Monday, December 23, 2024

ചിക്കന്‍ മാനിഫെസ്റ്റോ

ഒരിക്കൽ ഒരു ചെറിയ ഗ്രാമത്തിൽ അതി വിചിത്രമായ ഒരു സംഭവം അരങ്ങേറുകയുണ്ടായി. അവിടുത്തെ പൂവൻ കോഴികളുടെ പെരുമാറ്റത്തിൽ അപ്രതീക്ഷിതമായ ചില മാറ്റങ്ങൾ.

മുൻപൊക്കെ വെളുപ്പിന് കൂവിക്കൊണ്ടിരുന്ന പൂവന്മാർ ഇപ്പോൾ സദാസമയവും കൂവി നടക്കുന്നു. ഗ്രാമത്തിന്റെ സ്വൈര്യ ജീവിതത്തിന് ഇത് വലിയ ഭീഷണിയായി. കുട്ടികൾക്ക് പഠിക്കാൻ പറ്റുന്നില്ല , സിനിമാ പ്രാന്തന്മാർക്ക് സിനിമ കാണാൻ പറ്റുന്നില്ല , സാഹിത്യ സ്നേഹികൾക്ക് വായിക്കാൻ പറ്റുന്നില്ല , മനുഷ്യർക്ക് സ്വസ്ഥമായി പ്രണയിക്കാൻ പോലും പറ്റുന്നില്ല .സർവം ബഹളമയം. ഒന്നോ രണ്ടോ കോഴികളല്ല, ഒരു ഗ്രാമത്തിലെ മുഴുവൻ കോഴികളുമാണ് കുറ്റക്കാർ. നാട്ടുകാർ ആകെ ആശയക്കുഴപ്പത്തിലായി.ചിന്തിച്ച് ചിന്തിച്ച് ഒടുവിൽ അവർ നീതിയുടെ പാതയിൽ ചലിക്കാൻ തീരുമാനിച്ചു. ഗ്രാമത്തിലെ നീതിനിർവഹണത്തിന്റെ ചുമതല കേശവൻ പോറ്റി എന്ന നാട്ടു തലവനും അദേഹത്തിന്റെ പരിവാരങ്ങൾക്കുമാണ്.നാട്ടുകാർ ഒരോരുത്തരായും കൂട്ടമായും കൂട്ടങ്ങളുടെ കൂട്ടമായും പരാതികൾ സമർപ്പിക്കാൻ തുടങ്ങി. മനുഷ്യസാധ്യമായ അശ്രദ്ധയുടെയും അവഗണനയുടെയും പരമോന്നതിയിൽ നിന്നു കൊണ്ട് കേശവൻ പോറ്റി ആ പരാതികളത്രയും വായിച്ചു.

Advertise

advertise

Click here for more info

നൂറുകണക്കിന് പരാതികളുണ്ടെങ്കിലും അവയുടെയെല്ലാം ഉള്ളടക്കം ഒന്നു തന്നെയായതിനാൽ ഒറ്റ വാക്യത്തിൽ മറുപടി പറയാം എന്ന് കേശവൻ പോറ്റി വിചാരിച്ചു. എന്നാൽ സന്ദർഭത്തിന്റെ അനിവാര്യത വാക്യത്തിന്റെ എണ്ണം ഒന്നിൽ നിന്ന് മൂന്നിലേക്ക് വളരുന്നതിന് കാരണമായി.
ഇങ്ങനെയായിരുന്നു ആ മറുപടി.

പ്രശ്നം കോഴികളുടേതല്ല.
നിങ്ങളുടെ കാതുകളുടേതാണ്.
അത് മൂടിവയ്ക്കുക.

