് മുകളിൽ കെട്ടിപ്പൊക്കിയ സോവിയറ്റ് യൂണിയനെന്ന സാമ്രാജ്യം, ഇവയെല്ലാം ലോകത്ത് ഉണ്ടാക്കിയേക്കാവുന്ന ക്രൂരതകളും രക്തച്ചൊരിച്ചിലും ഭയാനകമായേനെ!

profile

C S Suraj

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.