Monday, December 23, 2024

ശാസ്ത്രം ഒരു ജനതയുടേയും രാഷ്ട്രത്തിന്റേയും കുത്തകയല്ല

ലൂയി പാസ്ചർ.
ശാസ്ത്രലോകത്ത് മഹാന്മാരും മഹതികളുമായ ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയ രാജ്യമാണ് ഇന്ത്യ. ഭാരതീയ പാരമ്പര്യത്തിൽ അഭിമാനിക്കാനുതകുന്ന ശാസ്ത്ര നേട്ടങ്ങൾ അനവധിയാണ്. പക്ഷേ ദു:ഖകരമായ വസ്തുത ഈ നേട്ടങ്ങളുടെ യഥാർത്ഥ സ്വഭാവത്തെപ്പറ്റി പലർക്കും കൃത്യമായ ധാരണ ഇല്ല എന്നതാണ്. കൈവരിച്ച നേട്ടങ്ങളെയെല്ലാം മറന്ന് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ശാസ്ത്രത്തെ വളച്ചൊടിച്ച് അപഹസിക്കുന്ന സമയത്താണ് ഇന്ത്യ ദേശീയ ശാസ്ത്രദിനം ആഘോഷിക്കുന്നത്.
വിദ്യാർഥികളെ പശു ശാസ്ത്ര പരീക്ഷയെഴുതാൻ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്യത്തെ എല്ലാ സർവകലാശാലകളോടും ഈയിടെ നിർദേശിച്ചത് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ആണ്. വിദ്യാഭ്യാസരംഗത്തുപോലും യുക്തിചിന്തയ്ക്കും ശാസ്ത്രബോധത്തിനും വില കൽപ്പിക്കാതെ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഇന്ത്യയിലെ സർവകലാശാലകളെയും വിദ്യാഭ്യാസത്തെയും ലോകത്തിനുമുന്നിൽ നാണം കെടുത്തുന്ന തീരുമായിരുന്നു അത്. സർക്കാർ ഏജൻസിയായ രാഷ്ട്രീയ കാമധേനു ആയോഗ് അതിനുവേണ്ടി മലയാളം ഉൾപ്പടെ വിവിധ ഭാഷകളിൽ പഠന സാമഗ്രികളും തയ്യാറാക്കി. നാടൻ പശുക്കളുടെ (അവയുടെ മാത്രം) സൂര്യനാഡി സുര്യപ്രകാശം ആഗിരണം ചെയ്‌ത് വൈറ്റമിൻ- ഡി നിർമിക്കുന്നു, പശുക്കളുടെ കണ്ണുകൾ ബുദ്ധിയുടെ കേന്ദ്രങ്ങളാണ്, അവയുടെ അകിടിൽ നിന്നു ചുരത്തുന്നത് അമൃതാണ്, അവയുടെ വാൽ ഉയർന്ന അദ്ധ്യാത്മിക മണ്ഡലങ്ങളിലേക്കു പോകുവാനുള്ള ചവിട്ടു പടിയാണ്, നാടൻ പശുക്കളുടെ പാൽ മനുഷ്യരെ അണു പ്രസരത്തിൽനിന്ന് സംരക്ഷിക്കുന്നു, നാടൻ പശുക്കളുടെ (അവയുടെ മാത്രം) ഇളം മഞ്ഞ പാലിൽ സ്വർണം കാണപ്പെടുന്നു, ഗോമാതാവിൽ നിന്നു ലഭിക്കുന്ന പാലും തൈരും മൂത്രവും ചാണകവും നെയ്യും തുല്യ അളവിൽ ചേർത്തു തയ്യാറാക്കുന്ന പഞ്ചഗവ്യം ഒരു സിദ്ധ ഔഷധമാണ്, ഭൂമികുലുക്കങ്ങളും ഗോവധ സമയത്തുണ്ടാകുന്ന നെഗറ്റീവ് ഊർജ തരംഗങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് തുടങ്ങി യാതൊരു തെളിവോ യുക്തിയോ ശാസ്ത്രീയ പിൻബലമോ ഇല്ലാത്ത നിരവധി അസംബന്ധങ്ങളുടേയും മണ്ടത്തരങ്ങളുടേയും നീണ്ടനിര തന്നെ ഈ പുസ്‌തകങ്ങളിലുണ്ട്. ഒരു സർക്കാർ ഏജൻസി ഇത്തരത്തിലുള്ള പുസ്‌തകം ഇറക്കി എന്നു മാത്രമല്ല അത്തരമൊരു പുസ്‌തകത്തെ അടിസ്ഥാനമാക്കി പരീക്ഷയെഴുതാൻ കുട്ടികളെ പ്രേരിപ്പിച്ചത് ഞെട്ടിപ്പിക്കുന്നതാണ്.
