Monday, December 23, 2024

ഡൈമൺ ചട്ടമ്പിയും, കീലേരി അച്ചുവും, ദാവൂദും

കേന്ദ്ര സർക്കാർ രാജ്യമാകെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകൾ റെയ്ഡ് ചെയ്യുകയും തുടർന്ന് കിട്ടിയ വിവിധങ്ങളായ തെളിവുകളുടെ സാക്ഷ്യത്താൽ പോപ്പുലർ ഫ്രണ്ട് ഒരു തീവ്രവാദ സംഘടനയാണെന്ന് അന്വേഷണ വഴിയിൽ തെളിഞ്ഞതിൻ പ്രകാരം ഇന്നലെ (28 09 2022) പ്രസ്തുത സംഘടനയുടെ രാജ്യത്തെ പ്രവർത്തനം നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ തുടങ്ങിയവ കണക്കിലെടുത്താണ് എട്ടോളം വരുന്ന അനുബന്ധ സംഘടനകളെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിച്ചത്. ഐ എസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടകളിലേക്ക് ആളെ തിരഞ്ഞെടുത്ത് അയക്കുന്നത് മുതൽ ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കൽ എന്നിങ്ങനെ നിരവധി രാഷ്ട്രവിരുദ്ധ പ്രവർത്തനങ്ങളുടെ കടിഞ്ഞാൺ പിടിച്ചവർ തന്നെയാണ് എത്രയോ മുൻപ് തന്നെ നിരോധിക്കപ്പെടേണ്ട പ്രസ്തുത സംഘടന. യാഥാർഥ്യത്താൽ ഇതിനകം നിരോധിക്കപ്പെട്ട എൻ ഡി എഫ് എന്ന സംഘടയുടെ പുതിയ മുഖമാണ് പോപ്പുലർ ഫ്രണ്ട്. പിഎഫ്ഐ യിലും, എസ്ഡിപിഐ എന്ന പാർട്ടിയിലും മുൻപ് തന്നെ നിരോധിക്കപ്പെട്ട 'സിമി' എന്ന ഭീകര സംഘടനയുടെ മുൻകാല പ്രവർത്തകരുടെ സാന്നിധ്യം ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ഇറങ്ങിപുറപ്പെട്ട ഈ ഭീകരവാദ സംഘടനകളിൽ പ്രകടമാണ്. തൊടുപുഴയിലെ ന്യൂ മാൻ കോളേജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിന്റെ കരങ്ങൾ ഖുർഃആൻ അനുശാസിക്കുന്ന വിധം വിപരീത ദിശയിൽ നിന്നും വെട്ടിയെടുത്ത് വലിച്ചെറിഞ്ഞ കാടത്തം കേരളം ഇനിയും മറന്നിട്ടുണ്ടാവില്ല. കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ച ടി ജെ ജോസഫിന്റെ 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന പുസ്‌തകം മാനവിക ബോധമുള്ള ഒരു മനുഷ്യനും കണ്ണീരിറ്റുവീഴാതെ വായിച്ചു തീർക്കാൻ കഴിയില്ല എന്നത് പോപ്പുലർ ഫ്രണ്ട്, എന്ന 'മുഹമ്മദ് നബി'യുടെ കേരളത്തിലെ പിന്മുറക്കാരുടെ വർഗ്ഗ വെറിയുടെ പ്രബലമായ ഒരുദാഹരണമാണ്.

