Monday, December 23, 2024

രാഷ്ട്രീയവും 'അരാഷ്ട്രീയ' വാദവും

രാഷ്ട്രീയമെന്ന വാക്ക് അതിന്റെ ശരിയായ അർത്ഥത്തിൽ, ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ വിശദീകരിച്ചാൽ, നമ്മളോരോരുത്തരും ചിന്താപരമായി വ്യക്തിയിൽ നിന്നും സമൂഹത്തിലേക്ക് വികാസം പ്രാപിക്കുന്ന പ്രക്രിയയാണ് രാഷ്ട്രീയം. നമ്മൾ കഴിക്കുന്ന ഭക്ഷണം മുതൽ നമ്മളുടുക്കുന്ന വസ്ത്രം, സഞ്ചരിക്കുന്ന വാഹനം, അതിനെ ചലിപ്പിക്കുന്ന ഇന്ധനം അങ്ങനെ സകലതിലും മറ്റുള്ളവരുടെ അധ്വാനമുണ്ട് എന്ന തിരിച്ചറിവിൽ നിന്നും നമ്മുക്ക് വേണ്ടിയെന്ന പോലെ അവർക്കു കൂടി വേണ്ടി ചിന്തിക്കുന്ന ഇടത്താണ് നമ്മൾ രാഷ്ട്രീയമുള്ള മനുഷ്യരാകുന്നത്. നമ്മളോരോരുത്തരും സാമൂഹികമായ കാര്യങ്ങളിൽ അഭിപ്രായമുള്ളവരായിരിക്കെ, സ്വന്തമായ നിലപാടുകൾ രൂപീകരിച്ചവരായിരിക്കെ നമ്മുടെ ആ അഭിപ്രായങ്ങളും നിലാപാടുകളുമാണ് നമ്മുടെ രാഷ്ട്രീയം.

Advertise

Click here for more info


ഓരോ തവണ രാഷ്ട്രീയമെന്ന വാക്ക് വരികളിൽ ആവർത്തിക്കപ്പെടുമ്പോഴും നിങ്ങളിൽ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരോ, അവയുടെ കൊടി തോരണങ്ങളോ, മുദ്രാവാക്യങ്ങളോ ആണ് മനസ്സിൽ വരുന്നത് എങ്കിൽ രാഷ്ട്രീയമെന്ന വാക്ക് എത്രമാത്രം തെറ്റായാണ് സമൂഹത്തിൽ മനസ്സിലാക്കപ്പെട്ടിട്ടുള്ളത് എന്നത് വ്യക്തമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അണിചേരുന്നതും അവയുടെ പ്രത്യയശാസ്ത്രങ്ങളെ നെഞ്ചിലേറ്റുന്നതും അല്ല രാഷ്ട്രീയം. പ്രസ്ഥാനങ്ങൾ നമ്മളിലുള്ള രാഷ്ട്രീയ നിലപാടുകളെ ക്രോഡീകരിച്ചു മുഴുവൻ സമൂഹത്തോടും ഉറക്കെ പറയാനുള്ള കോളാമ്പികൾ മാത്രമാണ്. പ്രസ്ഥാനത്തിന്റെ നേതാക്കൾ ഈ ക്രോഡീകരണം നടത്തേണ്ട ആളുകളും. സമൂഹത്തിൽ ഓരോ വിഭാഗത്തിലും പെടുന്ന സകല മനുഷ്യരെയും ഉൾക്കൊള്ളുന്ന ചിന്താഗതി എല്ലാ വ്യക്തികളിലും രൂപീകരിക്കുക എന്ന വലിയ ലക്ഷ്യത്തോടെ നമ്മൾ നമുക്ക് വേണ്ടി കണ്ടെത്തിയ മാർഗമാണ് ജനാധിപത്യം. എന്നാൽ അത്തരത്തിലൊരു ചിന്താഗതി മനുഷ്യർക്ക് ശ്രമകരമായൊരു ജോലിയാണ്, കാരണം നമ്മൾ ഓരോരുത്തരും നമ്മളിൽ തന്നെയോ അല്ലെങ്കിൽ നമ്മുക്ക് ചുറ്റുമുള്ളൊരു ചെറിയ ലോകത്തിലോ ചുരുണ്ടു കൂടാൻ ആഗ്രഹിക്കുന്ന മസ്തിഷ്‌കം ഉള്ളവരാണ്. വിശ്വ വിശാലതയുള്ളൊരു സമത്വ ബോധത്തെ കൈകാര്യം ചെയ്യാൻ നമ്മളൊരുപാട് ശ്രമിക്കേണ്ടി വരും. അത്തരമൊരു ശ്രമത്തിലേക്കൊന്നും പോകാതെ ഗോത്രീയമായി മനുഷ്യരെ തരം തിരിച്ചു കൊണ്ട് 'അവരും നമ്മളും' എന്ന ചിന്തയിലേക്ക് തന്നെ ഒതുങ്ങി കൊണ്ട് ഏതെങ്കിലും കൊടിയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രസ്ഥാനത്തിന്റെ അകത്തളങ്ങളിൽ മാത്രം നമ്മൾ രാഷ്ട്രീയമെന്ന വലിയ ചിന്തയെ ചുരുക്കി മനസ്സിലാക്കി വച്ചിരിക്കുന്നു. അതുകൊണ്ടാണ് പൊതുജനം എന്ന ജനാധിപത്യത്തിന്റെ നട്ടെല്ലിനെ കുറിച്ച് ചിന്തിക്കാതെ സകലരും ഏതെങ്കിലും പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകരാകണം എന്നും അങ്ങനെ പ്രവർത്തിക്കാത്ത പൊതുജനത്തെ അരാഷ്ട്രീയ വാദികളെന്നൊക്കെ മുദ്ര കുത്തുന്നതും. സ്വന്തമായി സാമൂഹിക കാര്യങ്ങളിൽ നിലപാടുകൾ ഉള്ള ഒരാളെ അരാഷ്ട്രീയവാദി എന്ന് വിളിക്കുന്ന വ്യക്തിക്ക് രാഷ്ട്രീയത്തെ കുറിച്ചോ സമൂഹത്തെ കുറിച്ചോ നിലപാടുകളെ കുറിച്ചോ യാതൊരു അറിവും ഇല്ല എന്ന് മനസ്സിലാക്കാം.

