Monday, December 23, 2024

ബലാത്സംഗത്തിന് ലൈസൻസോ ?

നിരവധി ലൈസൻസുകളെ പറ്റി നമുക്ക് അറിയാം അല്ലേ. ഉദാഹരണത്തിന് നമ്മുടെ ഡ്രൈവിങ്ങ് ലൈസൻസ് തന്നെയെടുക്കാം.
ഡ്രൈവിങ്ങ് ലൈസൻസുണ്ടെങ്കിൽ, യാതൊരു പ്രശ്നവുമില്ലാതെ നമുക്ക് വാഹനമോടിക്കാൻ കഴിയും. അതില്ലെങ്കിൽ, വാഹനമോടിക്കലൊരു നിയമ വിരുദ്ധമായ പ്രവർത്തിയായി മാറും. അതായത് ലൈസൻസ് ഇല്ലെങ്കിൽ മാത്രമേ അത് നിയമ വിരുദ്ധമാവുകയും, നിയമ നടപടികൾ സ്വീകരിക്കേണ്ടിയും വരുകയുള്ളൂ. ലൈസൻസ് ഉണ്ടെങ്കിൽ, യാതൊരു നിയമ നടപടികളും നേരിടാതെ, നിങ്ങൾക്ക് വാഹനമോടിക്കാമെന്ന് സാരം!
ലൈസൻസ് ഉണ്ടെങ്കിൽ നമുക്ക് ബലാത്സംഗം നടത്താൻ കഴിയുമോയെന്ന് ചോദിച്ചാൽ, കഴിയുമെന്നതാണതിനുള്ള ഉത്തരം!
ഏതാണാ ലൈസൻസ്?
വിവാഹം!
ഇന്ത്യൻ നിയമപ്രകാരം സ്ത്രീകളുൾപ്പെടെ, ആർക്കും ആരെയും ബലാത്സംഗം ചെയ്യാനുള്ള അവകാശമോ, അധികാരമോയില്ല.
ഒരൊറ്റ കൂട്ടരൊഴിച്ച്!
വിവാഹം കഴിഞ്ഞ സ്ത്രീകൾ!
അതെ! ഇന്ത്യയിലിന്നും മാരിറ്റൽ റേപ്പ് (Marital Rape) ഒരു കുറ്റകൃത്യമല്ല. വിവാഹം കഴിഞ്ഞതിന് ശേഷം, ഭർത്താവിൽ നിന്നും ഭാര്യക്ക് നേരിടേണ്ടി വരുന്ന ബലാത്സംഗമാണ് മാരിറ്റൽ റേപ്പ്.
മാരിറ്റൽ റേപ്പ് എന്ന പേരിൽ ഇവിടെ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്നില്ലെങ്കിലും, ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം (The Protection of Women from Domestic Violence Act, 2005) രേഖപ്പെടുത്തുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചു കഴിഞ്ഞാൽ, വിവാഹത്തിന് ശേഷം സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗീക പീഡനങ്ങളുടെ ഏകദേശ കണക്ക് നമുക്ക് ലഭിക്കും.
നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ “CRIME IN INDIA – 2019” റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 70% സ്ത്രീകളും ഗാർഹിക പീഡനങ്ങൾക്കിരകളാണ്. ഇതിൽ തന്നെ, ഭർത്താവിൽ നിന്നുമുള്ള ലൈംഗീക അതിക്രമങ്ങളാണ് 30 ശതമാനത്തിലധികവും. അതായത്, ഇന്നുമിവിടെ വലിയ തോതിൽ മാരിറ്റൽ റേപ്പുകൾ നടക്കുന്നുണ്ടെന്ന് സാരം!
ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും മാരിറ്റൽ റേപ്പൊരു ക്രിമിനൽ കുറ്റകൃത്യമാണ്. അവിടങ്ങളിലെല്ലാം തന്നെ ഏതാണ്ട് റേപ്പ് പോലെ തന്നെയാണ് മരിറ്റൽ റേപ്പിനേയും പരിഗണിക്കുന്നത്.
എന്നാൽ, ഇന്ത്യയിലേക്ക് വന്നാൽ ചിത്രം വ്യത്യസ്തമാണ്. കണക്കുകൾ പ്രകാരം, മാരിറ്റൽ റേപ്പ് കുറ്റകൃത്യമായി പ്രഖ്യാപിക്കാതെ അവശേഷിക്കുന്ന 36 രാജ്യങ്ങളിലൊരു രാജ്യമാണ് ഇന്ത്യ.
