Monday, December 23, 2024

കാലഹരണപ്പെട്ട "നിശബ്ദവസന്ത"ത്തിന്റെ ഇന്നത്തെ തടവുകാർ

അമേരിക്കൻ പാരിസ്ഥിതിക ഗവേഷകയായിരുന്ന റേച്ചൽ  കാർസൺ 'നിശബ്ദ വസന്തം' (സൈലന്റ് സ്പ്രിങ്ങ്, 1962) എഴുതി അറുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കൃത്രിമരാസനിവേശങ്ങളാൽ മനുഷ്യൻ പ്രകൃതിക്കുമേൽ നടത്തുന്ന കടന്നുകയറ്റങ്ങളെക്കുറിച്ച് ലോകത്തെ ചിന്തിക്കാൻ പ്രേരിപ്പിച്ച, പരിസ്ഥിതി നിയന്ത്രണ ഏജൻസികളുടെയും പരിസ്ഥിതി സംഘടനകളുടെയും  ഉത്ഭവത്തിന് വഴിവെച്ച ഈ പുസ്തകം  ജനസ്വാധീനത്തിന്റെ കാര്യത്തിൽ   എക്കാലവും മുൻപന്തിയിൽ ആയിരുന്നു. ലോകത്തിൽ ആദ്യമായി വ്യാപകമായി ഉപയോഗിക്കപ്പെട്ട രാസകീടനാശിനിയായ ഡി.ഡി.ടി യുടെ ആരോഗ്യ-പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മനസ്സിൽ തട്ടുന്ന വർണ്ണനകൾ ആണ് സൈലന്റ് സ്പ്രിങ്ങ്-ലെ പ്രധാന  പ്രതിപാദ്യം. എന്നാൽ പിന്നീട് ഈ പുസ്തകത്തിലെ ശാസ്ത്രീയത ചോദ്യം ചെയ്യപ്പെട്ടു. ജനങ്ങളിൽ രാസഭീതി നിറക്കാൻ പാകത്തിൽ അതി വൈകാരികമായി എഴുതപ്പെട്ടതെന്ന ആരോപണം ഉണ്ടായി. ഒരു ദശകം മുൻപ് ഈ പുസ്തകത്തെ വിമർശിച്ച കൊണോർ മാർക്ക് ജമേസൺ "ഇന്നത്തെ നിലയിൽ നോക്കിയാൽ ഒരു അസംബന്ധ പ്രതിപാദനമാണീ പുസ്തകം" എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ കാലഹരണപ്പെട്ട ഈ പുസ്തകം വായിച്ചു ശാസ്ത്രീയമെന്നു തെറ്റിദ്ധരിച്ചു രാസഭീതിക്കടിമപ്പെടുന്നവർ ഇപ്പോഴും ധാരാളമുണ്ട്. അതിനു പ്രത്യക്ഷോദാഹരണമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന  ഡോ.മാധവ് ഗാഡ്ഗില്ലിന്റെ ആത്മകഥയുടെ 20-ാം ലക്കം 'കാസർകോട്ടെ ഭോപ്പാൽ'.

ശാസ്ത്രത്തിൽ  വിശുദ്ധ മനുഷ്യരും വിശുദ്ധ പുസ്തകങ്ങളുമില്ല; എല്ലാം നിർദാക്ഷിണ്യമായ വിമർശനത്തിനു വിധേയമാണ്. ലണ്ടനിൽ 1660 ൽ  സ്ഥാപിക്കപ്പെട്ട പിന്നീട്  ബ്രിട്ടീഷ് നാഷണൽ സയൻസ് അക്കാദമിയായി മാറിയ റോയൽ സൊസൈറ്റി ഓഫ് സയൻസിന്റെ മുഖ വാചകം “Nullis in Verba” എന്നാണ്. അതായത്, 'ആരുടെയും വാക്കിലല്ല'  എന്നർത്ഥം. ഒരാൾ എത്ര വലിയ ആളായാലും അയാളുടെ വാക്കിലല്ല കാര്യം, മറിച്ച് അയാൾ ശാസ്ത്രത്തിന്റെ പഠനരീതി വഴി പരീക്ഷണ-നിരീക്ഷണങ്ങൾ ചെയ്ത് ഡാറ്റ ഉണ്ടാക്കി അപഗ്രഥിച്ച് മുൻ പഠനങ്ങളുമായി താരതമ്യപ്പെടുത്തി എത്തിയ നിഗമനങ്ങൾക്കു മാത്രമേ സാധ്യതയുള്ളൂ. അതാണ് ശാസ്ത്രത്തിന്റെ വഴി. ഡോ. ഗാഡ്ഗിൽ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനാണ്. ആ മേഖലയിൽ അദ്ദേഹത്തിന് അഗാധമായ അറിവും പരിചയവുമുണ്ട്. കൂടാതെ വനവാസികളോടും ഗ്രാമീണരോടും പ്രത്യേക മമതയുണ്ട്. സർക്കാർതല വികസനത്തോടും പരീക്ഷണങ്ങളോടും വിമർശനങ്ങളുമുണ്ട്. ആത്മകഥയിൽ ഇതെല്ലാം വെളിവാകുന്നുണ്ട്. അത് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. പക്ഷേ, ഇക്കാലത്ത് ഓരോ മേഖലയിലും ഒരു മനുഷ്യ ജന്മത്തിൽ പഠിച്ചാൽ തീരാത്ത അറിവുകൾ ഉണ്ടാവുമ്പോൾ തങ്ങളുടേതല്ലാത്ത മേഖലയിൽ ഒരു വിദഗ്ധന് അറിവു കുറയുന്നത് സ്വാഭാവികമാണ്. ഡോ. ഗാഡ്ഗില്ലിന് 'വിഷകാരക ശാസ്ത്ര'ത്തെക്കുറിച്ച് (ടോക്സിക്കോളജി) കാര്യമായ അറിവൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ ലേഖനത്തിൽ നിന്ന് മനസിലാകുന്നത്. അദ്ദേഹത്തെപ്പോലെ അനേകർ ഇപ്പോഴും 'നിശബ്ദ വസന്ത'ത്തിന്റെ തടവുകാരാണ്.