advertise

ഇന്ത്യയിലെ തീവ്രവാദ സംഘടനകളെ ഹാസ്യാത്മകമായി ഞാൻ മൂന്നായി തരം തിരിക്കുകയാണ്. ഒന്ന്(1) : ദാവൂദ് ഇബ്രാഹിം, ഞാൻ ഇതുവരെ പറഞ്ഞു നിർത്തിയ സംഘടനയുടെ ആഗോള ബന്ധങ്ങളും അത്യാധുനിക ആയുധങ്ങളും, ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിലേക്കായി വിദേശത്തു നിന്നെത്തുന്ന തീവ്രവാദ ചിലവിലേക്കുള്ള സാമ്പത്തികവും ഒക്കെ വരവ് ചേർക്കുമ്പോൾ ദാവൂദ് ഇബ്രാഹിമും ആയി മിനിമം ഞാൻ പോപ്പുലർ ഫ്രണ്ടിനെ താരതമ്യം ചെയ്യണ്ടേ.. ഇനി രണ്ടും(2) മൂന്നു(3)മായി കീലേരി അച്ചു, വെട്ടിച്ചിറ ഡൈമൺ എന്നിങ്ങനെയുള്ള സിനിമാ കഥാപാത്രങ്ങളെ ഉപമിച്ച് തുടരാം.. ഗൂണ്ടകളുടെ പരസ്യബോർഡിൽ ബുദ്ധിയല്ല ശക്തിയാണ് പ്രധാനം എന്നെഴുതി വെച്ചിരിക്കും പോലൊരു ഹാസ്യമാണ് കീലേരി അച്ചു എന്ന ദേശീയ തീവ്രവാദ സംഘടനയായ ആർഎസ്എസ് ന്റെ കാര്യം. മണ്ടന് മസിലുവെച്ച തരത്തിൽ ഒരു തീവ്രവാദി ആണെങ്കിലും, കൃത്യമായും ഒരു രാജ്യം കുട്ടിച്ചോറാക്കാനുള്ള ആശയ സംഹിതകൾ തീവ്രമായി എടുത്തുപയോഗിക്കുന്ന ഇന്ത്യൻ നാസികൾ തന്നെയാണ് ആർഎസ്എസ്. 1948 ൽ ആർഎസ്എസ് എന്ന സംഘടന നിരോധിക്കപ്പെട്ടത് ഗാന്ധിയുടെ വധത്തെ തുടർന്നാണ്. "ആർ.എസ്.എസിന്റെ എല്ലാ നേതാക്കളുടേയും പ്രസംഗങ്ങൾ മുഴുവൻ വർഗീയ വിഷം നിറഞ്ഞതായിരുന്നു. ഇത്തരത്തിൽ വിഷമയമായ ഒരു അന്തരീക്ഷം സൃഷ്ടിച്ച ഭീകരമായ അവസ്ഥയുടെ അന്തിമ ഫലമാണ്‌ ഗാന്ധിവധം. ഗാന്ധിയുടെ മരണശേഷം ആർ.എസ്.എസുകാർ സന്തോഷം പ്രകടിപ്പിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു."