റൈറ്റ്‌ സഹോദരന്മാരല്ല വിമാനം കണ്ടുപിടിച്ചത് അത് വേദകാലത്ത് ഉണ്ടായിരുന്നെന്നും പ്ലാസ്റ്റിക് സർജറിയുടെ തെളിവാണ് ഗണപതി, അർജുനന്റെ അസ്ത്രം ആണവായുധമായിരുന്നു, പശുവിൻമൂത്രം കുടിച്ചാൽ ക്യാൻസർ ഉണ്ടാകില്ല, ചാണകം ശരീരത്തിൽ പൊതിഞ്ഞാൽ കൊറോണ വരില്ല എന്നൊക്കെ അവതരിപ്പിക്കുന്നത് കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും മാത്രമല്ല, കലാലയങ്ങളിലും പ്രൊഫസർമാരായിട്ടുള്ളവരും ഉൾപ്പെടുന്നു എന്നത് ഖേദകരമാണ്.
ഇത്തരം ഗവേഷണം നടത്താൻ കോടിക്കണക്കിന് രൂപയാണ് കേന്ദ്രസർക്കാർ നീക്കിവച്ചത്. ഗവേഷണ സ്ഥാപനങ്ങൾക്കും ശാസ്ത്ര സർവകലാശാലകൾക്കും അനുവദിച്ചിട്ടുള്ള ഫണ്ട് വൻതോതിൽ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. ഇന്ത്യൻ ശാസ്ത്രകോൺഗ്രസിൽ പോലും ഇത്തരത്തിൽ വിഡ്ഢിത്തം നിറഞ്ഞ സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നത് കണ്ടിട്ടാണ് ഒരിക്കൽ നൊബേൽ സമ്മാന ജേതാവായ ഡോക്ടർ വെങ്കിട്ടരാമൻ രാമകൃഷ്ണൻ ശാസ്ത്രകോൺഗ്രസിൽ നിന്നും ഇറങ്ങിപ്പോയത്.
രാജ്യത്ത് ശാസ്ത്രവിരുദ്ധത ഔദ്യോഗിക ഭാഷ്യമായി മാറുന്നതോടൊപ്പം, ജനാധിപത്യത്തിന്റെ കാതലായ, വിമർശിക്കാനുള്ള സ്വാതന്ത്ര്യത്തെ അസഹിഷ്ണുതയോടെ നേരിടുന്ന ഭരണകൂട സമീപനവും ശാസ്ത്രവളർച്ചയ്‌ക്ക് തടസ്സമാകുന്ന അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഭാവനകളുടെ വെറും നൈമിഷികമായ കുതിച്ചുചാട്ടമല്ല കണ്ടുപിടുത്തങ്ങൾ. അവയ്ക്ക് ഒരു നീണ്ട ഗർഭകാലമുണ്ട്. ശാസ്ത്രവും അതിന്റെ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളുമെല്ലാം ഭാവനകളുടെയും കണ്ടുപിടുത്തങ്ങളുടെയും സർഗ്ഗാത്മക നിക്ഷേപങ്ങളിലാണ് ഉരുത്തിരിയുന്നത് എന്നത് സത്യമാണ്. എന്നാലവ ഭാവനയെ മാത്രം ആശ്രയിക്കുന്നവയല്ല. അങ്ങിനെയായാൽ അവ സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കും. ഒരിക്കലും യാഥാർത്ഥ്യമായി മാറുകയില്ല.
വാൽക്കഷണം: 19 ഉപഗ്രഹങ്ങളും വഹിച്ചു കൊണ്ടുള്ള ഐഎസ്ആർഒയുടെ വിക്ഷേപണ ദൗത്യം വിജയകരം. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പും ബഹാരാകാശത്തേക്ക് അയച്ചിട്ടുണ്ട്.

C R Suresh

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.