Monday, December 23, 2024

എങ്ങനെ സ്ത്രീധനമില്ലാതാക്കാം ?

ഏതാണ്ട് അറുപത് വർഷങ്ങൾ മുന്നേ തന്നെ നമ്മുടെ രാജ്യത്ത്‌ പൂർണ്ണമായും നിരോധിക്കപ്പെട്ട സ്ത്രീധന സമ്പ്രദായം ഇന്നും സുലഭമായിയിവിടെ അരങ്ങ് വാഴുന്നുണ്ടെങ്കിൽ, അതേ പറ്റിയും, നിയമപരമായി തന്നെ നിരോധിക്കപ്പെട്ട ഈ മാലിന്യത്തെ എങ്ങനെയിവിടെ നിന്നും അപ്രത്യക്ഷമാക്കാമെന്നതിനെ പറ്റിയും, ചർച്ച ചെയ്യേണ്ട ബാധ്യത നമ്മുക്കോരുരുത്തർക്കും, ഈ സമൂഹത്തിനൊന്നാകയുമുണ്ട്.
എങ്ങോ ഒരു പെൺകുട്ടി സ്ത്രീധനം മൂലം മരണപ്പെട്ടുവെന്ന് കേട്ട്, സ്ത്രീധനത്തിനെതിരെ കവിതകളെഴുതി ചങ്ക് പൊട്ടി പാടി നടന്നിരുന്നവരുടെ അതിപ്രസരം ഒന്ന് ഒതുങ്ങിയ ഈ നിമിഷം തന്നെയാണതിന് ഉചിതമെന്ന് തോന്നുന്നു.
Advertise
Advertise
 
സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്തവരുൾപ്പടെ സ്ത്രീധനത്തിനെതിരായി ശബ്‌ദിക്കുന്ന കാഴ്ച്ചയാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ നമ്മളിവിടെ കണ്ടത്. അങ്ങനെയല്ല, സ്ത്രീധനം സ്ത്രീകളുടെ അവകാശമാണെന്ന് വാദിക്കുന്ന പുരോഗമന സിംഹങ്ങളേയും ഇതിനിടയിൽ കാണാനിടയായി!
 
ആദ്യം നമുക്ക് എന്താണീ സ്ത്രീധനമെന്ന് നോക്കാം..
 
പാരമ്പര്യ സ്വത്ത് വീതം വെച്ച് മക്കൾക്ക് നൽകുന്നതോ, പുതിയ കമ്പനി തുടങ്ങാനായോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായോ മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന പണമോ വിലപ്പെട്ട മറ്റെന്തെങ്കിലുമോ അല്ലയീ സ്ത്രീധനമെന്ന കാര്യമാണ് ഇവിടെയാദ്യം നമ്മൾ മനസ്സിലാക്കേണ്ടത്.
Advertise
Advertise
 
ഇന്ത്യൻ നിയമ പ്രകാരം, വിവാഹവുമായി ബന്ധപ്പെട്ട് വിവാഹസമയത്തോ അതിനു മുമ്പോ അതിനു ശേഷമോ വിവാഹിതരാവുന്ന കക്ഷികളിൽ ഒരാൾ മറ്റൊരാൾക്കു കൊടുക്കുന്നതോ, വിവാഹിതരാവുന്നവരുടെ മാതാപിതാക്കളോ മറ്റാരെങ്കിലുമോ വധുവിനോ വരനോ മറ്റാർക്കെങ്കിലുമോ  കൊടുക്കുന്ന (Direct or Indirect) എല്ലാ സ്വത്തുക്കളും വിലയുള്ള പ്രമാണങ്ങളും സ്ത്രീധനമാണ്. വിവാഹവുമായി ബന്ധപ്പെട്ട് ക്രയവിക്രയം നടത്തുന്ന ഈ "ധന"ത്തേയാണ്‌ 1961 ൽ ഇന്ത്യാ രാജ്യം നിരോധിച്ചത്.
 
ഇനി നമുക്ക് സ്ത്രീധനം വാങ്ങുന്നവരുടെ ന്യായങ്ങൾ ഒന്ന് നോക്കാം..
 
  1. സ്ത്രീധനം നാട്ടുനടപ്പാണ്. 
  2. പെങ്ങൾക്ക് സ്ത്രീധനം കൊടുത്തതാണ് അതിനാൽ എനിക്കും സ്ത്രീധനം ലഭിക്കണം.
  3. വിവാഹശേഷം അവളുടെ ഭക്ഷണം, വസ്ത്രം തുടങ്ങി മരണം വരെ അവളെ ഞാൻ പോറ്റണം. അതിനാൽ സ്ത്രീധനം വേണം.
 