Advertise

കൃഷി തുടങ്ങിയ കാലം തൊട്ട് കൃഷിയെ ബാധിക്കുന്ന കീട-രോഗങ്ങളെ അമർച്ച ചെയ്യാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. അനുകൂല സാഹചര്യത്തിൽ പെറ്റു പെരുകാനുള്ള കീട-രോഗാണുക്കളുടെ കഴിവ് മനുഷ്യന്  വലിയ ഭീഷണിയായിരുന്നു. കൃഷി ഇതിനനുകൂല സാഹചര്യമൊരുക്കുന്നുണ്ടുതാനും. ബൈബിളിൽ വെട്ടുകിളികളെ ക്ഷാമത്തിന്റെ വാഹകരായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ആദ്യകാലത്ത് കീടനാശിനികളായി ഉപയോഗിച്ചിട്ടുള്ള രാസവസ്തുക്കൾ - ആഴ്സനിക്ക്, ഫ്ലൂറൈഡുകൾ, മണ്ണെണ്ണ, പെട്രോളിയം എണ്ണ, സസ്യജന്യവസ്തുക്കൾ എന്നിവ- മനുഷ്യനും  വിളകൾക്കും ദോഷകരവും എന്നാൽ കീട-രോഗാണുക്കളെ കാര്യമായി നശിപ്പിക്കാത്തതുമായിരുന്നു.  മനുഷ്യ പരാദങ്ങളെയും  വളർത്തുമൃഗ പരാദങ്ങളെയും  കാർഷിക കീടങ്ങളെയും  കൊല്ലുന്നതും എന്നാൽ അതേ ഡോസിൽ മനുഷ്യനെ ബാധിക്കാത്തതുമായ രാസവസ്തുക്കളെ കണ്ടുപിടിക്കാനുള്ള നിരന്തര ശ്രമത്തിലാണ് 1939-ൽ പോൾ മുള്ളർ ഡി.ഡി.ടി കണ്ടെത്തുന്നത്. 1874-ൽ സീഡ്ലർ ഉണ്ടാക്കിയ ഈ തന്മാത്ര അതുവരെ ഉപയോഗമില്ലാതെ കിടക്കുകയായിരുന്നു. ആഗോള മലമ്പനി നിർമ്മാർജനത്തിനു വേണ്ടി ലോകാരോഗ്യ സംഘടന വഴി DDT ഉപയോഗിച്ചത് അമ്പതുകോടി മനുഷ്യരുടെ ജീവൻ രക്ഷിച്ചു എന്നാണ് കണക്ക് (പെനിസില്ലിൻ രക്ഷിച്ചത് 8 കോടി മനുഷ്യരെയാണ്). ഇന്ത്യയിൽ മലമ്പനി മൂലം 1947-ൽ മാത്രം 8 ലക്ഷം പേർ മരിച്ചത് 1958-ആകുമ്പോഴേക്കും പൂജ്യമായി കുറഞ്ഞു എന്നത് എത്ര വലിയ വിപ്ലവം ആണെന്ന് ആലോചിക്കാവുന്നതേയുള്ളൂ. അതുകൊണ്ടാണ് ‘ഐൻസ്റ്റീനെക്കാളും ഉന്നതരായ ശാസ്ത്രജ്ഞർ’  എന്ന പുസ്തകത്തിൽ രണ്ടാമതായി പോൾമുള്ളരെക്കുറിച്ച് പറഞ്ഞിരിക്കുന്നത് (ആദ്യത്തേത് പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ നോർമൻ ബോർലോഗ് ആണ്).