സർദാർ വല്ലഭായി പട്ടേൽ ഗോൾവാക്കറിന് എഴുതിയ കത്തിലെ വരികളാണ് മേൽപ്പറഞ്ഞത്. കേശവ ബലിറാം ഹെഡ്ഗേവാറിനാൽ 1925 ൽ നാഗ്പൂരിൽ സ്ഥാപിതമായ നാൾ മുതൽ ഈ വർത്തമാനത്തിൽ വരെ ആർഎസ്എസ് ന്റെ ഓരോ നെടുവീർപ്പും ഹൈന്ദവ രാഷ്ട്ര നിർമ്മാണത്തിനായുള്ള കഠിനാധ്വാന ഫലമായി ഉണ്ടായത് തന്നെ. ബാബ്‌റി മസ്ജിദ് തകർക്കുകയും രാമക്ഷേത്ര നിർമ്മാണത്തിനായി തങ്ങളുടെ അധീനതയിൽ ഉള്ള സർക്കാരിനെ ചട്ടുകമായി ഉപയോഗിക്കുന്നതും മാത്രമല്ല. അക്കമിട്ട് നിരത്തിയാൽ ഭാരതത്തിൽ നടന്ന ഭൂരിഭാഗം വർഗീയ കലാപങ്ങളുടെയും സൂത്രധാരൻ ആർഎസ്എസ് തീവ്രവാദികൾ തന്നെയാണ്. കഴിഞ്ഞ ദിവസം (28 09 2022) വിദേശകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ നടത്തിയ ഒരു പത്രപ്രസ്താവനയിൽ "പോപ്പുലർ ഫ്രണ്ടിനെ ആർ എസ് എസുമായി താരതമ്യം ചെയ്യുന്നത് കപട മതേതരത്വമാണ്" എന്ന് പറഞ്ഞിരുന്നു. ഇതുതന്നെയാണ് യുക്തിവാദി ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഏടുകളിൽ പ്രസ്തുത വിഷയം ചർച്ചക്ക് വരുമ്പോൾ നിക്ഷ്പക്ഷർ എന്നവകാശപ്പെടുന്നവരിൽ നിന്നുപോലും ഉണ്ടാകുന്ന അഭിപ്രായം. ഇവരോടാണ് എനിക്ക് എന്റെ മനസ്സിലെ ഒരു വലിയ സംശയം ചോദിക്കാനുള്ളത്.. ആ സംശയം ലളിതമായി തന്നെ അവതരിപ്പിക്കാനായിട്ടാണ് ഞാൻ മുകളിൽ മൂന്ന് ഹാസ്യാത്മക നാമം ചേർത്ത് വെച്ച് മുന്നോട്ട് പോയത്. ആ സംശയം ചോദിക്കുന്നതിനു മുന്നേ എന്റെ ഒരു സുഹൃത്തിന്റെ അനുഭവം കൂടി ചേർത്ത് വെക്കട്ടെ. സ്വതന്ത്രചിന്താ വേദികളിലെ സ്ഥിര സാന്നിധ്യവും, പ്രഭാഷകനും ഒക്കെയാണ് ആലപ്പുഴ സ്വദേശി ശ്രീ ജസ്റ്റിൻ വി എസ്. അദ്ദേഹം തന്റെ അച്ഛനും അമ്മയും ഒക്കെയായി സ്വര്യവിഹാരത്തോടെ താമസിച്ചു വന്ന തന്റെ വീട്ടിലേക്ക് കൊലവിളിയും, തെറിവിളിയും ആയി ഒരു കൂട്ടർ കടന്നു വരുന്നു. പുറത്തുവന്ന ഇതിന്റെ വീഡിയോ ദൃശ്യങ്ങളിൽ ആയുധ സജ്ജരല്ലെന്നു തോന്നും. എന്നാലും വെള്ളം വീഞ്ഞാക്കി, അപ്പം അയ്യായിരമായി പകുത്ത, ജലത്തിന് മീതെ നടന്ന, സർവ്വോപരി 'കന്യ'ക പ്രസവിച്ച യേശു എന്ന അമാനുഷികൻ തന്റെ അസ്തിത്വത്തിന് നേർക്ക് ചോദ്യചിഹ്നം ഇട്ട ശ്രീ ജസ്റ്റിനെ കായികമായി കൈകാര്യം ചെയ്യാൻ കുറേ ഡൈമൺ ചട്ടമ്പിമാരെ പറഞ്ഞു വിട്ടപ്പോൾ പോക്കറ്റിൽ ഒരു പേനാ കത്തി എങ്കിലും ഇട്ടു കൊടുത്തില്ല എന്ന് വിശ്വസിക്കാനാകുമോ ? ഞാൻ എന്റെ സുഹൃത് വലയത്തിലുള്ള ശ്രീ ജസ്റ്റിന് സംഭവിച്ചത് ഓർമയിൽ നിന്നും ഉദാഹരിക്കുമ്പോൾ കുഞ്ഞാടുകൾ 'കന്യാ'മറിയത്തിന്റെ കന്യകാത്വം തെളിയിക്കുന്നതിനായി ഡൈമൺ ചട്ടമ്പിമാരെ വിട്ട ഏക സംഭവമായി ലഘൂകരിക്കരുതേ.. ഇനി എന്റെ ചോദ്യം ഇതാണ്. സാമ്പത്തിക ഭദ്രതയും അനുകൂല ചുറ്റുപാടുകളും കുറച്ചുകൂടി ധൈര്യവും ഒരല്പംകൂടി ബുദ്ധിയും ഉണ്ടായിരുന്നേൽ. കീലേരി അച്ചുവും, വെട്ടിച്ചിറ ഡൈമനും ഒക്കെ ദാവൂദ് ഇബ്രാഹിം ആകാമായിരുന്നു. അപ്പോൾ ദാവൂദ് ഇബ്രാഹിമിനെ വെച്ച് നോക്കുമ്പോൾ മറ്റു രണ്ടുപേർക്കും ഗുണകരമായ സാഹചര്യങ്ങൾ വന്നു ഭവിച്ചില്ല എന്നേയുള്ളു. ഗുണകരമായ സാഹചര്യങ്ങൾ ഒത്തുചേർന്ന ഒന്നാമൻ രാജ്യാന്തര കള്ളക്കടത്തും മറ്റും നടത്തുമ്പോൾ രണ്ടാമനും, മൂന്നാമനും പെട്ടിക്കടയിൽ തൂക്കിയിട്ട പഴമിറുത്ത് തിന്നിട്ട് കത്തി കാട്ടി കാശുകൊടുക്കാതെ പോകുന്നു. ആശയം ഒന്നുതന്നെയല്ലേ ? ഗുണകരമായ സാഹചര്യങ്ങളുടെ വ്യതിയാനം മാത്രമല്ലേ ഉള്ളൂ. "ഇതാണ് എന്റെ മതം ഇതാണ് എന്റെ വേദപുസ്തകം, എന്റെ മതത്തിൽ നിന്നുകൊണ്ട്, എന്റെ വേദപുസ്തകത്തിനെ വിധേയപ്പെട്ട് മാത്രം ജീവിച്ചാൽ മതി" ഈ ഡയലോഗ് യന്ത്രത്തോക്ക് ചൂണ്ടി പറഞ്ഞാലും, വടിവാള് കാട്ടി പറഞ്ഞാലും, പേനാകത്തി കാട്ടി പറഞ്ഞാലും.., ആ ഡയലോഗിനല്ലേ പ്രാമുഖ്യം ?

profile

VishnuAnilkumar

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.