നാട്ടുകാർ ഒന്നും മിണ്ടാനാകാതെ പിരിഞ്ഞു പോയി. ഒരു വിപ്ലവകാരി മാത്രം അവിടെ കുറ്റിയടിച്ചു നിന്നു.
എന്തേ? കേശവൻ പോറ്റി ചോദിച്ചു. അല്ല , എന്നാലും എന്തെങ്കിലുമൊരു പരിഹാരം കണ്ടൂടേ ? ചോദ്യം കഴിഞ്ഞതും കേശവൻ പോറ്റിയുടെ മീശത്തുമ്പുകൾ കാറ്റത്ത് ആലിലയെന്ന പോലെ വിറയ്ക്കാൻ തുടങ്ങി. കണ്ണുകൾ കമ്മ്യൂണിസ്റ്റ് കൊടി പോലെ രക്തനിറം പൂണ്ടു. പരിവാരങ്ങളുടെ കയ്യിലേക്ക് എവിടെ നിന്നെന്നറിയാതെ കുറുവടികളും മുളവടികളും വന്നു ചേർന്നു. ഭാവിയിലെ വലിയ വിപ്ലവങ്ങൾക്ക് തന്റെയി വിശുദ്ധ ശരീരം ആവശ്യമാണെന്ന അറിവു നേടിയ വിപ്ലവകാരി ക്ഷണനേരത്തിൽ രംഗം വിട്ടു. പ്രശ്നം പരിഹരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല പുതിയ പ്രശ്നങ്ങൾ ആരംഭിക്കുകയും ചെയ്തു. പൂവന്മാരുടെ ശൈലിയൊക്കെയൊന്ന് മാറി. ഗ്രാമമുഖ്യന്റെ നിലപാട് തങ്ങൾക്കുള്ള രഹസ്യ പിൻതുണയായി കോഴി മുഖ്യന്മാർ കരുതിപ്പോന്നു. ആ ചിന്ത അവരുടെ തോന്ന്യവാസ പ്രവർത്തന മണ്ഡലങ്ങളെ വികസിപ്പിക്കാനും പുതിയ ആക്രമരീതികൾ ആവിഷ്കാരിക്കാനുമുള്ള പ്രചോദനമായി ഭവിച്ചു.

Advertise

advertise

Click here for more info

ഒരിക്കൽ കുഞ്ഞാമിന സ്കൂളിൽ പോകുമ്പോൾ ഒരു പൂവൻ കോഴി വഴിയിൽ അവളെ കാത്തു നിന്നു. അവളുത്തടുത്ത് വരും തോറും കോഴിയുടെ വിധവും മാറാൻ തുടങ്ങി. തൂവലുകൾ വിടർത്തി ഒരു കാലുയർത്തി അവനെന്തിനോ തയ്യാറെടുക്കുന്നു. ചുവന്ന കണ്ണുകൾ, രക്തക്കട്ട പോലെ തലപൂക്കൾ, വിടർന്ന തൂവലുകൾ, മൂർച്ചയേറിയ കൊക്ക് . പൂവന്റെ രൂപവും ഭാവവും ആ നിൽപ്പും കുഞ്ഞാമിനയെ ഭയപ്പെടുത്താൻ പോന്നതായിരുന്നു. അവൾ തിരിഞ്ഞോടാൻ തുടങ്ങി. പുറകേ അവളേക്കാൾ വേഗത്തിൽ പൂവനും പാഞ്ഞു. കോഴി തന്റെ പുറകേ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ കുഞ്ഞാമിന വേഗം പരമാവധി കൂട്ടി, കോഴിയും.

ഓടി ഓടി കുഞ്ഞാമിന അവളുടെ വീടിന്റെ മുന്നിലെത്തി. വീടുകണ്ട ആശ്വാസത്തിൽ വേഗം അൽപം കുറച്ചതാണോ അതോ അവൾ തളർന്നു പോയതാണോ.ഏതായാലുംഅവളുടെ കാലിൽ കൃത്യമായി പറഞ്ഞാൽ ഉപ്പൂറ്റിയുടെ മുകളിൽ പൂവൻ ആദ്യത്തെ കൊത്തു വീഴ്ത്തി. അവളാകട്ടെ പേടികൊണ്ട് വീണും പോയി. പൂവൻ അവളുടെ ഇടത്തെ കൈ വെള്ളയിൽ ആഞ്ഞ് ആഞ്ഞ് കൊക്കുകൾ താഴ്ത്തി. ആൾപ്പെരുമാറ്റം കേട്ടപാടേ പൂവൻ എവിടേക്കെന്നില്ലാതെ അപ്രത്യക്ഷനായി. ഇതായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ കൊത്ത് കേസ്.

Advertise

advertise

Click here for more info

പിന്നീട് ഇത് തുടർക്കഥയായി. കൂടുതലും പെൺകുട്ടികളാണ് പൂവൻ കോഴികളുടെ അക്രമത്തിനിരയായത്. ഉറങ്ങിക്കിടന്ന ഗിരിജയെന്ന കൗമാരക്കാരിയുടെ മൂക്ക് കൊത്തിപ്പറിച്ചതാണ് റിപ്പോർട്ട് ചെയ്യപ്പെട്ട അവസാനത്തെ കേസ്. ജനലുകളും വാതിലുകളും അടച്ചിട്ടിരുന്ന വീട്ടിൽ കോഴി എങ്ങനെ കയറിപ്പറ്റിയെന്നതും അക്രമത്തിന് ശേഷം എങ്ങോട്ട് അപ്രത്യക്ഷനായി എന്നതും ഒരു പ്രഹേളികായി അവശേഷിച്ചു.
കോഴികളെ കൊന്ന് തീർത്ത് പ്രശ്നം പരിഹരിച്ചു കൂടേ എന്നൊരു സംശയം സ്വാഭാവികമായും നിങ്ങൾക്ക് ഉണ്ടായിക്കാണുമല്ലോ. ഗ്രാമീണർ മുഴുവൻ അഹിംസാവാദികൾ ആയതു കൊണ്ടല്ല, മറിച്ച് അതിന് രണ്ട് പ്രായോഗിക തടസ്സങ്ങളുണ്ടായിരുന്നു എന്നതിനാലാണ് നാട്ടുകാർ ആ വഴി തിരഞ്ഞെടുക്കാഞ്ഞത്. ഒന്ന്. കോഴികളെ ഉന്മൂലനം ചെയ്യാനുള്ള അധികാരം കേശവൻ പോറ്റിയ്ക്കും അയാളുടെ കൂലിപട്ടാളത്തിനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ഗ്രാമനിയമത്തെ മറികടന്ന് സായുധ വിപ്ലവത്തിലൂടെ കോഴികളെ ഉന്മൂലനം ചെയ്യാനും അങ്ങനെ ഗ്രാമവാസികളെ വിമോചനത്തിലേക്ക് നയിക്കാനും നമ്മൾ ആദ്യം പരിചയപ്പെട്ട വിപ്ലവകാരിയുടെ നേതൃത്വത്തിൽ ഒരു ചെറുസംഘം രൂപപ്പെടുകയുണ്ടായിരുന്നു. ഇവിടെയാണ് രണ്ടാമത്തെ പ്രശ്നം തലപൊക്കുന്നത്.അക്രമിക്കപ്പെട്ടവരുടെ മൊഴി പ്രകാരം കോഴികൾ അക്രമത്തിന് ശേഷം അപ്രത്യക്ഷരായിപ്പോകുകയാണ് ചെയ്യുന്നത്. അവരപ്രത്യക്ഷരാകുകയല്ല, മറിച്ച് പെട്ടെന്ന് മനസ്സിലാകാത്ത മറ്റേതോ രൂപത്തിലേക്ക് മാറുകയാണ് ചെയ്യുന്നതെന്ന് ചില തലമൂത്തവർ അഭിപ്രായം പാസ്സാക്കി. കാര്യമെന്തായാലും കോഴികളെ കൊല്ലാൻ കിട്ടുന്നില്ല. അഥവാ കിട്ടിയാൽ തന്നെ കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് മറഞ്ഞു കളയുന്നു.

കേശവൻ പോറ്റിയുടെ വീട്ടിലേക്ക് പരാതികളുടെ പ്രവാഹം. പരാതിക്കടലാസുകൾ കൊണ്ട് പുര നിറഞ്ഞു. ഗത്യന്തരമില്ലാതെ കേശവൻ പോറ്റി നാട്ടുകാരെ കാണാൻ തീരുമാനിച്ചു.
നിറഞ്ഞു നിൽക്കുന്ന ജനക്കൂട്ടത്തെ നോക്കി പോറ്റി ഇപ്രകാരം അരുൾ ചെയ്തു. "നിങ്ങളുടെ ശരീരത്ത് മുറിവേൽക്കാതെ നോക്കേണ്ട ചുമതല നിങ്ങൾക്ക് മാത്രമാണ്. ഒന്നുകിൽ നിങ്ങൾ പുറത്തിറങ്ങാതിരിക്കുക. അല്ലെങ്കിൽ നിങ്ങൾ പുറത്തിറങ്ങുമ്പോൾ മറ്റാരെയെങ്കിലും കൂട്ടിന് കൂട്ടുക. അച്ഛനെയോ ആങ്ങളെയെയോ ഭർത്താവിനെയോ ആരെയെങ്കിലും.!! ഒറ്റയ്ക്കു പോകുമ്പോൾ മാത്രമാണ് അക്രമം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. "

"എന്നാലും അങ്ങനെയല്ലല്ലോ.."
വിപ്ലവകാരിയുടെ ശബ്ദം !

"ഞാനൊരിക്കൽക്കൂടെ പറയുന്നു. നിങ്ങളുടെ ശരീരത്തിൽ മുറിവേൽക്കാതെ നോക്കേണ്ട ചുമതല നിങ്ങൾക്ക് മാത്രമാണ്."