സ്ത്രീധനം കൊടുക്കുന്നവരുടെ ന്യായങ്ങൾ നോക്കാം ഇനി..
 
  1. സ്ത്രീധനം നാട്ടുനടപ്പാണ്.
  2. കുടുംബത്തിന്റെ അഭിമാന പ്രശ്നമാണ്.
  3. പുതിയ ജീവിതം തുടങ്ങുകയല്ലേ.. ജീവിക്കാൻ അവൾക്കും പണം വേണ്ടേ?!
 
കുറച്ചൊക്കെ പുരോഗമനപരമായി ചിന്തിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മേൽപറഞ്ഞതിലെ, രണ്ടു കൂട്ടരുടേയും ഒന്നാമത്തേയും രണ്ടാമത്തേയും ന്യായങ്ങൾ വായിച്ചയുടനെ തന്നെ നിങ്ങൾ തള്ളി കളഞ്ഞിരിക്കുമെന്നുറപ്പാണ്. അത്രത്തോളം കഥയില്ലാത്തതാണ് അവ രണ്ടും!
Advertise
Advertise
 
മൂന്നാമത്തേയോ?
 
മൂന്നാമത്തെ ന്യായത്തെ പൂർണ്ണമായും തള്ളി കളയാൻ നിങ്ങൾക്കാവുന്നുണ്ടോ? അവയിലെന്തോ ശരിയുണ്ടെന്നും അതേ സമയം തന്നെ അവയിലെന്തോ തെറ്റുണ്ടെന്നും നിങ്ങൾക്ക് തോന്നുന്നില്ലേ?നിരോധിക്കപ്പെട്ടിട്ടും, സമൂഹത്തിൽ ചെറിയ തോതിലെങ്കിലും മോശമാണെന്ന കാഴ്ച്ചപ്പാടുണ്ടായിട്ടും സ്ത്രീധനമിങ്ങനെ അതിജീവിക്കുന്നതിൽ, നമ്മുടെ ജീവിതത്തിലെ മറ്റു ചില യാഥാർഥ്യങ്ങളുമായി അതിന് ചില ബന്ധങ്ങളുണ്ടെന്ന് വേണം നമുക്കിതിൽ നിന്നും മനസ്സിലാക്കാൻ.
Advertise
Advertise
 
പ്രധാനമായും സാമ്പത്തിക കാര്യങ്ങളിൽ!
 
അവയെന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഈ പരിശോധനയിലൂടെ മൂന്നാമതായി പറഞ്ഞ ന്യായത്തിലെ തെറ്റും ശരിയും നമുക്ക് കണ്ടെത്താനാവുകയും ചെയ്യും. നമ്മുടെ നാട്ടിൽ വിവാഹശേഷം പെണ്ണിന്റെ കൂടി ചിലവ് വഹിക്കുന്നത് ആണുങ്ങളാണ്. മറ്റൊരാളുടെ ചിലവ് ജീവിതം മുഴുവൻ സഹിക്കേണ്ടി വരുകയെന്നത് ക്രൂരമായയൊന്നാണ്. ഇതിനുള്ള പരിഹാരമെന്നോണമാണ് നമ്മുടെ നാട്ടിലെ ആണുങ്ങൾ സ്ത്രീധനത്തെ നോക്കി കാണുന്നത്. ന്യായീകരിക്കുന്നത്!
 
യഥാർത്ഥത്തിൽ സ്ത്രീധനമാണോ ഇതിനുള്ള പരിഹാരം?
 
നിങ്ങളെന്തിനാണ് വിവാഹം കഴിച്ചുവെന്നതിന്റെ പേരിൽ സ്ത്രീകളുടെ ചിലവ് കൂടി ഏറ്റെടുക്കുന്നത്? അങ്ങനെ ചെയ്യാൻ നിങ്ങളോടാരു പറഞ്ഞു? സാമ്പത്തിക സ്വയം പര്യാപ്തത കൈവരിച്ച ഒരു പെൺകുട്ടിയെ നിങ്ങൾക്ക് നിങ്ങളുടെ പാർട്ണറാക്കി തിരഞ്ഞെടുത്താൽ പോരെ? സഹോദരി/ഭാര്യ/മകൾ തുടങ്ങി നിങ്ങളുടെ വീട്ടിലെ സ്ത്രീകളെ കൂടി സാമ്പത്തിക സ്വയം പര്യാപ്തത നേടാൻ അനുവദിക്കുകയും സഹായിക്കുകയും ചെയ്താൽ പോരെ?
 
സ്ത്രീകൾ കൂടി സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുകയെന്നുള്ളതല്ലേ ഈ പ്രശ്നത്തിനുള്ള യഥാർത്ഥ പരിഹാരം?
 