IPC സെക്ഷൻ 375 (Section 375 of the Indian Penal Code) ആണ് ബലാത്സംഗത്തെ നിർവചിക്കുന്നത്. സെക്ഷൻ 375 പ്രകാരം ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാൾക്കെതിരെ നടത്തുന്ന ലൈംഗീക സമ്പർക്കമുൾപ്പെടെ, മറ്റേത് ലൈംഗീക അതിക്രമങ്ങളും ബലാത്സംഗമാണ്. എന്നാൽ ഇതിനൊരു അപവാദം (Exception) കൂടി സെക്ഷൻ പറഞ്ഞു വെക്കുന്നുണ്ട്.
18 വയസ്സിന് മുകളിലാണ് ഭാര്യയുടെ പ്രായമെങ്കിൽ, മാരിറ്റൽ റേപ്പ് ഒരു കുറ്റകൃത്യമല്ല.
(Marital rape is an exception to giving consent as it is not a crime under the Indian Penal Code, as long as the woman is above 18 years of age.
Exceptions to Section 375
Sexual intercourse by a man with his own wife who is above the age of 18, is not sexual assault.)
അതായത്, ഭർത്താവിന് തന്റെ ഭാര്യയെ റേപ്പ് ചെയ്യാം!
അതിനുള്ള ലൈസൻസ്, റേപ്പിനെ സംബന്ധിച്ച് ഇനിയും വ്യക്തത വരുത്താത്ത, ഇന്ത്യൻ നിയമം അനുവദിച്ചു കൊടുക്കുന്നുണ്ട്. വിവാഹം കഴിയാത്ത സ്ത്രീകൾക്ക്, തങ്ങളുടെ ശരീരത്തിൻ മേലുള്ള അവകാശം പോലും, വിവാഹം കഴിഞ്ഞൊരു സ്ത്രീക്ക് തന്റെ ശരീരത്തിൻ മേലില്ലെന്ന് വേണം ഇതിൽ നിന്നും മനസ്സിലാക്കാൻ!
2017 വരെ ഇത് 15 വയസ്സായിരുന്നുവെന്നത് കൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. പിന്നീട് ഒരു പൊതുതാല്പര്യ ഹർജിയിലൂടെയാണ് ഈ വയസ്സ് 15 ൽ നിന്നും 18 ആവുന്നത്. (Independent Thought v. Union of India)
സ്ത്രീകളുൾപ്പടെ ഇന്ത്യൻ പൗരന്മാർക്ക്, ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലീക അവകാശങ്ങളുടെ കൃത്യമായ ലംഘനമാണത്. വിവാഹം ചെയ്തുവെന്നൊരൊറ്റ കാരണത്താൽ, ഭരണഘടന ഉറപ്പു നൽകുന്ന മൗലീക അവകാശങ്ങൾ ഒരു വിഭാഗത്തിന് മാത്രമായി നിഷേധിക്കപ്പെടുന്നുവെന്നത് വേദനാജനകമായൊരു യാഥാർഥ്യമാണ്. അതും നിയമത്തിന്റെ പിന്തുണയോട് കൂടി!
Elimination of Discrimination Against Women (CEDAW) എന്ന UN സംഘടന 2013 ൽ ഇന്ത്യാ ഗവണ്മെന്റിനോട്, മാരിറ്റൽ റേപ്പ് ഒരു കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2012 ൽ ഡൽഹിയിൽ വെച്ച് അതിക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കപ്പെട്ട് നിർഭയയെന്ന പെൺകുട്ടി കൊല്ലപ്പെടുകയുണ്ടായ സംഭവത്തിന് ശേഷം, ബലാത്സംഗവുമായി ബന്ധപ്പെട്ട നിയമങ്ങളിലെ പരിഷ്കരണങ്ങളെ പറ്റി പഠിക്കാൻ നിലവിൽ വന്ന ജെ എസ് വർമ്മ കമ്മിറ്റിയും (J S Verma Committee) ഇതേ കാര്യം മുന്നോട്ടു വെച്ചിരുന്നു.
ഇന്നും നിരവധി മനുഷ്യാവകാശ സംഘടനകൾ ഇതേ ആവശ്യമുന്നയിച്ച് കൊണ്ട് കോടതിയുടെ മുന്നിലെത്തുന്നുണ്ട്. നിയമ നിർമ്മാണം കോടതിയുടെ പണിയല്ലെന്ന് പറഞ്ഞ് കൊണ്ട്, അത്തരം കേസുകളെല്ലാം പരിഗണിക്കാതെ വിടുകയാണ് പതിവ്.
നിയമ നിർമ്മാണം നടത്താനധികാരമുള്ള പാർലിമെന്റിന്റെ കാര്യമെടുക്കുകയാണെങ്കിൽ, അവരിത്തരം നിയമ നിർമ്മാണങ്ങൾക്ക് യാതൊരു വിലയും കല്പ്പിക്കുന്നില്ലെന്നതാണ് വാസ്തവം.