Advertise
Click here for more info


രാഷ്ട്രീയം എന്നത് നമുക്ക് സമൂഹം എങ്ങനെ മുന്നോട്ടു പോകണം എന്നതിനെക്കുറിച്ചും, സമൂഹത്തിലെ ഓരോ മനുഷ്യർക്കും ലഭിക്കേണ്ട നീതികളെ കുറിച്ചും ഒക്കെയുള്ള ധാരണകളും നയങ്ങളും ആശയങ്ങളും നിലപാടുകളും ഒക്കെയാണെങ്കിൽ അവ പോളിസികൾ ആക്കി നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട ആളുകളാണ് രാഷ്ട്രീയ പ്രവർത്തകർ അല്ലെങ്കിൽ ഓരോ തിരഞ്ഞെടുപ്പിലും മത്സരിച്ചു അധികാരമേൽക്കുന്ന ആളുകൾ. അവർ ഒരു രാജ്യത്തിന് ഒരു സമൂഹത്തിന് പ്രധാനപ്പെട്ട ഘടകം തന്നെയാണ്. തനിക്ക് തന്റെ കുടുംബവും താനും മാത്രമേ വേണ്ടതുള്ളൂ, മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാൻ തനിക്ക് താല്പര്യമില്ല, യാതൊരു സാമൂഹിക കാര്യങ്ങളിലും അഭിപ്രായം തനിക്കില്ല അതൊന്നും തന്റെ വിഷമയല്ല, തിരഞ്ഞെടുപ്പും, ഭരണവും, രാഷ്ട്രീയ പ്രവർത്തനവും, ഭരണകർത്താക്കളുടെ നിലപാടുകളും നയങ്ങളും ഒന്നും തന്നെ ആവശ്യമില്ല എന്നൊക്കെ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെ അരാഷ്ട്രീയവാദം എന്ന് വിളിക്കാം.

advertise

ഒരു പ്രസ്ഥാനത്തിന്റെയും കൊടി പിടിക്കാതിരിക്കുകയും എന്നാൽ ശക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടാവുകയും കൃത്യമായി സമകാലികതയെ വിശകലനം ചെയ്ത് ഓരോ തിരഞ്ഞെടുപ്പിലും തങ്ങളുടെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുകയും ചെയ്യുന്ന മനുഷ്യരെ കൂട്ടമായി പൊതുജനമെന്നോ പൗരന്മാർ എന്നോ വിളിക്കാം അവരെ തെറ്റായി അരാഷ്ട്രീയ വാദികൾ എന്ന് വിളിക്കുന്നത് അജ്ഞതയാണ്, അറിവുകേടാണ്.

profile

Vaishakh Venkilodu

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.