Advertise

ദീർഘകാലം വിഘടിക്കാതെ പരിസ്ഥിതിയിൽ നിലനിൽക്കുക എന്ന സ്വഭാവം ഉള്ളതുകൊണ്ടാണ് ഡി.ഡി.റ്റി വീടിനകത്ത് തളിക്കുവാൻ വേണ്ടി ഉപയോഗിച്ചത് (Indoor Residual Spraying). ഉഷ്ണ രക്തമുള്ള ജീവികൾക്ക് വിഷശക്തി വളരെ കുറവായതുകൊണ്ടാണ് ഡി.ഡി.റ്റി കുട്ടികളുടെയും പട്ടാളക്കാരുടെയും ദേഹത്തും വീട്ടുപരിസരത്തും തെരുവുകളിലും തളിക്കാനുപയോഗിച്ചത്. എന്നാൽ, വ്യാപകമായ ഡി.ഡി.റ്റി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ശാസ്ത്രലോകം മനസ്സിലാക്കി. കീടങ്ങളുടെ പ്രതിരോധം, ജൈവസാന്ദ്രീകരണം, ജീവിവർഗ്ഗങ്ങളുടെ മേലുള്ള പ്രത്യാഘാതങ്ങൾ, പരിസ്ഥിതി മലിനീകരണം എന്നിവ ഗവേഷണ പ്രബന്ധങ്ങളായി പുറത്തുവന്നു. റേച്ചർ കാർസൺ  പുസ്തകരചനയിൽ ഇത്തരം വിവരങ്ങൾ ആധാരമാക്കുന്നുവെങ്കിലും അതിലെ ശാസ്ത്രീയവശങ്ങളെക്കാളേറെ തെളിവിന്റെ പിൻബലമില്ലാത്ത  അനുഭവകഥാഖ്യാനങ്ങൾക്കായിരുന്നു (Anecdotes) പ്രാമുഖ്യം നൽകിയത്.  നാടകീയവും അതിവൈകാരികവുമായ ഭാഷയാണ് വമ്പിച്ച ജനപ്രീതി നൽകിയത്. “കീടനാശിനികൾ റേഡിയേഷൻ പോലെയാണ്. അവ ജൈവശൃംഖലയിലേക്കു കയറി വിഷബാധയുടെയും മരണത്തിന്റെയും ഒരു ചങ്ങല തന്നെ സൃഷ്ടിക്കുന്നു. ഓര്ഗാനോ ക്ലോറിൻ സംയുക്തങ്ങൾ നശിക്കുന്നതേയില്ല" എന്നവർ എഴുതി. നമ്മുടെ പ്രകൃതിയിൽത്തന്നെ രേഖപ്പെടുത്തപ്പെട്ട 2500 ഓളം ഓർഗാനോഹാലൈഡുകളുണ്ടെന്നും, ക്രമേണയാണെങ്കിലും ഓർഗാനോ ക്ലോറിൻ സംയുക്തങ്ങൾ നശിക്കുമെന്നുമുള്ള വസ്തുതകൾ പിന്നീട് പുറത്തുവന്നു. അതേപോലെ “ഒരാൾ തന്റെ വീടിന്റെ ബേസ്മെന്റിൽ ഡിഡിടി തളിച്ചു. ഏഴു മാസങ്ങൾക്കു ശേഷം അവർക്ക് കാൻസർ പിടിപെട്ടു” തുടങ്ങിയ സ്റ്റേറ്റ്മെന്റുകളും 'നിശബ്ദ വസന്ത'ത്തിൽ കാണാം. ഡി.ഡി.ടി കീടനാശക സാന്ദ്രതയിൽ മനുഷ്യനിൽ കാൻസർ ഉണ്ടാക്കിയതായി തെളിവുകളില്ല. ഡിഡിടിയെ അർബുദകാരകതന്മാത്രകളിൽ 2A ഗ്രൂപ്പിൽ "ഒരു പക്ഷേ മനുഷ്യർക്ക് അർബുദകാരകമായേക്കാവുന്നവ" (Probably Carcinogenic to humans)  എന്ന കൂട്ടത്തിലാണ് കാൻസർ ഗവേഷണത്തിനുള്ള രാജ്യാന്തര ഏജൻസി പെടുത്തിയിരിക്കുന്നത്. "അങ്ങനെ വസന്തകാലം വന്നു. പക്ഷികൾ പാടിയതേയില്ല. നിശബ്ദമായ ഒരു വസന്തം" എന്ന തുടക്കം വായനക്കാരെ ഞെട്ടിപ്പിച്ചു. പക്ഷെ യഥാർത്ഥത്തിൽ അമേരിക്കയിൽ ഡി.ഡി.