Advertise

advertise

click here for more info

ആ വാക്യത്തിലെ ഗൂഢാർത്ഥം പിടികിട്ടിയ വിപ്ലവകാരി നിശബ്ദനായി എവിടേക്കോ നടന്നു മറഞ്ഞു. ഇതത്രയും മറഞ്ഞു നിന്നു കേൾക്കാൻ നിയോഗിക്കപ്പെട്ട ഒരു പൂവൻ കോഴിയുണ്ടായിരുന്നു. വിപ്ലവകാരി നടന്നു മറഞ്ഞതിന് പുറകേ അവനും അവന്റെ സങ്കേതത്തിലേക്ക് തിരിച്ചു നടന്നു. ആരാലും പൊരുൾ കണ്ടുപിടിക്കാൻ സാധിക്കാത്ത ഒരു ഗൂഢഭാവം അവന്റെ മുഖത്തുണ്ടായിരുന്നു. പിറ്റേന്ന് മൂന്ന് ഞെട്ടിപ്പിക്കുന്ന വാർത്തകൾ കേട്ടുകൊണ്ടാണ് ഗ്രാമം ഉറക്കമുണർന്നത്. കേശവൻ പോറ്റി കൊല്ലപ്പെട്ടു എന്നതായിരുന്നു ആദ്യത്തേത്. ശരീരത്തിൽ വീണ ആയിരക്കണക്കിന് ചെറിയ മുറിവുകളിലൂടെ രക്തം വാർന്നൊഴുകിയാണ് അദേഹം മരണപ്പെട്ടത്. കണ്ണുകളും നാവും ശരീരത്തിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. കുഞ്ഞാമിനയുടെ കാലിൽ വീണ മുറിവിനും പോറ്റിയുടെ ദേഹത്തെ മുറിവുകൾക്കും ആകൃതിയിലും പ്രകൃതിയിലും സാമ്യങ്ങളുണ്ട് എന്ന് ശവം കണ്ട ഏതോ ഒരാൾ അഭിപ്രായം പാസാക്കി. അതേത്തുടർന്ന് ഒരു ഉന്നതാന്വേഷണ സംഘം ഗ്രാമത്തിലേക്ക് തിരിച്ചു. പൂവൻ കോഴികൾ കൂവാതെയാണ് അന്ന് നേരം വെളുത്തത് എന്നതാണ് രണ്ടാമത്തെ വാർത്ത. അന്നെന്നല്ല പിന്നീടൊരിക്കലും ആ ഗ്രാമത്തിൽ പൂവൻ കോഴികൾ കൂവിയിട്ടേയില്ല.കാരണം ആ ഗ്രാമത്തിലെ പൂവന്മാരെല്ലാം കൂട്ടത്തോടെ അപ്രത്യക്ഷരായിരുന്നു. പൂവൻ കോഴികളോടൊപ്പം വിപ്ലവകാരിയെയും അയാളുടെ സംഘത്തെയും ഗ്രാമത്തിൽ നിന്ന് കാണാതായി എന്നതാണ് മൂന്നാമത്തെ വാർത്ത. ഇരുൾ നിറഞ്ഞ ആ രാത്രിയിൽ അവർ ഗ്രാമാതിർത്തിയിലെ നിഗൂഢ വനത്തിലേക്ക് നടന്നുകയറുന്നത് ഒരു പൂവൻ കോഴി മാത്രം കണ്ടു. കാടും മേടും പിന്നിട്ട് ഒരു താഴ് വരയില്‍ സംഘം വിശ്രമിക്കാനിരുന്നു. തന്റെ മുന്നിലുള്ള നിശ്ചലമായ ഒരു തടാകത്തിലേക്ക് നോക്കി വിപ്ലവകാരി ചിന്തയിലാണ്ടു. കുളത്തിൽ കല്ല് തെറ്റിക്കുന്ന കുട്ടിയുടെ കൗതുകത്തോടെ അയാൾ ആ തടാകത്തിലേക്ക് എന്തോ എടുത്തെറിഞ്ഞു. വെള്ളത്തിൽ മുക്കിത്താണു പോയ ആ വസ്തുവിന് ഒരു കോഴിത്തലയുടെ ആകൃതിയായിരുന്നുവെന്ന് ചില നാട്ടുപാട്ടുകളിൽ എഴുതപ്പെടുകയും ചെയ്തു.

By
Justin V S

profile

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.