ഒരാളുടെ ചിലവ് അയാൾ മരിക്കും വരെ മറ്റൊരാൾ ഏറ്റെടുത്താൽ അതിന് പണം വേണ്ടേ? എന്ന ചോദ്യമിവിടെ ശരിയായിരുന്നെങ്കിലും അത് പരിഹരിക്കാനായി സ്ത്രീധനമെന്ന മാർഗ്ഗം തിരഞ്ഞെടുത്താണ് ഇവിടുത്തെ തെറ്റ്. ഇനി, പുതിയ ജീവിതം തുടങ്ങുകയല്ലേ.. അവൾക്കും പണം വേണ്ടേ എന്ന ന്യായത്തിലേക്ക് വന്നാൽ,ശരിയാണ്! വിവാഹങ്ങളിലൂടെ പുതിയൊരു ജീവിതമാണ് അവർ തുടങ്ങുന്നത്. അതിന് പരസ്പരമുള്ള സ്നേഹം മാത്രം മതിയാവില്ല, അതിനോടൊപ്പം പണം കൂടി വേണ്ടി വരും. ഇത്രയും വരെ ആ ന്യായത്തിൽ ശരിയാണ്. എന്നാൽ ഈ പ്രശ്നത്തിന്റേയും പരിഹാരമായി സ്ത്രീധനത്തെ തിരഞ്ഞെടുക്കുന്നിടത്താണ് ഇതിലേയും തെറ്റുകൾ ആരംഭിക്കുന്നത്.
 
ആദ്യം തന്നെ മനസ്സിലാക്കേണ്ടത് നമ്മുടെ നാട്ടിലെ വിവാഹങ്ങളിലൂടെ ആരും പുതിയൊരു ജീവിതമാരംഭിക്കുകയല്ല ചെയ്യുന്നത് പകരം, ആണിന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണിന്റെ ജീവിതം കൂടി ലയിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്! ഇവിടെ മകൾക്ക് ജീവിക്കാനായാണ് നിങ്ങൾ പണം നൽകിയതെന്ന് പറഞ്ഞാൽ, നിങ്ങൾ നിങ്ങളുടെ മകന് ജീവിക്കാൻ അവന് കൊട്ടകണക്കിന് പണവും സ്വർണവും നൽകുകയാണോ ചെയ്തത്? അതോ അവനൊരു ജോലി സമ്പാദിക്കാനുള്ള സഹായങ്ങൾ നൽകുകയാണോ ചെയ്ത് ? ഈ പ്രശ്നം പരിഹരിക്കാൻ നിങ്ങളിവിടെ ചെയ്യേണ്ടതും അത്രയേയുള്ളൂ. പെണ്ണിനും കൂടി സ്വന്തമായൊരു തൊഴിൽ സമ്പാദിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കുക!
സ്ത്രീധനം കൊടുക്കുന്നതിനോ, വാങ്ങുന്നതിനോ നിങ്ങൾ പറഞ്ഞ കാരണത്തിന്റെ പരിഹാരമെന്നത് സ്ത്രീകളെ സാമ്പത്തിക സ്വയം പര്യാപ്തത നേടാനനുവദിക്കുകയെന്നുള്ളതാണെന്ന് ഇതിനകം തന്നെ നമ്മൾ കണ്ടു കഴിഞ്ഞു. ഇത്രയും പറഞ്ഞത് ഇവിടെയുള്ളവർക്ക് മനസ്സിലായിയെന്ന് തന്നെയിരിക്കട്ടെ.. ഇനിയാണ് യഥാർത്ഥ പ്രശ്നം വരുന്നത്!
 
സ്ത്രീകൾ സാമ്പത്തിക സ്വയം പര്യാപ്തത കൂടി നേടിയാൽ ഇന്ന് നടത്തുന്ന ഈ കല്യാണങ്ങൾ ഇതേ പടി നടത്താൻ സാധിക്കുമോ ?
 
ഗർഭം ധരിക്കാൻ കഴിയുമെന്ന ഒരൊറ്റ കാര്യം മാനദണ്ഡമാക്കി 18 കഴിയുമ്പോഴേക്കും സ്ത്രീകളെ 'കെട്ടിച്ചയക്കാൻ' കഴിയുമോ? 'പെണ്ണ് കാണൽ' പോലുള്ള ആഭാസ ചടങ്ങുകൾ ഇവിടെ നടത്താൻ കഴിയുമോ ? സ്ത്രീകളുടെ സമ്മതം പോലും നോക്കാതെ അവർക്ക് വേണ്ടി കല്യാണമാലോചിക്കാനോ, അത് നടത്താനോ കഴിയുമോ ? ബന്ധുക്കളായ ബന്ധുക്കളുടേയും നാട്ടുകാരായ നാട്ടുകാരുടേയും ഇഷ്ട്ടം നോക്കി കല്യാണം നടത്താൻ കഴിയുമോ ? അതിനവൾ നിന്ന് തരുമോ ? കല്യാണം കഴിഞ്ഞാൽ തന്നെ, സ്ത്രീകൾ ഭർത്താവിന്റെ വീട്ടിലെ പണിയും നോക്കി അവനാവശ്യമുള്ളപ്പോൾ ഭോഗിക്കാനനുവദിച്ചും ജീവിതം കഴിച്ചു കൂട്ടുമോ ?
 