ടി തളിച്ച ശേഷവും വസന്തങ്ങൾ ഒന്നും തന്നെ നിശബ്ദമായിരുന്നില്ല. അതുപോലെ ‘The human price’ എന്ന അദ്ധ്യായത്തിൽ വ്യാപകമാകുന്ന  കാൻസർ രോഗത്തിനു കാരണം കീടനാശിനികളാണെന്ന് അവർ എഴുതി. എന്നാൽ പിന്നീടുവന്ന  പഠനങ്ങൾ പുകയിലയുടെയും മദ്യത്തിന്റെയും വ്യാപകമായ ഉപയോഗമാണ് കാൻസറിന്റെ ബാഹ്യകാരണങ്ങൾ (exogenous) എന്ന് സ്ഥിരീകരിച്ചു. പ്രായം കൂടുതലുള്ള ആൾക്കാരുള്ള സമൂഹത്തിൽ കാൻസർ നിരക്കും കൂടുതലായിരിക്കും എന്ന് നിസ്സംശയം വെളിവായി. ‘Through  narrow window’ എന്ന അധ്യായത്തിൽ (പേജ് 121) ബിഎച്ച്സിയും ലിൻഡേനും തളിച്ച ചെടികളുടെ വേരുകൾക്ക് ട്യൂമർ പോലുള്ള മുഴകൾ വന്നുവെന്ന് അവർ എഴുതി. അതായത്, സസ്യങ്ങളിൽ ഡിഡിറ്റി അനിയന്ത്രിത കോശ വിഭജനം ഉണ്ടാക്കുന്നു, അതേപോലെ ജീവികളിലും സംഭവിക്കാം എന്ന് വ്യംഗ്യം.  പക്ഷേ ഈ കീടനാശിനികൾ എത്രയോ രാജ്യങ്ങളിൽ എത്രയോ ഏക്കർ കാർഷിക വിളകളിൽ തളിച്ചിട്ടുണ്ട്. പക്ഷേ വേരുകളിൽ മുഴകൾ വരുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേ അധ്യായത്തിൽ ഡിഡിടിയും ബിഎച്ച്സിയും മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തിൽ പ്രവേശിച്ച് ബീജ-അണ്ഡകോശങ്ങളിലെത്തി സാന്ദ്രീകരിച്ച് അടുത്ത തലമുറയിൽ വൻതോതിൽ ജനിതക രോഗങ്ങൾക്കു കാരണമാകും എന്ന് എഴുതിയതിനും  ശാസ്ത്രീയ പിൻബലം ഒന്നും ഉണ്ടായിരുന്നില്ല. “The rumblings of an Avalanche” എന്ന അധ്യായത്തിൽ കീടങ്ങൾക്ക് എല്ലാത്തരം കീടനാശിനികൾക്കും എതിരെ പ്രതിരോധം വരാനും ഒടുവിൽ കീടനിയന്ത്രണം വിഫലമാവാനുമുള്ള സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. എന്നാൽ, കീടങ്ങളുടെ പ്രതിരോധം നിയന്ത്രിക്കാനുള്ള നിരവധി വഴികൾ ശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുള്ളതിനാൽ പ്രതിരോധം മൂലമുള്ള കീട വിസ്ഫോടനങ്ങൾ നിയന്ത്രിക്കപ്പെട്ടു.

Advertise

'നിശബ്ദവസന്ത'ത്തിലെ തെളിവധിഷ്ഠിതമല്ലാത്ത പരാമർശങ്ങൾ ഇനിയും ഏറെയുണ്ട്. അവ തല്ക്കാലം മാറ്റിവച്ചു വിഷകാരകശാസ്ത്രം (ടോക്സിക്കോളജി) ഈ വിമർശനങ്ങളെ വിശകലനം ചെയ്‌ത്‌ എങ്ങനെ മുന്നോട്ടു പോയി എന്നു നമുക്കു പരിശോധിക്കാം. ആദ്യ തലമുറ കീടനാശിനിയായ ഡിഡിടിയ്ക്ക് ഉഷ്ണ രക്തമുള്ള ജീവികളിൽ വിഷശക്തി കുറവായിരുന്നുവെങ്കിലും ഭക്ഷ്യ ശൃംഖലയിൽ ജൈവസാന്ദ്രീകരണത്തിനുള്ള പ്രവണത ഉണ്ടായിരുന്നു. പിന്നീടു വന്ന എൻഡ്രിൻ, ആൽഡ്രിൻ, ഹെപ്റ്റക്ലോർ തുടങ്ങിയവയ്ക്ക് വിഷശക്തി കൂടുതലായിരുന്നു. പക്ഷേ, ജൈവസാന്ദ്രീകരണ സ്വഭാവം ഇല്ലായിരുന്നു. എന്നാൽ പിന്നീട്  വികസിപ്പിച്ചെടുത്ത കീടനാശിനികൾ വിഷശക്തി കുറഞ്ഞതും ജൈവസാന്ദ്രീകരണ സ്വഭാവമില്ലാത്തതും സസ്തനികളെ ഏറെ ബാധിക്കാതെ കീടങ്ങളെ ഹനിക്കുന്നവയും ആയിരുന്നു. ഉദാ: സിന്തറ്റിക്ക് പൈറത്രോയിഡുകൾ, നിയോനിക്കോട്ടിനോയിഡുകൾ, കൈറ്റിൻ സിന്തസിസ് ഇൻഹിബിറ്ററുകൾ, ഡൈഅമൈഡുകൾ തുടങ്ങിയ ഗ്രൂപ്പുകൾ. ഒരു കീടനാശിനി സംയുക്തം FAO, WHO തുടങ്ങിയവ അംഗീകരിച്ച ലാബുകളിലെ എൺപതോളം പരിശോധനകൾ കഴിഞ്ഞാണ് അതത് രാജ്യങ്ങളിലെ നിയന്ത്രണ ഏജൻസികൾക്ക് വിപണനാനുവാദത്തിനു സമർപ്പിക്കപ്പെടുക. സസ്തനികൾക്കും ചിലതരം പക്ഷികൾക്കും തേനീച്ചകൾക്കും ചിലതരം മിത്രപ്രാണികൾക്കും എതിരെയുള്ള വിഷശക്തി, കാൻസർകാരികത, ഭ്രൂണത്തിന്മേലുള്ള പ്രത്യാഘാതം തുടങ്ങിയ പഠനങ്ങൾ അതിൽ ഉൾപ്പെടുന്നു. ഗുണദോഷവശങ്ങൾ പഠിച്ച ശേഷം അനുവാദം നേടിയവ മാത്രമാണ് വിപണിയിലെത്തുന്നത്. അതുകൊണ്ടുതന്നെ International Agency for Research on Cancer (I A R C ) എന്ന ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള മറ്റൊരു സംഘടനയുടെ കാൻസറുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുള്ള 121 രാസവസ്തുക്കളുടെ പട്ടികയിൽ  ഇന്ത്യയിൽ കാർഷിക ആവശ്യത്തിനുപയോഗിക്കുന്ന ഒറ്റ കീടനാശിനി പോലുമില്ല. അതേ സമയം ആധുനിക വൈദ്യത്തിലുപയോഗിക്കുന്ന (പ്രധാനമായും കാൻസർ ചികിത്സക്കായി ഉപയോഗിക്കുന്ന) 21 മരുന്നുകൾ ഈ പട്ടികയിലുണ്ട്. ഡിഡിടി, ബിഎച്ച്സി മുതലായ കീടനാശിനികൾ ഒരു ഹെക്ടറിന് 25കിലോഗ്രാം തോതിൽ പ്രയോഗിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ പുതിയ കീടനാശിനികൾ കേവലം 50 മുതൽ 500 വരെ മില്ലി ലിറ്റർ മാത്രമാണ് വേണ്ടിവരുന്നത് (വെള്ളത്തിൽ നേർപ്പിച്ച് ഉപയോഗിക്കാൻ). അതായത് കൃഷിയിടത്തിൽ ഉപയോഗിക്കുന്ന കീടനാശിനിയുടെ അളവ് 50 -500 മടങ്ങു കുറഞ്ഞുവെന്നർത്ഥം. സസ്യങ്ങളെ ബാധിക്കുന്ന കീടങ്ങളുടെ/രോഗാണുക്കളുടെ ജീവചക്രങ്ങൾ ആഴത്തിൽ പഠിച്ച് അവയിലെ ജൈവപ്രക്രിയകളെ മാത്രം ബാധിക്കുന്ന (അതായത് ഉയർന്ന ജീവികളിൽ വിഷകാരകമായി മാറാത്ത) രീതിയിലാണ് പുതിയ കൃഷിമരുന്നുകൾ തയ്യാർ ചെയ്യപ്പെട്ടിരിക്കുന്നത്. കീടങ്ങൾക്കിടയിലെ വൈവിധ്യം അനുസരിച്ച് വ്യത്യസ്തമായി പ്രവർത്തിക്കുന്നവയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉദാ: നിയോനിക്കോട്ടിനോയിഡുകൾ മൂട്ട വർഗ്ഗത്തിലുള്ളവയെ മാത്രമേ ഫലപ്രദമായി നിയന്ത്രിക്കുകയുള്ളൂ. എന്നാൽ, ഡൈഅമൈഡുകൾ ശലഭപോതങ്ങളെയാണ് കാര്യമായി ബാധിക്കുക. ഈ അറിവുകൾ വച്ച് മിത്രപ്രാണികളെ ബാധിക്കുന്നത് കുറയ്ക്കാൻ കഴിയുന്നു. ക്ലോറാൻട്രാനിലിപ്രോൾ മണ്ണിരകളെയും തവളകളെയും ബാധിക്കുകയില്ല. അതുകൊണ്ട് പാടശേഖരങ്ങളിൽ അനുയോജ്യമാണ്. ആധുനിക കീടനാശിനികൾ വളരെ വേഗത്തിൽ വിഘടിപ്പിക്കപ്പെടുന്നവയാണ്. സൂര്യപ്രകാശം, ചൂട്, സൂക്ഷ്മജീവികളുടെയും സസ്യങ്ങളുടെയും രാസാഗ്നികൾ എന്നിവയാണ് പ്രധാന വിഘടന ഹേതുക്കൾ.