ഗാർഹിക പീഡന നിരോധന നിയമം വഴി ഇത്തരം ബലാത്സംഗങ്ങൾക്കെതിരെ കേസ് കൊടുക്കാമല്ലോ, പിന്നെ എന്തിനാണ് പ്രത്യേകിച്ചൊരു നിയമത്തിന്റെ ആവശ്യം, അല്ലെങ്കിൽ എന്തിനാണ് സെക്ഷൻ 375 ൽ ഭേദഗതി നടത്തണമെന്ന് പറയുന്നത്, എന്നൊക്കെ ചോദിച്ചാൽ, ഗാർഹിക പീഡന നിരോധന നിയമം ഒരു സിവിൽ നിയമം മാത്രമാണെന്ന് ആദ്യം തന്നെ മനസ്സിലാക്കേണ്ടതുണ്ട്. അതായത്, ഈ നിയമം വഴി ഫയൽ ചെയ്യുന്ന ഭർതൃ ബലാത്സംഗങ്ങൾക്ക്, സാധാരണയുള്ള ബലാത്സംഗ കുറ്റങ്ങൾക്ക് കിട്ടുന്ന ശിക്ഷകൾ കിട്ടണമെന്ന് യാതൊരു നിർബന്ധവുമില്ല. പലപ്പോഴും ഒത്തുതീർപ്പുകൾക്ക് വരെയിവിടെ സാധ്യതയുണ്ട്. ബലാത്സംഗ ഇരകളോട് ഇതിനേക്കാൾ വലിയ ക്രൂരത ചെയ്യാനുണ്ടോ?
ബലാത്സംഗങ്ങൾ എല്ലാം ഒന്ന് തന്നെയാണ്. എന്നാൽ ‘ഭർത്താവ്’ ചെയ്തത് കൊണ്ട് മാത്രം, അതങ്ങനെയല്ലെന്നാണ് ഇന്ത്യൻ നിയമങ്ങൾ നമ്മളോട് പറയുന്നത്!
മാരിറ്റൽ റേപ്പൊരു കുറ്റകൃത്യമായി പ്രഖ്യാപിച്ചാൽ, അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന പോലുള്ള ന്യായങ്ങളല്ല, പ്രധാനമായും ഇന്ത്യൻ ഗവണ്മെന്റിനെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്, ഡൽഹി ഹൈ കോർട്ടിൽ നടന്നൊരു കേസിൽ, ഇന്ത്യൻ ഗവണ്മെന്റ് കൊടുത്തിട്ടുള്ള സത്യവാങ്ങ്മൂലത്തിൽ പറയുന്നത്, ഇങ്ങനെയൊരു നിയമം വിവാഹമെന്ന സ്ഥാപനത്തെ (Institution) അസ്ഥിരപ്പെടുത്തുമെന്നാണ്!
അതായത്, ഇത്തരം ബലാത്സംഗങ്ങൾ കൂടി ചേർന്നു കൊണ്ടാണ് ഇവിടെയുള്ള വിവാഹങ്ങളെ സ്ഥിരപ്പെടുത്തുന്നത്. ഇത്തരം ബലാത്സംഗങ്ങളെ കുറ്റകൃത്യമായി പ്രഖ്യാപിച്ചാൽ ഈ വിവാഹങ്ങൾ അസ്ഥിരപ്പെടുമെന്ന്!
ശാരീരികവും, മാനസികവുമായി, സഹിക്കാവുന്നതിലുമപ്പുറമുള്ള, ചുട്ടു പൊള്ളുന്ന വേദനകൾ അനുഭവിച്ചു കൊണ്ട്, ഒരു പെണ്ണുമ്മിവിടെ ഈ വിവാഹമെന്ന അനാചാരങ്ങളെ സ്ഥിരപ്പെടുത്തേണ്ട, നിലനിർത്തേണ്ട യാതൊരു ആവശ്യമില്ലെന്നാണ് അതിനുള്ള മറുപടി.
1860 ൽ നിലവിൽ വന്ന ഇന്ത്യൻ പീനൽ കോഡിൽ, മതനിന്ദ പോലുള്ള മനുഷ്യത്വ വിരുദ്ധമായ നിയമങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. അക്കൂട്ടത്തിൽ വരുന്ന, വ്യക്തതയില്ലാതെ നിലനിൽക്കുന്ന, നിയമങ്ങളാണ് ബലാത്സംഗങ്ങളെ സംബന്ധിച്ചും IPC യിൽ നിലവിലുള്ളത്.
ഇവിടങ്ങളിൽ ഇനിയും തുടങ്ങാത്ത സമഗ്രമായ പഠനങ്ങൾ, പരിഷ്ക്കരണങ്ങൾ ഇന്നും നമ്മളെ ആശങ്കപ്പെടുത്തുന്നവയാണ്!
നമ്മളിത് ചർച്ച ചെയ്യുന്നത് പോലും, ആയിരകണക്കിന് സ്ത്രീകളുടെ പിച്ചിചീന്തപ്പെട്ട ശവശരീരങ്ങളിൽ ചവിട്ടി നിന്ന് കൊണ്ടാണെന്നുള്ള ബോധ്യം ഇത്തരം ആശങ്കകളുടെ തീവ്രത ഒന്നുകൂടെ വർദ്ധിപ്പിക്കുന്നുണ്ട്!

By

C S Sooraj

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.