ഇല്ല! ഒരിക്കലുമില്ല!!
 
അതായത് സ്ത്രീകൾ കൂടി സ്വയം പര്യാപ്തത നേടുന്നതോട് കൂടി നമ്മുടെ നാട്ടിലിന്ന് നടന്നു കൊണ്ടിരിക്കുന്ന മോഡൽ 'കല്യാണം' ഒരു കാരണവശാലും നടത്താൻ കഴിയില്ലെന്ന് സാരം!
 
അതിനു നിങ്ങൾ തയ്യാറാണോ?
 
പറ്റില്ലെന്ന് തന്നെയാവും ഭൂരിപക്ഷത്തിന്റേയും ഉത്തരം. സംസ്കാരവും, അഭിമാനവും, ആഭിജാത്യവുമെല്ലാം നോക്കണമല്ലോ!! ചുരുക്കി പറഞ്ഞാൽ, സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോയുള്ള കാരണങ്ങളിൽ സാമ്പത്തികമായ ചില യഥാർത്ഥ പ്രശ്നങ്ങൾ കൂടി കെട്ട് പിണഞ്ഞു കിടക്കുന്നുണ്ട്. അതിനേ കൂടി പരിഹരിക്കേണ്ട ആവശ്യം നമുക്കുണ്ട്. എന്നാൽ, അതൊരിക്കലും സ്ത്രീധനത്തിലൂടെ പരിഹരിക്കപ്പെടില്ലയെന്നും, അതിനുള്ള ശാശ്വത പരിഹാരം സ്ത്രീകളെ കൂടി സ്വയം പര്യാപ്തത നേടാൻ സഹായിക്കുകയെന്നുള്ളതുമാണ് നമ്മൾ മനസ്സിലാക്കേണ്ടത്.
 
മാത്രമല്ല, ഇന്ന് നിലനിൽക്കുന്ന മോഡൽ വിവാഹമെന്ന് വരെ ഇവിടെ നിലനിൽക്കുന്നുവോ അന്ന് വരെയും നമുക്കീ സ്ത്രീധനമെന്ന ദുരാചാരത്തെ ഇവിടെ നിന്നും തുരത്താനാവുകയുമില്ല! വ്യക്തികൾ എന്നതിലുപരി, സമൂഹത്തിന്റെ ഒന്നടങ്കമുള്ള ആധിപത്യം മുഴച്ചു നിൽക്കുന്ന, നമ്മുടെ വിവാഹ രീതികൾ അതേ പോലെ നിലനിർത്തണമെന്നും അതേ സമയം തന്നെ സ്ത്രീധനം നിർത്തലാക്കാണമെന്നും വാദിക്കുന്നയാളാണ് നിങ്ങളെങ്കിൽ ഒന്നേ പറയാനുള്ളൂ.. നിങ്ങളേക്കാൾ വലിയ കാപട്യം മറ്റൊന്നുണ്ടാവാനിടയില്ല! ആനയുടെ ആകൃതി അതേ പോലെ തന്നെ നിലനിർത്തണമെന്നും, എന്നാലതേ സമയം ആന പറക്കണമെന്നും പറയുന്നതിൽ വലിയ അർത്ഥമില്ല. ഇത്‌ പോലെ തന്നെയാണ്, വിവാഹങ്ങൾ ഇതേ കണക്ക് നടക്കണമെന്നും എന്നാൽ സ്ത്രീധനമില്ലാതെയാവണമെന്നും വാദിക്കുന്നവരുടെ കാര്യവും! പുത്തൻ പുതിയ നിയമങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പകരം, സ്ത്രീകളെ സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിക്കുകയും, നിലവിലുള്ളയീ വിവാഹ വ്യവസ്ഥ തച്ചുടക്കുകയും ചെയ്യുകയെന്നുള്ളതാണ് സ്ത്രീധനം പൂർണ്ണമായും ഇവിടെ നിന്നും തുടച്ചു നീക്കാനുള്ള ഏക വഴി!
 
By
C S Suraj
സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.