Advertise

കീടനാശിനികൾ മുഴുവൻ കൃത്രിമ രാസവസ്തുക്കളാണെന്നാണ് പൊതുധാരണ. എന്നാൽ ഭൂരിപക്ഷ കീടനാശിനികളും സസ്യങ്ങളിലോ ജന്തുക്കളിലോ പൂപ്പലുകളിലോ ബാക്ടീരിയകളിലോ ഉള്ള രാസഘടകങ്ങളെ അതേപടി, അല്ലെങ്കിൽ സസ്തനികളെ ബാധിക്കാതിരിക്കാൻ പാകത്തിൽ തന്മാത്രാഘടന ചെറിയ തോതിൽ വ്യത്യാസപ്പെടുത്തി, വ്യാവസായികമായി നിർമ്മിക്കുന്നവയാണ്. ഉദാ: നിയോനിക്കോട്ടിനോയിഡുകൾ. പുകയിലയിലുള്ള നിക്കോട്ടിന്റെ ഘടന അടിസ്ഥാനമാക്കി നിർമ്മിച്ച കീടനാശിനികളാണിവ. എന്നാൽ മനുഷ്യരിൽ പ്രകൃതിജന്യ നിക്കോട്ടിനെക്കാളും കുറഞ്ഞ വിഷശക്തിയേ ഉണ്ടാക്കുന്നുള്ളൂ. സിന്തറ്റിക്ക് പൈറത്രോയിഡുകൾ, സ്പൈനോസിന്നുകൾ, സ്ട്രോബില്യൂറിൻ, കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ്, കാർബാമേറ്റുകൾ എന്നിവയാണ് മറ്റുദാഹരണങ്ങൾ. 'നിശബ്ദവസന്തം' രചിക്കപ്പെട്ട 1960-കളിൽ 5-10 കീടനാശിനികൾ മാത്രമേ അമേരിക്കയിൽ കാർഷിക അനുബന്ധ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നുള്ളൂ. എന്നാൽ ഇന്ന് 600-700 തരം കീടനാശിനികളാണ് അമേരിക്കയിലും യൂറോപ്പിലും ഉപയോഗിക്കുന്നത്. ഇന്ത്യയിൽ 290-300 തരം കീടനാശിനികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അവ 1960-കളിൽ ഉപയോഗിച്ചതിനേക്കാൾ വളരെയേറെ അളവിൽ ലോകത്ത് ഇന്ന് ഉപയോഗിക്കുന്നു. അതുവഴി ഭക്ഷ്യസുരക്ഷയും പോഷകസുരക്ഷയും ഉറപ്പാക്കാനും മനുഷ്യനും വളർത്തു മൃഗങ്ങൾക്കും സസ്യങ്ങൾക്കും രോഗങ്ങൾ പരത്തുന്ന കീടങ്ങളെ നിയന്ത്രിക്കുക വഴി സാംക്രമിക രോഗങ്ങൾ അമർച്ച ചെയ്യാനും സാധിക്കുന്നു. മനുഷ്യന്റെ പ്രതീക്ഷിതായുസ്സ് വർദ്ധിപ്പിക്കാൻ നമുക്ക് കഴിഞ്ഞത് കീടനാശിനികളെക്കൊണ്ടു കൂടിയാണ്. അവയെ നിയന്ത്രിക്കാനുള്ള നിരവധി വഴികളിൽ അവസാനത്തേതായിട്ടാണ് നാം കീടനാശിനികളെ ഉപയോഗിക്കുന്നത്. കീടങ്ങൾ വർദ്ധിച്ചു കഴിഞ്ഞാൽപ്പിന്നെ അവയെ നിയന്ത്രിക്കാനുള്ള ഏറ്റവും പ്രധാന വഴി കീടനാശിനി പ്രയോഗം തന്നെയാണ്. കഴിഞ്ഞ വർഷം ഉത്തരേന്ത്യയിൽ വെട്ടുകിളി ശല്യം വന്നപ്പോൾ മാലത്തയോൺ തളിച്ചാണ് അവയെ നിയന്ത്രിച്ചത്. നമ്മുടെ കിടപ്പു മുറികളിൽ കൊതുകിനെ തുരത്താൻ നാമുപയോഗിക്കുന്നതും കീടനാശിനികളാണല്ലോ. ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട തന്മാത്രകളാണ് കീടനാശിനികൾ - അതിനു പിന്നിലെ ചാലകശക്തി റേച്ചൽ കാർസൺ-ന്റെ 1962ലെഴുതിയ 'നിശബ്ദ വസന്ത'വും. ശാസ്ത്രജ്ഞരും ബുദ്ധിജീവികളും ഭരണാധികാരികളും മാധ്യമപ്രവർത്തകരും സാഹിത്യകാരന്മാരും തുടങ്ങി ജീവിതത്തിന്റെ സമസ്തതുറകളിൽപ്പെട്ടവരിൽ വലിയൊരു പങ്കും കാലഹരണപ്പെട്ട ഈ പുസ്തകത്തിന്റെ തടവുകാരാണ് എന്ന് പറയാം. കീടനിയന്ത്രണത്തിനുപയോഗിച്ച എൻഡോസൾഫാൻ ശാരീരിക-മാനസിക വൈകല്യങ്ങളും രോഗങ്ങളും വരുത്തി എന്ന കെട്ടുകഥയിൽ ഉടൻതന്നെ വിശ്വസിക്കുന്നത് അതുകൊണ്ടാണ്. ഡോ.