Monday, December 23, 2024

പ്രപഞ്ച വികാസം ചോദ്യം ചെയ്യപ്പെടുന്നു

പ്രപഞ്ചോല്പത്തീ പരിണാമത്തെക്കുറിച്ച് ഇന്ന് നിലവിലുള്ള ഏറ്റവും പ്രബലമായ സിദ്ധാന്തം മഹാവിസ്‌ഫോടന മാതൃക തന്നെയാണ്. ദ്രവ്യ-ഊര്‍ജ സാന്ദ്രത അനന്തമായ വൈചിത്ര്യത്തില്‍ (singularity) ഉണ്ടായ മഹാവിസ്‌ഫോടനത്തെ തുടര്‍ന്ന് പ്രപഞ്ചം വികസിക്കാനാരംഭിച്ചു. ആ വികാസം ഇന്നും തുടരുകയാണ്. ഒരു ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ അതിലെ ചിത്രങ്ങള്‍ പരസ്പരം അകന്നുപോകുന്നതുപോലെ നക്ഷത്രസമൂഹങ്ങള്‍ പരസ്പരം അകന്നുകൊണ്ടിരിക്കുകയാണ്. ബലൂണിലെ ചിത്രങ്ങള്‍ക്കെന്നപോലെ പ്രപഞ്ചത്തിനും ഒരു കേന്ദ്രബിന്ദു കണ്ടെത്താനാവില്ല.
പരമ്പരാഗത മഹാവിസ്‌ഫോടന മാതൃകയുടെ വിശ്വാസ്യത ചോദ്യംചെയ്യുന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത് ജര്‍മനിയിലെ ഹൈഡല്‍ബെര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ സൈദ്ധാന്തിക ശാസ്ത്രജ്ഞനായ ക്രിസ്‌റ്റോഫ് വെറ്റെറിച്ച് ആണ്. പ്രപഞ്ചം വികസിക്കുന്നില്ലെന്നും മൗലിക കണങ്ങള്‍ക്ക് പിണ്ഡം വര്‍ധിക്കുന്നതുകൊണ്ടുള്ള മിഥ്യാദര്‍ശനം മാത്രമാണ് ഗാലക്‌സികളുടെ പലായനമെന്നുമാണ് ക്രിസ്റ്റോഫ് വാദിക്കുന്നത്. നേച്ചര്‍ ന്യൂസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ക്രിസ്‌റ്റോഫ് ഈ വാദമുന്നയിച്ചിരിക്കുന്നത്. ക്രിസ്റ്റോഫിന്റെ വാദത്തെ ശാസ്ത്രസമൂഹം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഈ മാതൃകയനുസരിച്ച് പരമ്പരാഗത മഹാവിസ്‌ഫോടന സിദ്ധാന്തത്തില്‍ മുഴച്ചുനില്‍ക്കുന്ന വൈചിത്ര്യ പ്രഹേളികയെ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയും.
ഏതെങ്കിലുമൊരു ഖഗോള ദ്രവ്യപിണ്ഡം ഭൂമിയില്‍നിന്ന് അകലുകയോ ഭൂമിയെ സമീപിക്കുകയോ ചെയ്യുന്നത് കണ്ടെത്തുന്നതിന് ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന സങ്കേതമാണ് ഡോപ്ലര്‍ ഷിഫ്റ്റിംഗ് അഥവാ ചുമപ്പുനീക്കം. ദ്രവ്യപിണ്ഡം ആഗിരണം ചെയ്യുകയോ ഉത്സര്‍ജിക്കുകയോ ചെയ്യുന്ന പ്രകാശതരംഗങ്ങളുടെ ആവൃത്തിയെ ആശ്രയിച്ചാണ് ഈ സങ്കേതം പ്രവര്‍ത്തിക്കുന്നത്. ഒരു ഖഗോള പ്രതിഭാസം ഭൂമിയില്‍ നിന്ന് അകന്നുപോവുകയാണെങ്കില്‍ അവ ഉത്സര്‍ജിക്കുന്ന പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം വര്‍ധിക്കുകയും വിദ്യുത്കാന്തിക സ്‌പെക്ട്രത്തിലെ ഇന്‍ഫ്രാറെഡ് ശ്രേണിയിലേക്ക് നീങ്ങുകയും ചെയ്യും. ഇതാണ് ചുമപ്പുനീക്കം എന്നറിയപ്പെടുന്നത്. ഭൂമിയെ സമീപിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണെങ്കില്‍ പ്രകാശകിരണങ്ങളുടെ നീക്കം ആവൃത്തി കൂടിയ നീല ശ്രേണിയിലേക്കായിരിക്കും. ചുമപ്പുനീക്കത്തിന്റെ ഈ വിപരീത പ്രതിഭാസത്തിന് നീലനീക്കം എന്നാണ് പറയുന്നത്. 1920കളില്‍ തന്നെ ജോര്‍ജ് ലെമൈത്ര, എഡ്വിന്‍ ഹബിള്‍ തുടങ്ങിയ ജ്യോതിശാസ്ത്രജ്ഞര്‍ വിദൂര നക്ഷത്രസമൂഹങ്ങള്‍ എല്ലാം ചുമപ്പുനീക്കം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നു കണ്ടെത്തി. അകലം കൂടുന്നതിനനുസരിച്ച് ചുമപ്പുനീക്കവും ശക്തമാകുന്നുണ്ട്. ഈ കണ്ടെത്തലോടുകൂടിയാണ് വികസിക്കുന്ന പ്രപഞ്ചമെന്ന പരികല്പനയില്‍ ശാസ്ത്രലോകം എത്തിച്ചേര്‍ന്നത്.
ക്രിസ്‌റ്റോഫ് വെറ്ററിച്ച് വിരല്‍ചൂണ്ടുന്നത് മറ്റൊരു സാധ്യതയിലേക്കാണ്. ആറ്റങ്ങളില്‍നിന്ന് ഉത്സര്‍ജിക്കപ്പെടുന്ന പ്രകാശത്തിന്റെ സവിശേഷതകള്‍ അവയിലുള്ള മൗലിക കണങ്ങളുടെ- വിശേഷിച്ചും ഇലക്ട്രോണുകളുടെ പിണ്ഡത്തെ ആശ്രയിച്ചാണിരിക്കുന്നത്. മൗലിക കണങ്ങളുടെ ഭാരം വര്‍ധിക്കുന്നതിനനുസരിച്ച് ഉത്സര്‍ജിക്കപ്പെടുന്ന പ്രകാശകണങ്ങളുടെ (photons) ഊര്‍ജനിലയും വര്‍ധിക്കും. ഊര്‍ജനില വര്‍ധിക്കുകയെന്നാല്‍ അതിനര്‍ഥം പ്രകാശകിരണങ്ങളുടെ തരംഗദൈര്‍ഘ്യം കുറയുകയെന്നാണ്. ഇതുതന്നെയാണ് നീലനീക്കത്തിലും സംഭവിക്കുന്നത്. ഇതിനു വിപരീതമായി ആറ്റങ്ങളുടെ പിണ്ഡം കുറയുകയാണെങ്കില്‍ അവ ഉത്സര്‍ജിക്കുന്ന ഫോട്ടോണുകളുടെ ഊര്‍ജനില താഴുകയും തരംഗദൈര്‍ഘ്യം വര്‍ധിച്ച് ചുമപ്പുനീക്കം പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
ഇനി ക്രിസ്റ്റോഫിന്റെ സിദ്ധാന്തം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നു നോക്കാം. പ്രകാശപ്രവേഗം ഒരു ക്ലിപ്തസംഖ്യയാണ്. അതു സഞ്ചരിക്കുന്നത് സമയത്തെ ആധാരമാക്കിയുമാണ്. ഒരു വിദൂര നക്ഷത്രസമൂഹത്തെ നിരീക്ഷിക്കുന്ന ഭൂമിയിലുള്ള നിരീക്ഷകന്‍ കാണുന്നത് ലക്ഷങ്ങളോ കോടികളോ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന നക്ഷത്രസമൂഹത്തിന്റെ ദൃശ്യമാണ്. പ്രപഞ്ചത്തില്‍ കൂടുതല്‍ ദൂരേയ്ക്ക് നോക്കുകയെന്നാല്‍ ഭൂതകാലത്തിലേക്ക് നോക്കുകയെന്നാണ് അര്‍ഥമാക്കുന്നത്. വിദൂര ഗാലക്‌സികള്‍ പ്രദര്‍ശിപ്പിക്കുന്ന ചുമപ്പുനീക്കം അവയിപ്പോഴും അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാകണമെന്നില്ല. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് പിണ്ഡം കുറഞ്ഞ മൗലികകണങ്ങള്‍ കൊണ്ട് നിര്‍മിക്കപ്പെട്ട ദ്രവ്യരൂപങ്ങള്‍ ഉത്സര്‍ജിച്ച ഊര്‍ജനില കുറഞ്ഞ ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള പ്രകാശമാണ് ഇന്ന് നിരീക്ഷകന്റെ കണ്ണുകളിലെത്തുന്നത്. ഇതൊരിക്കലും വിദൂര ഗാലക്‌സികള്‍ അകന്നുപോകുന്നതിന്റെ സൂചനയായി കണക്കാക്കാന്‍ കഴിയില്ല. ഇന്നുകാണുന്ന ഈ മഹാപ്രപഞ്ചം സ്ഥിരമാണ്, അത് വികസിക്കുന്നില്ല- അല്ലെങ്കില്‍ അത് സങ്കോചിക്കാന്‍ തുടങ്ങുകയാണ്. അതിന്റെ സൂചനയാണ് മൗലിക കണങ്ങളുടെ ഭാരവര്‍ധനവെന്നാണ് ക്രിസ്‌റ്റോഫ് വാദിക്കുന്നത്.
ക്രിസ്റ്റോഫ് വെറ്ററിച്ചിന്റെ ആശയങ്ങള്‍ ഗംഭീരമാണെങ്കിലും വലിയൊരു പ്രശ്‌നം കീറാമുട്ടിയായി നിലനില്‍ക്കുന്നുണ്ട്. ഈ പുതിയ സമീപനം ഗണിതപരമായി സ്ഥാപിക്കാന്‍ കഴിയുമെങ്കിലും നേരിട്ട് പരീക്ഷിച്ചറിയാന്‍ കഴിയില്ല. ഉദാഹരണമായി ഭാരമെന്നത് അളക്കുന്നതിനുള്ള ഒരു മാനമാണ്. മറ്റേതെങ്കിലും ഒന്നിനോട് ആപേക്ഷികമായി മാത്രമേ അളക്കാന്‍ സാധിക്കൂ. ക്രിസ്റ്റോഫിന്റെ സിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിലുള്ളതിനെല്ലാം mass വര്‍ധിക്കുകയാണെങ്കില്‍ മൗലിക കണങ്ങളുടെ mass വര്‍ധനവ് തിരിച്ചറിയാന്‍ കഴിയില്ല. എന്നാല്‍, ഈ കാരണംകൊണ്ടു മാത്രം ക്രിസ്റ്റോഫിന്റെ വാദത്തെ തള്ളിക്കളയാന്‍ കഴിയില്ലെന്നു തന്നെയാണ് ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായം. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്ലാങ്ക് ദൗത്യവും, സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടത്തിയ ഹിഗ്‌സ് ബോസോണ്‍ പരീക്ഷണവും സംയുക്തമായി അപഗ്രഥിച്ചാല്‍ അത് പലപ്പോഴും മഹാവിസ്‌ഫോടനത്തിന്റെ സാധ്യത ചോദ്യംചെയ്യുന്നുണ്ട്. ഇതും ക്രിസ്‌റ്റോഫിന്റെ വാദത്തിന് ബലം നല്‍കുകയാണ്.

By

Dr Sabujose

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.