മാധവ് ഗാഡ്ഗിൽ എഴുതിയത് നോക്കുക. “കീടനാശിനികൾ മനുഷ്യനിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല. ഇത്തരം ആഘാതങ്ങൾ പെട്ടെന്നുതന്നെ മാരകമാവുന്നതോ സാവധാനത്തിൽ ബാധിക്കുന്നതോ ആകാം. രക്താർബുദം, നാഡീവ്യൂഹത്തെ ബാധിക്കുന്ന തകരാറുകൾ, ജനിതക വൈകല്യങ്ങൾ, ഗർഭസ്ഥ ശിശുക്കളുടെ മരണം, ഓട്ടിസം തുടങ്ങിയ തലച്ചോറിനെ ബാധിക്കുന്ന ദീർഘകാലരോഗങ്ങൾ, ചർമ്മവീക്കം, ദീർഘകാല ശ്വാസകോശരോഗങ്ങൾ എന്നിവയൊക്കെ ഇതിന്റെ ഫലമായി മനുഷ്യരെ ബാധിക്കുന്ന രോഗങ്ങളാണ്.” ഒരു ശാസ്ത്രജ്ഞൻ എന്തടിസ്ഥാനത്തിലാണ് ആധുനിക കീടനാശിനികളെക്കുറിച്ച് ഇങ്ങനെ എഴുതുന്നത്? കീടനാശകസാന്ദ്രതയിൽ ഉപയോഗിച്ചാൽ ഈ വക രോഗങ്ങൾ വരുന്നുവെന്നതിന് തെളിവായി നികടപരിശോധന (പിയർ റിവ്യൂ) നടത്തി അംഗീകൃത ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ശാസ്ത്രപ്രബന്ധങ്ങൾ ഏതൊക്കെയാണ് എന്ന് വ്യക്തമാക്കാനുള്ള ചുമതല അദ്ദേഹത്തിനുണ്ട്. ശാസ്ത്ര സത്യങ്ങളും വൈകാരിക പ്രസ്താവനകളും വേർതിരിക്കാൻ ശാസ്ത്രമേഖല പിന്തുടരുന്ന മാർഗ്ഗമാണത്. തെളിവുകളുടെ പിരമിഡിൽ (Piramid of Evidence) ഏറ്റവും ഉയർന്ന തട്ടായ സമഗ്രാവലോകന (സിസ്റ്റമാറ്റിക് റിവ്യൂ) പ്രബന്ധങ്ങളാണ് പ്രതീക്ഷിക്കുന്നത്; അനുഭവകഥകളല്ല. അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ തെറ്റിദ്ധാരണ മൂലമാണെന്ന് വെളിവാക്കുന്ന എണ്ണമറ്റ പ്രബന്ധങ്ങൾ ഇപ്പോൾ ലഭ്യമാണ് എന്ന് കൂടി പറയട്ടെ.
കാസറഗോഡ് എൻഡോസൾഫാന്റെ പേരിൽ നടക്കുന്നത് വമ്പൻ തട്ടിപ്പാണ്. പരിസ്ഥിതി തീവ്രവാദികളും രാഷ്ട്രീയക്കാരും 'നിശബ്ദവസന്തം' വായിച്ചോ വായിക്കാതെയോ കീമോഫോബിയ പിടിച്ചവരും, സത്യം പുറത്തുപറയാൻ നട്ടെല്ലില്ലാത്ത മാധ്യമ പ്രവർത്തകരും ശാസ്ത്രമെന്തെന്നറിയാത്ത ഡോക്ടർമാരും സർവ്വോപരി ഇതിനെ സ്വന്തം കാലക്ഷേപത്തിനുപയോഗപ്പെടുത്തുന്ന ഭിക്ഷാംദേഹികളും ചില എൻജിഒ കളും ചേർന്നുനടത്തുന്ന നാടകം. കീടനാശക സാന്ദ്രതയിൽ ഉപയോഗിച്ച എൻഡോസൾഫാൻ ദേഹത്ത് നേരിട്ട് വീണാലോ, ശ്വസിച്ചാലോ, അതുകലർന്ന വെള്ളം വർഷത്തിൽ ചില തവണ കുടിച്ചാലോ മനുഷ്യന് ഒരു ചുക്കും സംഭവിക്കുകയില്ല. കീടങ്ങളുടെ ശരീര ഭാരത്തെക്കാളും പത്തുലക്ഷം മടങ്ങ് ശരീര ഭാരമുണ്ട് മനുഷ്യന് എന്നതാണ് അതിന്റെ സേഫ്റ്റി മാർജിൻ. ലോകത്തെങ്ങും 60 വർഷത്തോളംകാലം ടൺ കണക്കിൽ ഉപയോഗിക്കപ്പെട്ട ഒരു കീടനാശിനി കാസറഗോഡ് മാത്രം രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കി എന്ന് കേവലം ഒരു ബഡ്സ് സ്കൂൾ നിവാസികളെ കാണുമ്പോൾ വിശ്വസിച്ചുപോകുന്ന ശാസ്ത്രജ്ഞന് എന്ത് യുക്തിചിന്ത (ക്രിട്ടിക്കൽ തിങ്കിങ്ങ്) ആണ് ഉള്ളത് എന്നു സംശയിച്ചു പോകുന്നു. ബഡ്സ്സ്കൂൾ പെരിയയിലെ എൻഡോസൾഫാൻ തളിക്കപ്പെട്ട പ്രദേശങ്ങളിൽ മാത്രമാണോ ഉള്ളത്? എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലുമില്ലേ? എൻഡോസൾഫാൻ തളിക്കപ്പെട്ട പ്രദേശങ്ങളിലൊന്നുംതന്നെ തളിക്കപ്പെടാത്ത പ്രദേശങ്ങളേക്കാൾ അധികമായി ആരോഗ്യപ്രശ്നങ്ങളില്ല എന്ന് എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ വന്ന, ഈ ലേഖകൻ എഴുതിയ, പ്രബന്ധത്തിൽ കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട് (EPW 2021, വോള്യം 56, പേജ് 45 -53 ) അവസാനമായി പറയട്ടെ, ഭോപ്പാലും കാസറഗോഡും തമ്മിലുള്ള താരതമ്യം അസംബന്ധവും യുക്തിഹീനവുമാണ്. ഭോപ്പാലിൽ നടന്നത് ഒരു വ്യവസായിക ദുരന്തമാണ്. ഒരു കീടനാശക തന്മാത്രയുടെ നിർമ്മാണത്തിനായി സാന്ദ്രത കൂടിയ അളവിൽ സ്റ്റോക്കുചെയ്യപ്പെട്ട ഒരു രാസവസ്തുവിന്റെ (കീടനാശിനിയല്ല) ചോർച്ചയാണ്. ഒരു നഗരത്തിലെ വ്യവസായിക ശാലയിൽ നടന്ന ദുരന്തം. എന്നാൽ കാസറഗോഡ് നടക്കുന്നത് ഏതുനാട്ടിലും ഒരു സ്വാഭാവികപ്രാബല്യത്തിലുള്ള (അംഗപരിമിത സെൻസസ് 2015 വായിക്കുക) മാനസിക-ശാരീരിക വൈകല്യമുള്ള കുട്ടികളെ ഉപയോഗിച്ചുകൊണ്ടുള്ള പ്രചരണവും മുതലെടുപ്പും. അവയെങ്ങനെ തുല്യമാകും? ഗാഡ്ഗിൽ വീണ്ടുമെഴുതുന്നു “എൻഡോസൾഫാൻ മനുഷ്യരിലുണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ വെളിച്ചത്തിൽ 2011-ൽ സ്റ്റോക്ക്ഹോമിൽ ചേർന്ന അന്താരാഷ്ട്ര സമ്മേളനം എൻഡോസൾഫാൻ നിരോധിച്ചു” ഇത് വളരെ തെറ്റിദ്ധാരണാജനകമാണ്. മനുഷ്യരിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ പേരിലല്ല എൻഡോസൾഫാൻ നിരോധിക്കപ്പെട്ടത്. മറിച്ച് അത് ഒരു സ്ഥാവരജൈവവിഷമാണ് എന്ന് തിരുമാനിച്ചതിന്റെ പേരിലാണ്. സ്ഥാവരജൈവവിഷനിയന്ത്രണത്തിനായുള്ള ആഗോള ഉടമ്പടിയിൽ (സ്റ്റോക്ഹോം കൺവെൻഷൻ) ഒപ്പിട്ട അംഗരാജ്യങ്ങൾ എൻഡോസൾഫാൻ നിരോധിക്കുകയാണുണ്ടായത്. ഒരു ശാസ്ത്രജ്ഞൻ സമൂഹത്തിൽ ഏറെ വായിക്കപ്പെടുന്ന ഒരു മാഗസിനിൽ എഴുതുമ്പോൾ വസ്തുതകൾ പരിശോധിക്കണമായിരുന്നു. നിരന്തരാന്വേഷണവും സ്വയം പരിഷ്കരണവും ഓരോ പൗരന്റെയും ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നത് ഓർമിപ്പിക്കട്ടെ. കൃത്യമായ വിവരങ്ങൾ വളച്ചൊടിക്കാതെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ബാധ്യത ഈ ലേഖനം അച്ചടിച്ച പ്രസിദ്ധീകരണത്തിനുണ്ടെന്നതും കൂട്ടിച്ചേർക്കുന്നു.

profile

Dr K M Sreekumar
Professor
Kerala Agricultural University

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.